മഞ്ഞുകടലിൽ മറ‍ഞ്ഞിരുന്നത് 107 വർഷങ്ങൾ; ഒടുവിൽ 'എൻഡ്യുറൻസ്' കണ്ടെത്തി

SHARE
shipwb

'കപ്പലിന്റെ കണ്ടുപിടുത്തത്തിനൊപ്പം കപ്പൽചേതവും പിറവി കൊണ്ടു'വെന്ന് പറഞ്ഞത് ഫ്രഞ്ച് തത്വചിന്തകനായ പോൾ വിർല്യോ ആണ്. കന്നിയാത്രയിൽ മഞ്ഞുപാളിയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് പോലെ ചരിത്രത്തിൽ ഇടം പിടിച്ചൊരു കപ്പൽചേതത്തിന്റെ കഥയാണ് 'എൻഡ്യുറൻസി'നും പറയാനുള്ളത്. അതിനുമപ്പുറം ലോകം ഇന്നേ വരെ കണ്ടതിൽ സുപ്രധാനമായൊരു അതിജീവന കഥയും.

അന്റാർട്ടിക കാൽനടയായി കടക്കുക എന്ന ലക്ഷ്യത്തോടെയാണ് 1914 ൽ പ്രശസ്ത പോളാർ പര്യവേഷകനായ ഏണസ്റ്റ് ഷാക്കൾട്ടണിന്‍റെ നേതൃത്വത്തില്‍ 27 പര്യവേഷകര്‍ ബ്രിട്ടണില്‍ നിന്ന് പുറപ്പെട്ടത്. വെഡ്ഡൽ കടലിലൂടെ അന്‍റാര്‍ട്ടികയിലേക്ക് കയറാനും അന്‍റാര്‍ട്ടിക്ക കുറുകെ കടന്ന് റോസ് സീ വഴി മടങ്ങാനുമായിരുന്നു പദ്ധതി. ശൈത്യകാലം പരീക്ഷണ നിരീക്ഷണങ്ങളുമായി കപ്പലിനുള്ളില്‍ സംഘം കഴിച്ചു കൂട്ടി.  വസന്തകാലത്തില്‍ അന്‍റാര്‍ട്ടിക കുറുകെ കടക്കാമെന്ന ലക്ഷ്യവുമായി ഷാക്കിള്‍ട്ടനും സംഘവും കാത്തിരുന്നു. പക്ഷേ 1915 ജനുവരി 19ന് കാര്യങ്ങള്‍ തകിടം മറിഞ്ഞു. വെഡ്ഡല്‍ കടല്‍ പതിവിലേറെ തണുത്തുറഞ്ഞു. എൻഡ്യുറന്‍സ് മഞ്ഞില്‍ കുടുങ്ങി. മുന്നോട്ടോ പിന്നോട്ടോ അനങ്ങാന്‍ കഴിഞ്ഞില്ല. മെല്ലെ മെല്ലെ മഞ്ഞ് പാളികള്‍ വന്നിടിച്ച് കപ്പല്‍ തകരാന്‍ തുടങ്ങി. 1915 ഒക്ടോബറില്‍ വെഡ്ഡല്‍ കടലിന്‍റെ ആഴങ്ങളിലേക്ക് എൻഡ്യുറന്‍സ് മറഞ്ഞു. 

കഥ, അവിടെ തീര്‍ന്നില്ല. ഷാക്കിള്‍ട്ടനും സംഘവും അന്‍റാര്‍ട്ടിക്കയിലേക്ക് നീന്തിക്കയറി. മുങ്ങുന്നതിന് മുമ്പ് എൻഡ്യുറന്‍സില്‍ നിന്ന് ലൈഫ് ബോട്ടുകളും , ഭക്ഷണവുമടക്കം കയ്യില്‍ കിട്ടിയതെല്ലാം അവര്‍ അന്‍റാര്‍ട്ടിക്കയില്‍ എത്തിച്ചു. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന അതിജീവനമാണ്.

