5 മിനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കാനാവില്ല; ഓഫീസുകളില്‍ വരുന്നു സ്റ്റാന്‍ഡേര്‍ഡ് ടോയ്‌ലറ്റ്

toilet
SHARE

മൈ ബോസ് സിനിമയിലെ ടോയ്‌ലറ്റ് സീന്‍ നമ്മളാരും മറക്കാനിടയില്ലാത്ത ഒന്നാണ്. ബോസിനോടുള്ള ദേഷ്യമത്രയും ടോയ്‌ലറ്റിലെ ബക്കറ്റിനോട് തീര്‍ത്ത് ഇറങ്ങിവരുന്ന ദിലീപിനെ കാണുമ്പോള്‍ അത്രയും നേരം ആ സീന്‍ കണ്ടിരുന്ന നമുക്ക് തന്നെ എന്തോ ഒരാശ്വാസം കിട്ടിയപോലെയാണ്. മിക്ക ഓഫീസുകളിലും ടോയ്‌ലറ്റിന്റെ പ്രധാനറോളുകളിലൊന്ന് ഇതാണെന്ന് തന്നെ പറയാം. ജോലിയിലുള്ള പ്രഷറത്രയും തീര്‍ക്കാനുള്ളയിടമാണ് പലര്‍ക്കും ഓഫീസിലെ ടോയ്‌ലറ്റ്.

എന്നാല്‍ ഈ കഥയിതാ മാറുന്നു. ഓഫീസുകളിലെ ഈ ആശ്വാസതീരത്തിന് മണികെട്ടാനൊരുങ്ങുകയാണ് സ്റ്റാന്‍ഡേര്‍ഡ് ടോയ്‌ലറ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനി. ടോയ്‌ലറ്റിൽ നീണ്ട നേരം ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക ഡിസൈനിലാണ് ടോയ്‌ലറ്റ് നിർമിച്ചിരിക്കുന്നത്. 13 ഡിഗ്രി മുന്നോട്ട് ചരിഞ്ഞിരിക്കുന്ന ടോയ്‌ലറ്റിൽ ഒരാൾക്കും അഞ്ച് മിനിട്ടിൽ കൂടുതൽ ചെലവഴിക്കാൻ കഴിയുകയില്ല. 

ഓഫീസില്‍ നീണ്ട ബ്രേക്ക് എടുത്ത് ടോയ്‌ലറ്റിലിരിക്കുന്ന തൊഴിലാളികളുടെ സ്വഭാവം ഇതോടെ മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. ടോയ്‌ലറ്റിൽ നീണ്ടനേരം ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്തും, കാൻഡി ക്രഷ് കളിക്കാനും ആളുകൾ സമയം ചെലവഴിക്കുന്നത് ഇതിലൂടെ അവസാനിപ്പിക്കാമെന്നും ഇവര്‍ പറയുന്നു. 

മാത്രമല്ല ഈ കണ്ടുപിടിത്തം ജീവനക്കാരുടെ ആരോഗ്യത്തിന് ഉചിതമാണെന്നാണ് കമ്പനിയുടെ സ്ഥാപകനായ മഹാബിര്‍ ഗില്‍ പറയുന്നത്. ടോയ്‌ലറ്റിലിരിക്കുന്ന സമയം കുറയ്ക്കുന്നതിനാൽ രോഗാണുക്കളും വൈറസുകളും ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത ഇതോടെ കുറയും എന്നാണ് ഗില്‍ പറയുന്നത്. കാര്യമെന്തൊക്കെയായാലും ഇതുകൊണ്ടുള്ള ഗുണം കമ്പനിക്ക് തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

MORE IN SPOTLIGHT
SHOW MORE