തട്ടിക്കൊണ്ട് പോയി; ഇന്ത്യയിലെ പാക് മാധ്യമപ്രവർത്തകന് താലിബാന്റെ ക്രൂര മര്‍ദനം; റിപ്പോർട്ട്

taliban-reporter (1)
SHARE

രാജ്യം താലിബാൻ ഏറ്റെടുത്തതിന്റെ ഒന്നാം വാർഷികം റിപ്പോർട്ട് ചെയ്യാൻ അഫ്ഗാനിസ്ഥാനിലെത്തിയ പാകിസ്ഥാൻ സ്വദേശിയായ ഇന്ത്യൻ മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അനസ് മാലിക്കെന്ന റിപ്പോർട്ടറെ ശാരീരികമായി താലിബാൻ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നും എന്നാൽ നിലവിൽ അദ്ദേഹം സുരക്ഷിതനാണെന്നും പാകിസ്ഥാൻ അംബാസഡർ മൻസൂർ അഹമ്മദ് ഖാൻ വ്യക്തമാക്കി. 

ഇന്ത്യയിലെ പ്രമുഖ വാര്‍ത്ത ചാനലായ വിയോണിന്റെ മാധ്യമപ്രവർത്തകനാണ് അനസ്. പാക്കിസ്താന്‍ ഭരണകൂടം ഇടപെട്ടതോടെ 24 മണിക്കൂറിനു ശേഷം വിട്ടയച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അനസും സഹപ്രവര്‍ത്തകരും അഫ്ഗാനിസ്ഥാനില്‍ എത്തിയത്. അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധവും താലിബാന്‍ ഭരണത്തിന്റെ ഒന്നാം വാര്‍ഷികവും റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

അനസിനെ കാണാനില്ലെന്ന് വ്യക്തമാക്കി സഹപ്രവർത്തകരിലൊരാൾ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. അനസിന്റെ ഇളയ സഹോദരന്‍ ഹസന്‍ മാലിക്കും തന്റെ ജേഷ്ഠനെ 12 മണിക്കൂറായി കാണാനില്ലെന്നും, അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടു. 

'ഞങ്ങൾക്ക് കൈവിലങ്ങിട്ടു, കണ്ണുകൾ മൂടിക്കെട്ടി. പത്രപ്രവർത്തന യോഗ്യതകളെക്കുറിച്ചും വിശദമായി ചോദ്യം ചെയ്തു. വ്യക്തിപരമായ പല ചോദ്യങ്ങളും ഞങ്ങൾക്ക് നേരെ ഉയർന്നു. ഒടുവിൽ രാത്രി 9.30–ഓടെ എന്നെ മറ്റൊരു മുറിയിലേക്ക് മാറ്റി. ഒടുവിൽ വിവർത്തകനെത്തി കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം സ്വതന്ത്രനാക്കി'. തിരിച്ചെത്തിയ അനസിന്റെ വാക്കുകൾ ഇങ്ങനെ. കീറിയ വസ്ത്രങ്ങളും മുറിവുകളും കാണിച്ച് താന്‍ നേരിട്ട ആഘാതത്തിന്റെ തോതും അനസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

MORE IN SPOTLIGHT
SHOW MORE