മുഖത്ത് പഴുപ്പ് നിറഞ്ഞ വലിയ കുരുക്കള്‍; മങ്കിപോക്സ് ദുരനുഭവം പങ്കുവച്ച് യുവാവ്

monkey-pox
SHARE

വെറുതെ ഒരു ജലദോഷ പനി പോലെ വന്നു പോകുമെന്ന് തുടക്കത്തില്‍ പലരും കരുതിയിരുന്ന രോഗമാണ് കോവിഡ്. പക്ഷേ, പല തരംഗങ്ങളിലായി വിലപ്പെട്ട നിരവധി മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്തപ്പോള്‍ മാത്രമാണ് ലോകം കോവിഡിന്‍റെ രൗദ്രത തിരിച്ചറിഞ്ഞത്. കോവിഡിനു ശേഷം ഇപ്പോള്‍ മങ്കിപോക്സ് കേസുകളുടെ എണ്ണം ലോകമെങ്ങും ഉയരുമ്പോഴും  ഈ വൈറസിന്‍റെ ഭീകരതയെ കുറിച്ചു പലരും വേണ്ട വിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. 

എന്നാല്‍ മങ്കിപോക്സ് ബാധിച്ച ഒരു രോഗിയുടേതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ചില ട്വീറ്റുകള്‍ രോഗത്തിന്‍റെ ദുരിതചിത്രം വരച്ചിടുന്നതാണ്. അമേരിക്കക്കാരനായ ലേക് ജവാനെന്ന രോഗിയാണ് മങ്കിപോക്സിനെ നിസ്സാരമായി എടുക്കരുതെന്ന ഓര്‍മപ്പെടുത്തലോടെ തന്‍റെ രോഗകാലത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. വൈറസ് ബാധയെ തുടര്‍ന്ന് മുഖത്തും താടിയിലുമുണ്ടായ കുരുക്കളുടെയും നീര് വച്ച് ചുവന്നിരിക്കുന്ന കൈയുടെയും ചിത്രങ്ങള്‍ ലേക് പോസ്റ്റ് ചെയ്തു. വായ്ക്കുള്ളിലെ കുരുക്കളും കൈയിലെ ചെറു കുരുക്കളും ചിത്രങ്ങളില്‍ കാണാന്‍ കഴിയില്ലെന്നും ലേക് കുറിച്ചു. 

ഒരു ബുധനാഴ്ച അത്യധികമായ കുളിരോടു കൂടിയാണ് തന്‍റെ മങ്കിപോക്സ് ലക്ഷണങ്ങളുടെ ആരംഭമെന്ന് ലേക് പറയുന്നു. തുടര്‍ന്ന് അത്യധികമായ ക്ഷീണവും മൈഗ്രേൻ തലവേദനകളും ശരീരവേദനയും ഉണ്ടായി. രാത്രയില്‍ അത്യധികമായ വിയര്‍പ്പോടെ ഉറക്കം ഞെട്ടി എണീറ്റതായും മുഖത്തും കൈകളിലുമൊക്കെ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കള്‍ ഉണ്ടായതായും ലേക്ക് കൂട്ടിച്ചേര്‍ക്കുന്നു. കുരുക്കള്‍ പൊങ്ങിയതിനൊപ്പം അത്യധികമായ വേദനയും ഉണ്ടായി.

പലപ്പോഴും മുഖത്തും കൈകളിലുമാണ് മങ്കിപോക്സ് കുരുക്കള്‍ ഉണ്ടാകുക. ഇതിനു പുറമേ കാലുകളിലും ഉപ്പൂറ്റിയിലും മൂക്കിലും ലൈംഗിക ഭാഗങ്ങളിലുമൊക്കെ കുരുക്കള്‍ ഉണ്ടാകാം. ഈ കുരുക്കള്‍ പഴുത്ത് പൊട്ടി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പൊഴിഞ്ഞു പോകും.  പേശിവേദന, പുറംവേദന, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും മങ്കിപോക്സില്‍ ഉണ്ടാകാം. രണ്ട് ആഴ്ച മുതല്‍ നാലാഴ്ച വരെയാണ് രോഗമുക്തിക്ക് വേണ്ടി വരുന്ന സമയം. ചിലരില്‍ ന്യുമോണിയ, ചര്‍മത്തില്‍ അണുബാധ, കാഴ്ച നഷ്ടം പോലുള്ള സങ്കീര്‍ണതകളിലേക്കും വൈറസ് നയിക്കാം. 

മങ്കിപോക്സ് ബാധ തടയാന്‍ എല്ലാവരും വാക്സീന്‍ എടുക്കണമെന്നും ലേക്ക് ജവാന്‍ ട്വീറ്റില്‍ അഭ്യര്‍ഥിക്കുന്നു. വസൂരിക്ക് എതിരായ വാക്സിനേഷന്‍ മങ്കിപോക്സിനെതിരെ 85 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് വസൂരി വാക്സീന്‍ എടുത്തവര്‍ക്ക് ലഘുവായ ലക്ഷണങ്ങളെ മങ്കിപോക്സ് ബാധയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നും കരുതപ്പെടുന്നു. 

MORE IN SPOTLIGHT
SHOW MORE