മൊബൈല്‍ഫോണും ഇന്‍റര്‍നെറ്റും ഇല്ലാത്ത കാലം.  തണുത്തുറഞ്ഞ അന്‍റാര്‍ട്ടികയില്‍ ലൈഫ് ബോട്ടുകളും സാമഗ്രികളുമായി മഞ്ഞിലൂടെ അവര്‍  മാസങ്ങള്‍ അലഞ്ഞു. പെന്‍ഗ്വിനുകള്‍ നിറഞ്ഞ, പാറക്കെട്ടുകള്‍ മാത്രമായ എലിഫന്‍റാ ദ്വീപ് ഇവര്‍ എത്തപ്പെട്ടതിന്‍റെ എതിര്‍വശത്തായിരുന്നു. കാലാവസ്ഥ അല്‍പം മെച്ചപ്പെട്ടപ്പോള്‍ മൂന്ന് ലൈഫ് ബോട്ടുകളിലായി സംഘാംഗങ്ങളെ മുഴുവന്‍ ഷാക്കിള്‍ട്ടന്‍ അവിടേക്ക് എത്തിച്ചു. പിന്നീട് രക്ഷപെടാനുള്ള പ്ലാന്‍ തുടങ്ങി. ഒടുവില്‍ കരുത്തരായ 5 നാവികരുമായി  തെക്കന്‍ ജോര്‍ജിയയിലേക്ക് പോകാന്‍ ഷാക്കിള്‍ട്ടന്‍ തീരുമാനിച്ചു. മറ്റ് രണ്ട് ലൈഫ് ബോട്ടുകളും ബാക്കിയുള്ളവർക്ക് താമസിക്കാനുള്ള സ്ഥലമാക്കി മാറ്റി. 1300 കിലോ മീറ്റർ അകലെയുള്ള തെക്കന്‍ ജോര്‍ജിയ ആയിരുന്നു  മനുഷ്യവാസം ഉണ്ടായിരുന്ന ഏറ്റവുമടുത്ത സ്ഥലം. 

പരിമിതമായ വെള്ളവും ഭക്ഷണവുമായി  'ജയിംസ് കെയേർഡ് എന്ന  ലൈഫ് ബോട്ടില്‍ അവർ യാത്ര തുടങ്ങി. ലോകത്തിലെ അപകടം പിടിച്ച കടല്‍വഴിയിലൂടെ,  നൂറടിയോളം ഉയരമുള്ള തിരമാലകളും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലടിക്കുന്ന കാറ്റിനെയും മറികടന്ന് 15 ദിവസം ആ യാത്ര നീണ്ടു. പക്ഷേ ബോട്ട് അടുപ്പിക്കാനായത് വിചാരിച്ചതിനും ദ്വീപിന്റെ എതിർവശത്തായാണ്. അപ്പോഴേക്ക് സംഘത്തിലെ മൂന്ന് പേര്‍ തീര്‍ത്തും അവശരായിരുന്നു. ക്ഷീണിച്ച് അവശരായവരെ കടല്‍ത്തീരത്ത് നിര്‍ത്തി ഷാക്കിള്‍ട്ടനും രണ്ട് പേരുമായി 36 മണിക്കൂർ നീണ്ട മലയകയറ്റത്തിനൊടുവിൽ സ്റ്റോംസിലെത്തി. അവിടെയുള്ള നോര‍്‍വീജിയന്‍ തൊഴിലാളികളുടെ സഹായത്തോടെ ആവിക്കപ്പലുമായി തിരികെ ബീച്ചിലെത്തി ക്ഷീണിതരായിരുന്ന സംഘാംഗങ്ങളെ കൂട്ടി. യാത്ര എലിഫന്റാ ദ്വീപിലേക്ക്. എലിഫന്‍റാ ദ്വീപില്‍ കഴിഞ്ഞിരുന്നവര്‍ ക്യാപ്റ്റന്‍ എന്നെങ്കിലും തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു. അതു പോലെ 1916 ഓഗസ്റ്റ് 30 ന് എലിഫന്റാ ദ്വീപിനടുത്ത കപ്പലിൽ നിന്നും വെളുത്ത പുക ഉയർന്നു. ഷാക്കിള്‍ട്ടന്‍ തിരികെ എത്തി. ദൗത്യം പരാജയപ്പെട്ടെങ്കിലും സംഘാംഗങ്ങളില്‍ ഒരാളുടെ പോലും ജീവന്‍ നഷ്ടമാകാതെ അവര്‍ ഒടുവിൽ ബ്രിട്ടനിലെത്തി. 

എൻഡ്യുറൻസ് എന്നാൽ ശാശ്വതമായത് നിലനിൽക്കുന്നത് എന്നെല്ലാമാണ് അർഥം. അറിഞ്ഞിട്ട പേരായിരുന്നു എൻഡ്യുറൻസിന്റേത് എന്നത് ചരിത്രം. മഞ്ഞിലുറഞ്ഞ് ക്രമേണെ കടലിലാണ്ട് പോയ എൻഡ്യുറന്‍സ് 107 വർഷങ്ങൾക്കിപ്പുറം മാര്‍ച്ചില്‍ കണ്ടെത്തിയപ്പോഴും അതിന് സാരമായ കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. എൻഡുറൻസിന്റെ വീണ്ടെടുത്ത ഭാഗങ്ങള്‍ ചരിത്ര സ്മാരമായി സൂക്ഷിച്ചിരിക്കുകയാണ്.  

MORE IN SPOTLIGHT
SHOW MORE