യാത്രയെ കുറിച്ച് വിഡിയോകൾ പങ്കിട്ടു; വഴിയിൽ കാത്തിരുന്നത് ദുരന്തം; നോവായി അനസ്

anas-hijas
SHARE

സ്കേറ്റിങ് ബോര്‍ഡ് യാത്രയ്ക്കിടെ മരിച്ച അനസ് ഹജാസിനെ കുറിച്ച് സൈബർ ഇടങ്ങളിൽ നൊമ്പരക്കുറിപ്പുകള്‍ നിറയുകയാണ്. 2022 മേയ് 29നാണ് അനസ് ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത്. കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കാണ് പുറപ്പെട്ടത്. സ്കേറ്റിങ് ബോര്‍ഡില്‍ മധുരൈ, ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, എന്നീ സ്ഥലങ്ങള്‍ പിന്നിട്ടാണ് ഹരിയാനയിലെത്തിയത്. ഒരോ സ്ഥലത്ത് എത്തുമ്പോഴും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അനസ് വിഡിയോകള്‍ പങ്കുവച്ചിരുന്നു. 

സ്ക്കേറ്റിങ് ബോര്‍ഡ് കാണാനായി നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയാണ് മധ്യപ്രദേശ് എത്തിയപ്പോള്‍ അനസ് പങ്കിട്ടത്. അവിടെ കണ്ട രസകരമായ അനുഭവങ്ങളും അനസ് വിഡിയോയില്‍ പറയുന്നു. യുപിയില്‍നിന്ന് മറ്റൊരു വിഡിയോയും അനസ് പങ്കിട്ടിരുന്നു. 16 വയസുള്ള കുട്ടി പക്കാവട ഉണ്ടാക്കി കൊടുക്കുന്നതും തുടര്‍ന്ന് അവരുമായി സംസാരിക്കുന്ന അനസിനെയും ഈ വിഡിയോയില്‍ കാണാം.

സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്ക് യാത്ര ചെയ്യവേയാണ് വെഞ്ഞാറമ്മൂട് സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചത്. പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ അനസ് ഹജാസ് (30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഹരിയാനയിലെ പഞ്ചകുളയിൽ ട്രക്ക് ഇടിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അപകടത്തിൽ പരുക്കേറ്റു കിടന്ന ഹജാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉച്ചയോടെ ബന്ധുക്കളെ അജാസിന്റെ സുഹൃത്ത് വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കൽക്ക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മേയ് 29നാണു കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കു യാത്ര തുടങ്ങിയത്. അവിവാഹിതനാണ്. പിതാവ്: അലിയാര് കുഞ്ഞു. മാതാവ്: ഷൈല ബീവി. സഹോദരങ്ങൾ: അജിംഷ അമാനി, സുമയ്യ. 

MORE IN SPOTLIGHT
SHOW MORE