'ഞാന്‍ നിന്നെ സ്നേഹിക്കുന്നു'; പ്രണയാര്‍ദ്രമായി മലയാളത്തില്‍ പ്രൊപ്പോസ് ചെയ്ത് ആഫ്രിക്കകാരന്‍

marriage
SHARE

ആരേയും സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ടതും വിശേഷപ്പെട്ടതുമായ ദിവസമാണ് വിവാഹദിനം. വിവാഹത്തിന്റെയന്ന് സ്പെഷ്യലായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹത്തിനായി ഒരുങ്ങിയെത്തുമ്പോള്‍ ഏതൊരു പെണ്ണും തന്റെ പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് അയാള്‍ ഏറ്റവും നന്നായി തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യണമെന്ന് തന്നെയാണ്.

ഇരുമനസ്സുകളെ ഒന്നാക്കി തീര്‍ക്കാന്‍ പ്രണയത്തിന് ഭാഷ പോലും വേണ്ടി വരുന്നില്ലെന്ന് പലപ്പോഴായി കേട്ടിട്ടുള്ളതാണെങ്കിലും ജെനോവയുടെയും ഡെന്‍സണിന്റെയും പ്രണയം കാണുമ്പോള്‍ ഇതെത്ര ശരിയാണെന്ന് വീണ്ടും തോന്നും. ആഫ്രിക്കന്‍ മലയാളിയായ ജെനോവ ജൂലിയനും ആഫ്രിക്കന്‍ വംശജനായ ഡെന്‍സണ്‍ എ പ്രയറും തമ്മിലുള്ള വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

ഡെന്‍സണ്‍ വിവാഹദിനത്തില്‍ മലയാളത്തില്‍ ജെനോവയെ പ്രൊപ്പോസ് ചെയ്യുന്നതാണ് വി‍ഡിയോയിലുള്ളത്. ജെനോവയോടുള്ള പ്രണയം അവളുടെ മാതൃഭാഷയില്‍ പറയണമെന്നത് ഡെന്‍സണിന്റെ ആഗ്രഹമായിരുന്നു. വിവാഹത്തിന്റെയന്ന് തന്നെ ഈ ആഗ്രഹം സാധിച്ചപ്പോള്‍ ജെനോവയും ഒന്ന് ഞെട്ടി, സന്തോഷംകൊണ്ട് കണ്ണുനിറച്ചു.

'ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'– എന്നാണ് ഡെന്‍സണ്‍ നല്ല പച്ചമലയാളത്തില്‍ ജെനോവയോട് പറയുന്നത്. ജെനോവയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'എന്റെ ഭര്‍ത്താവ് വളരെ പ്രയാസപ്പെട്ട് മലയാളം പഠിച്ചെടുത്തു. ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല'– എന്ന അടിക്കുറിപ്പോടെയാണ് ജെനോവ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE