വരുന്നു, വാഹനങ്ങളിൽ ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ്; ടോൾ പ്ലാസ ഇല്ലാതാകും

number-plate
SHARE

ടോൾ പ്ലാസകളിലെ നീണ്ട നിരകൾ പലപ്പോഴും യാത്രക്കാരെ അസ്വസ്ഥരാക്കാറുണ്ട്. ഇതിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനുള്ള പദ്ധതിയിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമായി പഴയ വാഹനങ്ങളിലും പുതിയ ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സ്ഥാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 

അത്യാധുനിക സംവിധാനങ്ങള്‍ ഇതുമായി സംയോജിപ്പിക്കും. പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. ദേശീയ പാതകളില്‍ ടോള്‍ പ്ലാസകളില്‍ ടോള്‍ നല്‍കുന്നതിന് പകരം വാഹനങ്ങള്‍ ഓടുന്ന ദൂരത്തിന് മാത്രം ടോള്‍ ഈടാക്കുന്ന പദ്ധതിയാണ് കേന്ദ്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

‘‘ടോള്‍ പ്ലാസകളിൽ വാഹനങ്ങള്‍ വരി നില്‍ക്കുന്ന സാഹചര്യം ഒഴിവാകുന്നതോടെ ഇന്ധനച്ചെലവും മലിനീകരണവും കുറയുകയും ജനങ്ങള്‍ക്ക് സമയലാഭം ഉണ്ടാവുകയും ചെയ്യും. പുതിയ സംവിധാനം അനുസരിച്ച് വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ടാണ് പണം ഈടാക്കുക. രാജ്യത്തെ 97% വാഹനങ്ങളിലും ഇതിനകം തന്നെ ഫാസ്ടാഗ് ഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കക്ക് തുല്യമാക്കും’’ –നിതിന്‍ ഗഡ്കരി പറഞ്ഞു. 

എന്താണ് എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍

നിര്‍ദ്ദേശിക്കപ്പെട്ട അളവിലും ഫോണ്ടിലും നിറത്തിലുമായിരിക്കും എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റ്. റസ്റ്റ് പ്രൂഫ് അലുമിനിയം ബേസ് പ്ലേറ്റുകളുപയോഗിച്ച് നിര്‍മിക്കുന്ന നമ്പര്‍ പ്ലേറ്റുകളുടെ കോണുകള്‍ അർധ വൃത്താകൃതിയിലായിരിക്കും. വശങ്ങളില്‍ പ്രതിഫലിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് 'India' എന്ന് പ്രിന്റ് ചെയ്തിരിക്കും. വ്യക്തവും വര്‍ഷങ്ങളോളം നിലനില്‍ക്കുന്നതുമായ രീതിയിലായിരിക്കും നമ്പര്‍ പഞ്ച് ചെയ്യുക. 

നാഷനല്‍ ഐഡി, ഹോളോഗ്രാം എന്നിവയും ഇന്ത്യന്‍ മുദ്രയോട് കൂടിയതാണ്. ട്രാക്കിങ്ങിനും ട്രേസിങ്ങിനും സഹായിക്കുന്ന ലേസര്‍ ഐഡിയും മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളില്‍ വ്യത്യസ്തമായി മുദ്രണം ചെയ്തിരിക്കുന്നു. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സ്‌നാപ് ലോക്ക് രീതിയില്‍ ഘടിപ്പിക്കുന്നതിനാല്‍ പെട്ടെന്ന് അഴിച്ചുമാറ്റാനോ ഘടിപ്പിക്കാനോ സാധിക്കില്ല. ഇത് വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കും.  ടൂ വീലര്‍ ഒഴികെ വിന്‍ഡ് ഷീല്‍ഡുള്ള എല്ലാ വണ്ടികളിലും തേര്‍ഡ് ലൈസന്‍സ് പ്ലേറ്റ്  വേണമെന്നതും എച്ച്എസ്ആര്‍പിയുടെ ഭാഗമാണ്. മുന്നിലും പിന്നിലും പഞ്ച് ചെയ്ത നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്നതുപോലെ തന്നെ ഗ്ലാസിലും ഇത്തരത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള നമ്പര്‍ പ്ലേറ്റ് ഒട്ടിച്ചിരിക്കണമെന്നതാണ് ചട്ടം. AIS 159 നിലവാരത്തിലുള്ളവയാണ് ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ്.

MORE IN SPOTLIGHT
SHOW MORE