സന്ദർശകർക്ക് മുന്നിൽ മുതലയുടെ പുറത്ത് കയറി അഭ്യാസം; ജീവനക്കാരനെ ആക്രമിച്ച് കൂറ്റൻ മുതല

crocodile-attack
SHARE

എത്ര ഇണക്കമുള്ളതാണെങ്കിലും വന്യജീവികളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നിമിഷത്തെ പ്രകോപനം പോലും ചിലപ്പോൾ ജീവന് ആപത്തായെന്നു വരാം. ഇത് തെളിയിക്കുന്ന ഒരു വിഡിയോയാണ് ദക്ഷിണാഫ്രിക്കയിലെ ഒരു വന്യജീവി സങ്കേതത്തിൽ നിന്നും പുറത്തുവരുന്നത്. മൃഗശാലയിലെ ജീവനക്കാരനെ 16 അടി നീളമുള്ള കൂറ്റൻ മുതല ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ക്രോക്കഡൈൽ ക്രീക്ക് എന്ന് പേരുള്ള മുതലഫാമിലായിരുന്നു സംഭവം.

സിയാൻ ലെ ക്ലൂസ് എന്ന ജീവനക്കാരനാണ് ആക്രമണത്തിനിരയായത്.  രണ്ട് മുതലകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് സന്ദർശകർക്കായി പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയായിരുന്നു സിയാൻ. മുതലകളുടെ സമീപത്ത് നടന്നെത്തിയ സിയാൻ ധൈര്യസമേതം ഹാനിബെൽ എന്ന് പേരുള്ള മുതലയുടെ പുറത്തു കയറിയിരുന്നു. ഇത്തരത്തിൽ തനിക്ക് പുറത്തു കയറിയിരുന്നുകൊണ്ട് സംസാരിക്കാനാവുന്ന ദക്ഷിണാഫ്രിക്കയിലെ ഏക മുതല ഇതാണ് എന്നു സന്ദർശകരോട് പറഞ്ഞുകൊണ്ടായിരുന്നു സിയാന്റെ പ്രകടനം.  മുതലപ്പുറത്ത് ഇരുന്നുകൊണ്ട് സന്ദർശകരുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന്  രണ്ടാമത്തെ മുതല സിയാന്റെ കാലിൽ കടിക്കാനായി മുന്നോട്ടാഞ്ഞു. 

ഞൊടിയിടകൊണ്ട് സിയാൻ ഹാനിബലിന്റെ പുറത്തുനിന്ന് താഴെയിറങ്ങി. എന്നാൽ അപ്രതീക്ഷിതമായി ഹാനിബൽ സിയാന്റെ തുടയിൽ കടിക്കുകയായിരുന്നു. മുതലയുടെ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ ഇദ്ദേഹം താഴെ വീഴുകയും ചെയ്തു. എന്നാൽ പെട്ടെന്നുതന്നെ അവിടെ നിന്നും ഓടി നീങ്ങിയതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവം കണ്ടുനിന്ന സന്ദർശകരും പരിഭ്രാന്തിയിലായി.30 വർഷമായി ഹാനിബെലിനെ പരിചരിക്കുന്നത് സിയാനാണ്. 16 അടി നീളമുള്ള ഹാനിബെലിന് 660 കിലോഗ്രാമിന് മുകളിൽ ഭാരവുമുണ്ട്. സംഭവത്തിൽ സിയാന് ഗുരുതര പരിക്കുകൾ ഏറ്റിട്ടില്ലെന്ന് മൃഗശാലാ അധികൃതർ അറിയിച്ചു. ഹാനിബെലിന്റെ രണ്ട് പല്ലുകൾ ആഴ്ന്നിറങ്ങിയ  പാടുകളാണ് അദ്ദേഹത്തിന്റെ കാലുകളിൽ ഉള്ളത്. എന്നാൽ ഇത് ആദ്യമായല്ല സിയാന് മുതലകളുടെ ആക്രമണമേൽക്കുന്നത്. മുൻപ് മറ്റൊരു മുതല കാലിൽ കടിച്ചതിനെ തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം നടക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.  ഒടുവിലത്തെ സംഭവത്തിൽ കാര്യമായ മുറിവേൽക്കാത്തതിനാൽ അധികം വൈകാതെ തന്നെ സിയാൻ ജോലി പുനരാരംഭിക്കുകയും ചെയ്തു.

ആദ്യമായാണ് ഹാനിബൽ തന്നെ പരിചരിക്കുന്ന ആളെ ആക്രമിക്കുന്നതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന മുതല ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടതിനാലാണ് ഹാനിബൽ പ്രകോപിതനായത്. ശക്തമായ ആക്രമണമേറ്റിരുന്നെങ്കിൽ സിയാന്റെ ജീവനുതന്നെ ആപത്തായിരുന്നു എന്ന്  സന്ദർശകരും പറയുന്നു. വേൾഡ് ഹാർട്ട് വൈൽഡ് ലൈഫ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുതല ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE