അവർ വരുന്നു നീണ്ട 70 വർഷങ്ങൾക്കുശേഷം; ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക്

chetah 1
SHARE

സിംഹങ്ങളും കടുവകളുമൊക്കെ ഉണ്ടെങ്കിലും ഒരു കൂട്ടരുടെ കുറവുണ്ട് ഇന്ത്യക്ക്. അതിവേഗ ഓട്ടക്കാരായ ചീറ്റകൾ. എന്നാൽ ഇനി ആ കുറവ് പരിഹരിക്കാൻ പോകുന്നു. ഈ മാസം തന്നെ 16ഓളം ചീറ്റപ്പുലികൾ ഇന്തയുടെ സ്വത്താകുമെന്നാണ് വിവരം. ചീറ്റപ്പുലികളുടെ ഭൂഖണ്ഡാന്തര മാറ്റിപ്പാർപ്പിക്കലിനുള്ള  നടപടികൾ പുരോഗമിക്കുകയാണ്.

ചീറ്റപ്പുലികളുടെ ആദ്യ സംഘം ഓഗസ്റ്റിൽ തന്നെയെത്തും. ചീറ്റകളുടെ പ്രധാന അധിവാസകേന്ദ്രങ്ങളായ ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തുക. ലോകത്തുള്ള മൊത്തം ചീറ്റകളിൽ പകുതിയും ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ബോട്സ്വാനയിലുമാണ് താമസിക്കുന്നത്.1952ൽ ആണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം വന്നുപോയത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ജീവികളായ ചീറ്റകൾക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ഓടാൻ സാധിക്കും. വംശനാശ ഭീഷണിയുള്ള ജീവികളായി ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണക്കാക്കുന്ന ചീറ്റകളിൽ വെറും 7000 എണ്ണം മാത്രമാണ് ഇന്ന് ലോകത്തുള്ളത്. 2020ൽ ഈ പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. 

ആദ്യമായി എത്തുന്ന ചീറ്റസംഘത്തിനെ മധ്യപ്രദേശിലെ കുനോ–പാൽപുർ ദേശീയോദ്യാനത്തിലാകും പാർപ്പിക്കുക. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമുള്ളതാണ് കുനോ–പാൽപുർ ദേശീയോദ്യാനം. ചീറ്റകളിലെ ഒരു വിഭാഗമായ ഏഷ്യാറ്റിക് ചീറ്റപ്പുലികളാണ് ഇന്ത്യയിൽ നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ സ്വാതന്ത്ര്യശേഷം ഇന്ത്യയിൽ വംശനാശം സംഭവിച്ചുപോയ ഒരേയൊരു ജീവിവിഭാഗമാണ് ഇവ.ഏഷ്യാറ്റിക് ചീറ്റകൾ അറേബ്യൻ ഉപദ്വീപ് മുതൽ അഫ്ഗാനിസ്ഥാൻ വരെയുള്ളിടങ്ങളിൽ പണ്ട് കാണപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇറാനിൽ മാത്രമാണ് ഇവയുള്ളത്.അവിടെയും 12 എണ്ണം മാത്രമേയുള്ളൂ.

chetah 2

നേരത്തെ മുതല്‌‍ തന്നെ ഇന്ത്യയിൽ ചീറ്റകളെ തിരിച്ചെത്തിക്കാനായി ശ്രമങ്ങളുണ്ടായിരുന്നു. എഴുപതുകളിൽ ഇറാനിൽ നിന്ന് കുറച്ചു ചീറ്റയെ ഇന്ത്യയിലെത്തിക്കാൻ  ശ്രമം നടന്നു.എന്നാൽ ഷാ ഭരണകൂടം അധികാരത്തിൽ നിന്നു നിഷ്കാസിതരായതോടെ ഈ പദ്ധതി മുടങ്ങുകയായിരുന്നു. ചീറ്റകളെ മയക്കിക്കിടത്തിയാകും ആഫ്രിക്കയിൽ നിന്ന് യാത്രയാക്കുക. ജൊഹാനസ്ബർഗിൽ നിന്നു നീണ്ട വിമാനയാത്രയ്ക്കു ശേഷം ഇന്ത്യയിലെത്തുന്ന ഇവയെ റോഡ് മാർഗമോ,ഹെലികോപ്റ്റർ ഉപയോഗിച്ചോ കുനോ–പാൽപുർ ദേശീയോദ്യാനത്തിലെത്തിക്കും. യാത്രയിലുടനീളം മൃഗാരോഗ്യ വിദഗ്ധന്റെ സാമീപ്യമുണ്ടാകും.

കേന്ദ്രസർക്കാർ, നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, മധ്യപ്രദേശ് എന്നിവർ പങ്കാളികളായ പ്രോജക്ടിനു വേണ്ടി നമീബിയയുമായി നേരത്തെ എംഒയും ഒപ്പുവച്ചിരുന്നു. കരാർ പ്രകാരം ചീറ്റപ്പുലികളുടെ സംരക്ഷണം, ആരോഗ്യ സംരക്ഷണം, ആവാസപരിപാലനം, പരിസ്ഥിതി വികസനം എന്നിവയ്ക്കായി 5 വർഷത്തേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ 50 കോടി രൂപയിലേറെ സംഭാവന നൽകും. എന്നാൽ കുനോ– പാലൻപുർ ദേശീയോദ്യാനത്തിലെത്തുന്ന ചീറ്റകൾക്ക് വെല്ലുവിളിയായേക്കാവുന്ന ചിലരുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

പുലികളാകും മുഖ്യഭീഷണി. ചീറ്റകളുടെ കുഞ്ഞുങ്ങളെ പുലികൾ കൊന്നൊടുക്കാറുണ്ട്. ചെന്നായകൾ, കഴുതപ്പുലികൾ എന്നിവയും ചീറ്റകളോട് ഒരു കൈ നോക്കിയേക്കാം.

MORE IN SPOTLIGHT
SHOW MORE