അന്ന് ആത്മഹത്യ ചെയ്തെങ്കില്‍ ഞാനും ഒരു വിസ്മയ; ‘പൊലീസ്’ അമ്മ: അതിജീവനം

noujisha-story
SHARE

മൂടിക്കെട്ടി നിന്ന ആകാശംപോലെ വിഷാദത്തിന്റെ ആവരണത്തിലായിരുന്നു ഇന്നലെ വിസ്മയ എന്ന പെൺകുട്ടിയുടെ വീട്. വിസ്മയയുടെ ഭർത്താവ് കിരണിന് പത്തുവർഷം തടവ് ശിക്ഷ ലഭിച്ചു. നിര്‍ണായകമായ ആ വിധി വന്ന അതേ ദിവസം കേരളത്തില്‍ പൊലീസുകാരിയായ ഒരു അമ്മ, മകനെ വാരിയെടുത്ത് കെട്ടിപ്പുണരുന്നതിന്റെ വിഡിയോ ലക്ഷകണക്കിന് പേരാണ് കണ്ടുതീർത്തത്. ആ അമ്മയുടെ പേര്; നൗഷിജ. മകളുടെ വിജയം കാണാൻ നിറകണ്ണുകളോടെ അച്ഛനും അമ്മയും ഒപ്പം തന്നെയുണ്ടായിരുന്നു. സങ്കടക്കടൽ താണ്ടിയ മകളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചതിന്റെ സന്തോഷത്തിലാണ് അച്ഛനും അമ്മയും. വനിതാപൊലീസിലെ 141–ാം റാങ്കുകാരിയാണ്. മെയ് 22ന് മുഖ്യമന്ത്രി പിണറായി വിജയന് തൃശൂർ പൊലീസ് അക്കാദമയിലെ പാസിങ്ങ് ഔട്ട് പരേഡിൽ സല്യൂട്ട് നൽകിയ ശേഷം നൗഷിജ ഏഴുവയസ്സുകാരൻ മകനെ കെട്ടിപ്പുണരുന്നതിന്റെ വിഡിയോയാണ് വൈറലായത്. 

അനുഭവങ്ങളുടെ കനലാഴികൾ കടന്നാണ് നൗഷിജ ഈ വിജയതീരത്ത് എത്തിയിരിക്കുന്നത്. വിസ്മയയെപ്പോലെ മരിക്കാൻ തീരുമാനിച്ചിരുന്ന ഒരു ഭൂതകാലത്തെക്കുറിച്ച് പേരാമ്പ്ര സ്വദേശിയായ നൗഷിജ മനോരമന്യൂസിനോട് മനസ് തുറക്കുന്നു: 

എംസിഎ കഴിഞ്ഞശേഷം 2013ലായിരുന്നു എന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പീഡനം തുടങ്ങി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അതിനെത്തുടർന്നാണ് കാരണമൊന്നുമില്ലാതെ എന്നെ ഉപദ്രവിക്കാൻ തുടങ്ങിയത്. അന്ന് തന്നെ വീട്ടുകാരോട് എല്ലാം തുറന്നുപറഞ്ഞിരുന്നു. അവർ ആരും സഹിച്ച് നിൽക്കാൻ എന്നെ ഉപദേശിച്ചിട്ടില്ല. നിനക്ക് പറ്റില്ലെങ്കിൽ തിരികെപ്പോരൂ, ഞങ്ങളുണ്ട് ഇവിടെ എന്നാണ് പറഞ്ഞത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഉപ്പയും ഉമ്മയും എന്നെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതും. വിവാഹം കഴിഞ്ഞയുടൻ തിരികെപോയാൽ അവർക്ക് വിഷമം ആകുമല്ലോയെന്ന് കരുതി ഞാനാണ് അവിടെ നിന്നത്. കുഞ്ഞുണ്ടായാൽ ഒരു മാറ്റമുണ്ടാകുമെന്ന് കരുതി. മോന് ഒരു വയസും മൂന്ന് മാസവും ആകുന്നിടം വരെ ഞാൻ പിടിച്ചു നിന്നു. എന്നിട്ടും മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. നിരന്തരം അടിയും ഇടിയും കൊണ്ടിരുന്ന സമയത്ത് മരിച്ചാലോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുക വരെ ചെയ്തു. പക്ഷേ അപ്പോഴും ഉപ്പയെയും ഉമ്മയെയും ഓര്‍ത്തു. മൂന്ന് വർഷമാണ് നരകയാതാന അനുഭവിച്ചത്. 

