
ബംഗാളിലെ ബുക്സ കടുവാ സങ്കേതത്തിൽ നിന്നു പകർത്തിയ മേഘപ്പുലിയുടെ ചിത്രങ്ങൾ കൗതുകമാകുന്നു. വനംവകുപ്പാണ് രാജ്യാന്തര മേഘപ്പുലി ദിനത്തിൽ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വളരെ അപൂർവമായി മാത്രമേ ഇവയെ കാണാൻ സാധിക്കൂ. കടുത്ത വംശനാശ ഭീഷണി നേരിടുന്ന മേഘപ്പുലികൾ കാടുകളിൽ 10,000 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മേഘപ്പുലികൾ കാണപ്പെടുന്ന വനമേഖലയാണ് ബുക്സ കടുവാ സങ്കേതം.
അടുത്തിടെ വനത്തിൽ സ്ഥാപിച്ച ക്യാമറ ട്രാപിൽ പതിഞ്ഞതാണ് ഈ ചിത്രം. നിയോഫിലിസ് നെബുലോസ എന്നു ശാസ്ത്രനാമമുള്ള മേഘപ്പുലികൾ പൊതുവെ താഴ്ന്ന മേഖലകളിൽ അധിവസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വനനശീകരണവും വേട്ടയുമാണ് ഇവയുടെ എണ്ണം ഗണ്യമായി കുറയാൻ കാരണം..
പുലികളുടെ കൂട്ടത്തിൽ വലുപ്പം കുറഞ്ഞ മൃഗങ്ങളാണിവ. ഒരു മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതൽ 20 കിലോ വരെയാണ്. സാധാരണ പുലികളിൽ നിന്നു വ്യത്യസ്തമായി വിചിത്രമായ ഘടനയുള്ള പുറം രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. മേഘരൂപത്തിലുള്ള ഈ ഘടനകൾ മൂലമാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപഡ്സ് അഥവാ മേഘപ്പുലികൾ എന്ന പേരു ലഭിച്ചതും. ഇളം മഞ്ഞ മുതൽ കടുത്ത ബ്രൗൺ വരെ നിറത്തിലുള്ള ഈ ജീവികളെ കണ്ടുകിട്ടിയിട്ടുണ്ട്. വളരെ നീളം കൂടിയ വാലും പല്ലുകളും ഇവയ്ക്കുണ്ട്. ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ കാനനത്തിലൂടെ അതിദ്രുതം ചലിക്കാനും മരം കയറാനും അതി വിദഗ്ധരാണ്.
ഹിമാലയത്തിന്റെ താഴ്വരകളുമായി ബന്ധപ്പെട്ടും തെക്കുകിഴക്കൻ ഏഷ്യയിലുമായാണ് ഇവയുടെ അധിവാസ മേഖല. ഇന്ത്യ കൂടാതെ തെക്കൻ ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, ലാവോസ്, ബംഗ്ലദേശ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. തായ്വൻ ദ്വീപിൽ മുൻപ് ഇവയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ന് ഇവയ്ക്ക് അവിടെ പൂർണ വംശനാശം സംഭവിച്ചുകഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഐക്യരാഷ്ട്ര സംഘടന ഇവയെ വിലയിരുത്തുന്നത്.