'രാജ്യത്തിനായി മൂന്ന് യുദ്ധങ്ങളില്‍ പൊരുതി; വെടിയൊച്ചകള്‍ക്ക് നടുവില്‍ 28 വര്‍ഷം’; ഓര്‍മ

soldiern
SHARE

നിസഹകരിച്ചും പ്രതികരിച്ചും ചെറുത്തുനിന്നും പതിനായിരങ്ങള്‍ ജീവന്‍ നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യ മധുരത്തിന് പ്രായം എഴുപത്തിയഞ്ച്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും അനേകം പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോയി.  അപ്പോഴൊക്കെ രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ പണയംവെച്ച് കാവലിരുന്നവരാണ് നമ്മുടെ ധീര ജവാന്മാർ. അഭിമാനത്തോടെ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യ നേരിട്ട സുപ്രധാന യുദ്ധങ്ങളില്‍ പങ്കാളിയായ സുബേദാർ മേജർ എ.പി.ജോസഫ് ആനന്ദശേരി തന്റെ പോരാട്ട അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.‍.

1952 മെയ് 17 നാണ് എ.പി.ജോസഫ് സൈന്യത്തില്‍ ചേരുന്നത്.  28 വര്‍ഷം നീണ്ട സൈനിക സേവനത്തിൽ 20 വർഷവും ജമ്മുവിലായിരുന്നു. ഇതിനിടെ പാകിസ്ഥാനോടും ചൈനയോടും നടത്തിയ യുദ്ധങ്ങളില്‍ പങ്കെടുത്തു.  മരണം മുന്നില്‍ കണ്ടതും മരിച്ചെന്നു കരുതിയതുമായ അനുഭവങ്ങള്‍ ഈ തൊണ്ണൂറുകാരന്റെ മനസ്സില്‍ തെളിമയോടെയുണ്ട്. 

1965 ലെ ഇന്ത്യ–പാക് യുദ്ധ കാലത്ത് നാട്ടിലേക്ക് കത്തുകള്‍ അയക്കാനോ ഒരു വിധത്തിലും ബന്ധപ്പെടാനോ സാധച്ചിരുന്നില്ല. മാസങ്ങള്‍ നീണ്ടു നിന്ന ആ പ്രതിസന്ധിയില്‍ ജവാന്‍ വീരമൃത്യുവരിച്ചെന്ന് വീട്ടുകാരും നാട്ടുകാരും കരുതി. പിന്നീട് മടങ്ങിയെത്തിയപ്പോള്‍ നാട് അത് ആഘോഷമാക്കി. 'മരിച്ചു ജീവിച്ചതിന്റെ' സന്തോഷം അനുഭവിക്കാനായ ഒരാളാണ് താനെന്ന് പുഞ്ചിരിയോടെ അദ്ദേഹം പറയുന്നു.

പാകിസ്ഥാനെതിരായ ‌യുദ്ധത്തിലാണ് എംപി ജോസഫിന് സൈനിക ജീവതത്തിലെ ഏറ്റവും ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. കണ്ണൂര്‍കാരനായ ഒരു മേജറിനൊപ്പം വയർലൈസ് ഓപ്പറേറ്ററായി  യുദ്ധഭൂമിയിലായിരുന്നു. വെടിയേറ്റ് വീണുകിടക്കുന്ന പട്ടാളക്കാര്‍ക്കിടയിലൂടെ പോകുമ്പോള്‍ ചുറ്റും മനസ്സ് മരവിപ്പിക്കുന്ന കാഴ്ചകൾ മാത്രം‍. മരിച്ചവരേക്കാള്‍ പാതി ജീവനുമായി നിലവിളിക്കുന്നവരുടെ ചോരക്കളം. വെള്ളത്തിനായി കരഞ്ഞ ഒരു ജവാന് തന്റെ പക്കലുണ്ടായിരുന്ന കുപ്പിയില്‍ നിന്ന് വെള്ളം നല്‍കുകയായിരുന്നു മേജര്‍. അടുത്ത നിമിഷം ഷെൽ വീണു. കണ്‍മുന്നില്‍ മേജര്‍ ചിതറിത്തെറിച്ചു. 

ജീവിതത്തിലെ അതിസാഹസികമായൊരു മറ്റൊരു അനുഭവം പാക് യുദ്ധകാലത്താണ്. സിവിലിയന്‍ വസ്ത്രങ്ങളണിഞ്ഞ് അതിര്‍ത്തി കിഴക്കൻ പാകിസ്ഥാന്റെ അതിർത്തി കടന്നുപോയി അവിടുത്തെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില നിര്‍ണായ വിവരങ്ങള്‍ ശേഖരിച്ചു. ആ യുദ്ധത്തിന്റെ തന്നെ നിര്‍ണായക നീക്കത്തില്‍ പങ്കാളിയായതിന്റെ സന്തോഷവും അഭിമാനവും ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ട്.

സാമൂഹ്യ ശാസ്ത്രം പഠിപ്പിച്ച അധ്യാപകന്റെ പ്രചോദനത്തിൽ രാജ്യ സേവനത്തിന് ഇറങ്ങിയതാണ് എ.പി.ജോസഫ്. പിന്നിട്ട വഴികളൊക്കെ കാഠിന്യമേറിയതായിരുന്നു. തീവ്ര പരിശീലനങ്ങളും കൂടെ നിന്നവരുടെ വിയോഗവും അപകടം നിറഞ്ഞ കര്‍ത്തവ്യങ്ങളും ആ സൈനിക ജീവിതം വിലമതിക്കാനാവാത്തതാക്കി. വിശിഷ്ട സേവനത്തിനുള്ള ഒന്‍പത് പുരസ്കാരങ്ങളാണ് ഈ ജവാന് ലഭിച്ചത്. 'ആസാദി കാ അമൃത് മഹോൽസവ്' ആഘോഷിക്കുന്ന പുതുതലമുറയോട് അതിര്‍ത്തിയില്‍ തങ്ങള്‍ നിറവേറ്റി മഹാദൗത്യത്തിൻ്റെ ഓർമകളുടെ മധുരം പങ്കുവയ്ക്കുകയാണ് സുബേദാർ മേജർ എ.പി.ജോസഫ്.

MORE IN SPOTLIGHT
SHOW MORE