പ്രസവത്തിനിടെ തെരുവുനായയോട് ക്രൂരത; അടിച്ചോടിച്ചു, വയറ്റിൽ ശേഷിച്ച രണ്ടു കുഞ്ഞുങ്ങളും ചത്തു

dog-death
SHARE

 പ്രസവത്തിനിടെ തെരുവുനായയെ മർദിച്ചു. 2 കുഞ്ഞുങ്ങളെ പ്രസവിച്ച നായ വയറ്റിൽ ശേഷിച്ച കുഞ്ഞുങ്ങളുമായി പ്രാണവേദനയോടെ ഓടി രക്ഷപ്പെട്ടു. സന്നദ്ധപ്രവർത്തകർ നായയെയും കുട്ടികളെയും മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും മർദനമേറ്റതിന്റെ ഭീതിയിൽ നായ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോയി. നിലമ്പൂർ ചന്തക്കുന്നിനു സമീപമാണ് സംഭവം. വീട്ടുപരിസരത്ത്  പ്രസവത്തിനിടെ നായയെ ആരോ വടികൊണ്ട് അടിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ് നായ  ഓടിപ്പോയി.

പാതി പുറത്തുവന്ന കുട്ടിയുമായി  നായ അലയുന്നത് പിറ്റേന്ന് സാമൂഹിക പ്രവർത്തകനായ കെ.പി.മുജീബ് റഹ്മാന്റെ ശ്രദ്ധയിൽപെട്ടു. എമർജൻസി റെസ്ക്യു ഫോഴ്സിന്റെ സഹായത്തോടെ നായയെ പിടികൂടി. വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. കുഞ്ഞുങ്ങളെ കണ്ടെത്തി അമ്മയ്ക്കരികിലാക്കി കൂട്ടിലടച്ചു.

ഡോക്ടർ അതിനിടെ ലഘു ശസ്ത്രക്രിയ നടത്തി നായയുടെ വയറ്റിൽനിന്ന് ചത്ത 2 കുട്ടികളെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം വൃത്തിയാക്കാൻ കൂടു തുറന്നപ്പോൾ നായ ഓടിപ്പോയി. ആശുപത്രി ജീവനക്കാരും മുജീബും പാലും ബിസ്കറ്റും നൽകി കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ്. കുഞ്ഞുങ്ങളെ തേടി അമ്മ വരുമെന്ന പ്രതീക്ഷയിൽ കൂടിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണ്.

MORE IN SPOTLIGHT
SHOW MORE