ബാഡ്മിന്റൺ കോർട്ടിൽ ഒന്നിച്ച് സുപ്രീംകോടതി ജഡ്ജിയും കേന്ദ്രമന്ത്രിയും; ആവേശപ്പോരാട്ടം

scminister-19
SHARE

ബാഡ്മിന്‍റൺ കോർട്ടിൽ കൈകോര്‍ത്ത് സുപ്രീംകോടതി ജസ്റ്റിസ് വിക്രം നാഥും കേന്ദ്ര നിയമമന്ത്രി കിരൺ റിജജുവും. ഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ ഇന്‍റര്‍ മിനിസ്ട്രി, ബാർ ആൻ്റ് ബെഞ്ച് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി നടന്ന പ്രദർശന മത്സരത്തിലാണ് സുപ്രീംകോടതി ജഡ്ജിയും മന്ത്രിയും ഒരുമിച്ച് കളത്തിലിറങ്ങിയത്. ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിൽ ജഡ്ജി-മന്ത്രി സഖ്യം ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോറ്റു. 

ജഡ്ജിയുടെ ഗൗൺ അഴിച്ച് വെച്ച് ജസ്റ്റിസ് വിക്രംനാഥ്. ഒപ്പം നിയമ മന്ത്രി കിരൺ റിജ്ജുവും. സ്മാഷുകളുമായും പ്ലേസ്മെൻ്റുകളുമായും ഇരുവരും കളം നിറഞ്ഞപ്പോൾ പ്രദർശന മത്സരത്തിന് യഥാർത്ഥ മത്സരത്തിന്റെ വീറും വാശിയും. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് നയിച്ച അഭിഭാഷക ടീമിനെ ആദ്യ സെറ്റിൽ വെള്ളം കുടിപ്പിച്ചു ജസ്റ്റിസ് വിക്രംനാഥും കിരൺ റിജജുവും. ആർപ്പ് വിളിച്ചും പോയിന്റ് നഷ്ടത്തിൽ നിരാശപ്പെട്ടും തനി കളിക്കരായി ഇരുവരും. ആവേശം മൂത്തതോടെ ഒരു സെറ്റിൽ തീർക്കാൻ തീരുമാനിച്ച കളി മൂന്ന് സെറ്റിലേക്ക് നീണ്ടു. ഒടുവിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ബാർ അസോസിയേഷൻ ടീമിന് ജയം. 

കേന്ദ്ര സർക്കാരിന്റെ ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് നിയമ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ഇന്‍റര്‍ മിനിസ്ട്രി ബാർ ആന്റ് ബെഞ്ച് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ചാംപ്യൻഷിപ്പിലെ വിജയികൾക്കുള്ള ട്രോഫി വിതരണവും കേന്ദ്ര മന്ത്രിയും ജസ്റ്റിസ് വിക്രംനാഥും നിർവ്വഹിച്ചു.

MORE IN SPOTLIGHT
SHOW MORE