ഇരയെ കിട്ടാനില്ല, പട്ടിണി; ഹാർപ്പി പരുന്തുകൾ വംശനാശ ഭീഷിണിയിൽ; ആശങ്ക

eagle
SHARE

ആമസോൺ മഴക്കാടുകളുടെ നശീകരണം കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഭൂമി നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നമാണ്. ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷിപ്പിക്കാവുന്ന മഴക്കാടുകൾ തീയെരിഞ്ഞും വനംകൊള്ളക്കാരുടെ കൈകളാലും നശിക്കുന്നത് തെക്കേ അമേരിക്കയെ മാത്രമല്ല, നമ്മൾ ഉൾപ്പെടെ ലോകത്തെ സകലരെയും ബാധിക്കുമെന്നതു തീർച്ച. ആമസോണിനൊപ്പം നശിക്കാനൊരുങ്ങി നിൽക്കുന്ന അനേകം ജീവികളും പക്ഷിമൃഗാദികളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയരാണ് ഹാർപ്പി പരുന്തുകൾ. ആമസോണിലെ നശീകരണം തുടർന്നാൽ പ്രത്യേകതകളേറെയുള്ള ഈ പക്ഷിവംശം ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരാകും.

ആമസോണിൽ ആവാസ വ്യവസ്ഥ ഉറപ്പിച്ചിരിക്കുന്ന ഹാർപ്പി പരുന്തുകൾ ആകാശത്തെ പ്രധാന വേട്ടക്കാരാണ്. കുരങ്ങുകൾ മുതൽ ചെറിയ ജീവികളെ വരെ ഇവ ഇരയാക്കാറുണ്ട്. എന്നാൽ ആമസോണിലെ വനനശീകരണം മൂലം ഇവയുടെ ഇരമൃഗങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് ഹാർപ്പി പരുന്തുകൾ വലിയ തോതിൽ കൊല്ലപ്പെടുന്നതിനു വഴിയൊരുക്കുന്നുണ്ടെന്ന് സെന്റർ ഫോർ ബയോഡൈവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പു തരുന്നു. ലോകത്തിൽ പരുന്തുകളിൽ ഏറ്റവും വലുപ്പമേറിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന പക്ഷിവംശമാണു ഹാർപ്പി. റോയൽ ഹോക്ക് എന്നും ഇവ അറിയപ്പെടുന്നു. ശരീരഭാരം 10 കിലോയോളം വരും. 

മറ്റുള്ള പക്ഷികളെ അപേക്ഷിച്ച് ശരീരപ്രവർത്തനങ്ങളുടെ അളവ്  വളരെക്കൂടുതലായതിനാൽ ഇവയ്ക്ക് ശരിയായ രീതിയിലും അളവിലും ഭക്ഷണം അത്യന്താപേക്ഷിതമാണ്. ഇരകളുടെ ലഭ്യതയിൽ ഇടിവുണ്ടാകുന്ന പക്ഷം ഇവ വലിയ രീതിയിൽ ചത്തൊടുങ്ങാറുണ്ട്. ഇതാണ് ഇപ്പോൾ ആമസോണിലെ വനനശീകരണം മൂലം സംഭവിക്കുന്നത്. ഹാർപ്പി പരുന്തുകളുടെ ജനസംഖ്യയിൽ പകുതിയോളം ഇങ്ങനെ ചത്തൊടുങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവ സ്വന്തം ജീവൻ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. മധ്യ അമേരിക്ക മുതൽ വടക്കൻ അർജന്റീന വരെയുള്ള മഴക്കാടുകളിൽ ഒരുകാലത്ത് ഇവ സുലഭമായിരുന്നു. എന്നാൽ ഇന്ന് ഈ മേഖലയിലെ പല സ്ഥലങ്ങളിലും ഇവയെ കാണാനില്ല. 

അരനൂറ്റാണ്ടിനിടെ ആമസോൺ മഴക്കാടുകളുടെ അൻപതു ശതമാനത്തിലധികം നശീകരിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഇതിനൊപ്പം ആമസോണിൽ വലിയ പ്രശ്‌നമാകുന്ന അനധികൃത വേട്ട കൂടിയാകുമ്പോൾ ഇര കിട്ടാതെ ഹാർപ്പികൾ വലയുകയാണ്. മറ്റു പരുന്തുകളെയും പ്രാപ്പിടിയൻമാരെയുമൊക്കെ പോലെ ഹാർപ്പികൾ ജന്മനാ വേട്ടയ്ക്കുള്ള സിദ്ധി നേടുന്നില്ല. വളർന്നു വരുമ്പോൾ പരിശീലനത്തിലൂടെയാണ് ഇവ ആ നൈപുണ്യം ആർജിക്കുന്നത്. അതു വരെ ഇവ ഭക്ഷണത്തിനായി അച്ഛനമ്മമാരെയാണ് ആശ്രയിക്കുന്നത്. ഇരകിട്ടാതെയാകുമ്പോൾ ആദ്യം നശിക്കുന്നത് പരുന്തിൻകുഞ്ഞുങ്ങളുടെ ജനസംഖ്യയാണ്. ഇതു പ്രശ്‌നത്തിന്റെ വ്യാപ്തി കൂട്ടുന്ന സംഗതിയാണ്. ഹാർപ്പി പരുന്തുകൾ ഒറ്റയ്ക്കല്ല. ആമസോണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിനു ജീവിവർഗങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ഇവയെ സംരക്ഷിക്കാൻ ബ്രസീൽ ഉൾപ്പെടെ തെക്കൻ അമേരിക്കയിലെ രാജ്യങ്ങൾ ഊർജിത പദ്ധതികൾ നടപ്പാക്കണമെന്നാണു ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വാദികളുടെയും ആവശ്യം.

MORE IN SPOTLIGHT
SHOW MORE