
വൈപ്പിനുകാർ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമാണ് കഴിഞ്ഞ ദിവസം നടി അന്ന ബെൻ വീണ്ടും തുറന്നുകാട്ടിയത്. വിഷയത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്ന് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുകയാണ് വൈപ്പിൻ എംഎൽഎ കെ. എൻ ഉണ്ണികൃഷ്ണൻ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
എംഎല്‍എ ആയതിന് ശേഷം ഏറ്റെടുത്ത പ്രധാന പ്രശ്നമാണിത്. നാറ്റ്പാക്ക് റിപ്പോര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാക്കിയതും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയതാണ്. പ്രത്യേക യോഗം ചേര്‍ന്ന് സംസാരിച്ചും നിയമസഭയില്‍ വിഷയം പറഞ്ഞതുമാണ്. നാറ്റ്പാക്ക് റിപ്പോര്‍ട്ട് അംഗീകരിച്ചശേഷം സര്‍ക്കാരിന്‍റെ ഉത്തരവുകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. റൂട്ട് നിശ്ചയിക്കുമ്പോള്‍, പ്രത്യേകിച്ച് ഗ്രാമങ്ങളുടെ റൂട്ട് സംബന്ധിച്ചുള്ള വകുപ്പുകളുണ്ട്. ഈ ഗ്രാമത്തിലാണ് വൈപ്പില്‍പ്പെടുന്നത്. 18 കൊല്ലമായി പാലം വന്നെങ്കിലും ഷെഡ്യൂല്‍ തീരുമാനിക്കുന്ന ഘടനയില്‍ മാറ്റം വരണം. ഇതുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് മന്ത്രി തന്നെ പ്രത്യേക നിര്‍ദേശം കൊടുത്ത് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. മറ്റ് നിയമ തടസങ്ങളൊന്നുമില്ല.
എല്ലാം നടക്കുമെന്ന് ഉറപ്പായപ്പോള്‍ സിനിമാതാരത്തെ മുന്നില്‍ നിര്‍ത്തിയിട്ട് ഇതിന്‍റെ ക്രെഡിറ്റ് എടുക്കാനോ, മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടാകും. നാറ്റപാക്കിന്‍റെ റിപ്പോര്‍ട്ടുകളും എല്ലാകാര്യങ്ങളും മറ്റുള്ളവരെ അറിയിച്ചതും താന്‍ തന്നെയാണ്. ഈ 18 കൊല്ലത്തില്‍ ആദ്യഘട്ടങ്ങളില്‍ ചില ആളുകള്‍ ഇതിന് വേണ്ടി ശബ്ദമുയര്‍ത്തി. ഒരാളും നിയമനടപടിയെ കുറിച്ചോ ഒന്നും ശ്രമിച്ചില്ല. ഇപ്പോള്‍ ഇത് നടക്കുമെന്ന് കണ്ടപ്പോഴുള്ള സമരമാണ്.
അന്ന ബെന്നിന്റെ കത്ത് വായിച്ചിരുന്നു. കണ്ണുംപൂട്ടി മന്ത്രി ഉത്തരവിടുകയോ, തീരുമാനിക്കുകയോ ഇല്ല. ജനങ്ങളുടെ ആവശ്യം ന്യായമാണ്. തടസങ്ങളെല്ലാം മുന്‍കയ്യെടുത്ത് തീര്‍ക്കും. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകും. കുറച്ചാളുകള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍വച്ച് അവരുടെ നേട്ടത്തിന്‍റെ ഭാഗമായി എംഎല്‍എ ഇതൊന്നും ചെയ്തില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. അന്ന ബെന്നിന്‍റെ പ്രസ്താവന ന്യായമാണ്.’ എംഎൽഎ പറഞ്ഞു.