‘ഭൂലോക ഫ്രോഡ്; ഇങ്ങനെ പൈസ ഉണ്ടാക്കിയാൽ ഗുണം പിടിക്കില്ല’: കാർത്തിക് സൂര്യ

karthi-suriya
SHARE

തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി വ്ലോഗറും ടെലിവിഷൻ അവതാരകനുമായ കാർത്തിക് സൂര്യ. ഐഫോൺ സമ്മാനമായി നൽകുന്നുണ്ടെന്നും ഡെലിവറി ചാർജ് ആയി പണം അയച്ചു തരാനും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. കാർത്തികിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്ത വ്യക്തിക്കാണ് കാർത്തിക് സൂര്യ ഒഫീഷ്യൽ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നു സന്ദേശം ലഭിച്ചത്. ഇത് സത്യമാണോ എന്നറിയാനായി കാർത്തികിന് മെയിൽ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. 

ഇത്തരം തട്ടിപ്പുകളിൽ അകപ്പെടരുതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ കാർത്തിക് മുന്നറയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻ ഷോട്ടുകളും അക്കൗണ്ട് വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. ‘‘അത് ഞാനല്ല. കാർത്തിക് സൂര്യ വ്ലോഗ് അങ്ങനെ ഒരു ഗിവ്എവേ ചെയ്യുകയാണെങ്കിൽ പബ്ലിക്ക് ആയി അറിയിക്കും. അത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കുക. ഇതേതോ ഭൂലോക ഫ്രോഡ് ആണ്. ഇതിലൊന്നും പോയി അകപ്പെടരുത്. ഇങ്ങനെ പറ്റിച്ചുണ്ടാക്കുന്നത് എത്ര രൂപയാണെങ്കിലും അതൊന്നും ഒരു കാലത്തും നിനക്ക് ഉപകാരപ്പെടില്ലെന്നാണ് ഇത് ചെയ്യുന്നവരോട് പറയാനുള്ളത്.’’– കാർത്തിക് സൂര്യ പറഞ്ഞു. 

21 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബറാണ് കാർത്തിക് സൂര്യ. മഴവിൽ മനോരമയിലെ ഒരുചിരി ഇരുചിരി ബംപർ ചിരിയുടെ അവതാരകനാണ്.

MORE IN SPOTLIGHT
SHOW MORE