ഉറക്കമുണർന്നപ്പോൾ മുറിയിൽ വലിയ കുരങ്ങൻ: ഭയന്നുവിറച്ച 45കാരന് ദാരുണാന്ത്യം

monkey-death
പ്രതീകാത്മക ചിത്രം. Image Credit: Lalam photography/Shutterstock
SHARE

തെലങ്കാനയിൽ ഓർക്കാപ്പുറത്ത് കൺമുന്നിൽ വലിയ ഒരു കുരങ്ങനെ കണ്ട നാൽപത്തിയഞ്ചുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹനുമാൻ നഗറിൽ താമസിക്കുന്ന രുദ്രോജു രാജു എന്ന വ്യക്തിയാണ് മരിച്ചത്. വീടിനു വെളിയിൽ സ്ഥാപിച്ചിരിക്കുന്ന ടാപ്പിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനായി രാജുവിന്റെ ഭാര്യ പുലർച്ചെ പുറത്തേക്കിറങ്ങിയിരുന്നു. എന്നാൽ തിരികെ വീട്ടിലേക്ക് കയറുന്നതിനിടെ വാതിൽ അടയ്ക്കാൻ മറന്നുപോയി. ഈ വാതിലിലൂടെ കുരങ്ങൻ വീടിനുള്ളിൽ കയറുകയായിരുന്നു. രാജുവും രണ്ടു ആൺമക്കളും ഉറങ്ങിക്കിടന്ന മുറിക്കുള്ളിലേക്കാണ് കുരങ്ങൻ കയറിയത്. എന്നാൽ കുരങ്ങൻ മുറിക്കുള്ളിലുള്ള വിവരം രാജുവും മക്കളും അറിഞ്ഞതുമില്ല.

അൽപസമയത്തിനുശേഷം മുറിക്കുള്ളിലേക്ക് മടങ്ങിയെത്തിയ രാജുവിന്റെ ഭാര്യയാണ് ആദ്യം കുരങ്ങനെ കണ്ടത്.  ഭയന്നുപോയ ഇവർ അലറി വിളിക്കുകയും ചെയ്തു. ഭാര്യ ഭയന്ന് കരയുന്ന ശബ്ദം കേട്ടാണ് രാജു ഉറക്കമുണർന്നത്. പാതി മയക്കത്തിൽ കണ്ണു തുറന്നപ്പോൾ കൺമുന്നിൽ കണ്ടതാവട്ടെ വലിയ കുരങ്ങനെയും. അപ്രതീക്ഷിതമായ കാഴ്ച കണ്ട രാജുവിന് പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.

വീണ ഉടൻ തന്നെ അദ്ദേഹത്തിന് ബോധവും നഷ്ടപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാരാണ് രാജുവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഓർക്കാപ്പുറത്ത് അപ്രതീക്ഷിത കാഴ്ച കണ്ടതാവാം പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.

MORE IN SPOTLIGHT
SHOW MORE