തിരികെ വീട്ടിലെത്തിയ ശേഷം സ്വകാര്യ കോളജിൽ ഗസ്റ്റ് ല്കചറായി ജോലിക്ക് കയറി. കൂട്ടത്തിൽ പിഎസ്എസി പരിശീലനവുമുണ്ടായിരുന്നു. കുഞ്ഞിന്റെ കാര്യമൊന്നും ഓർത്ത് നീ വിഷമിക്കേണ്ട, അവനെ നമുക്ക് നന്നായി തന്നെ വളർത്താമെന്ന് പറഞ്ഞ് എന്റെ ഉമ്മയും ഉപ്പയും ചേച്ചിയും കൂടെ നിന്നു. പഠിക്കാൻ പോകുമ്പോൾ ഉമ്മയാണ് കുഞ്ഞിനെ നോക്കിയത്. വീട്ടിലെ അവസ്ഥ മനസിലാക്കി പേരാമ്പ്രയിലെ ടോപ്പേഴ്സ് കോച്ചിങ്ങ് സെന്റർ ഫീസ് വാങ്ങാതെയാണ് പഠിപ്പിച്ചത്. ഫീസ് കൊടുത്താൽ പോലും അവർ വാങ്ങിക്കാൻ കൂട്ടാക്കിയിരുന്നില്ല. അവരോടൊക്കെയുള്ള കടപ്പാട് മറക്കാനാകില്ല. 

എല്ലാവരും തുണയുണ്ടെങ്കിലും വിവാഹജീവിതം നഷ്ടമായതിൽ മനപ്രയാസമുണ്ടായിരുന്നു. എന്നാലും എന്നെ ചതിച്ചവരുടെ മുന്നിൽ തോൽക്കരുതെന്ന വാശിയാണ് പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചത്. ഒരു ചെറിയ കുഞ്ഞുമൊത്ത് വിവാഹമോചിതയായ ഒരു വ്യക്തിക്ക് മുന്നോട്ടുള്ള ജീവിതം വിചാരിക്കുന്നത് പോലെ എളുപ്പമല്ല. വീട്ടുകാരുടെ പിന്തുണ കൂടിയേ തീരൂ. ഒരു വാക്ക് കൊണ്ട് പോലും വീട്ടുകാര് എന്നെ വേദനിപ്പിച്ചിട്ടില്ല. 

ഭർത്താവിന്റെ വീട് എന്റെ വീടിന്റെ അടുത്ത് തന്നെയായിരുന്നു. അതിനാൽ ഞാൻ അവിടെ അനുഭവിച്ച ദുരിതം നാട്ടുകാർക്കും അയൽവാസികൾക്കുമെല്ലാം നന്നായിട്ടറിയാം. തിരികെ വീട്ടിലേക്ക് വരുമ്പോൾ ഇവരെല്ലാം എന്ത് പറയും എന്നുള്ള ചിന്ത എന്നെ അലട്ടിയിരുന്നു. പക്ഷെ തെറ്റ് എന്റെ ഭാഗത്തല്ല എന്ന് ഏവർക്കും അറിയാമായിരുന്നത് കൊണ്ട് എല്ലാവരും കൂടെ നിൽക്കുകയാണ് ചെയ്തത്. പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്റെ അവസ്ഥ ഇങ്ങനെയാകുമായിരുന്നില്ല.

ഒരുപാട് പിഎസ്എസി പരീക്ഷകൾ ആ സമയത്ത് എഴുതുന്നുണ്ടായിരുന്നു. ചിലതെല്ലാം ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിനാണ് നഷ്ടമായത്. ദൈവമായിട്ടായിരിക്കാം എന്നെ പൊലീസ് റാങ്ക് ലിസ്റ്റിൽ എത്തിച്ചത്. പൊലീസ് ട്രെയിനിങ്ങ് ജീവിതത്തിലെ വലിയ അനുഭവമാണ്. മനകരുത്ത് നേടാനും തനിയെ ജീവിക്കാനുമൊക്കെയുള്ള ശക്തി അത്. സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ പഠിച്ചത് അവിടെ നിന്നാണ്. 

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിച്ചുകാണിക്കുകയാണ് വേണ്ടത്.  എന്റെ സാഹചര്യം വിസ്മയയുടെ പോലെ ഒന്നും ആയിരുന്നില്ല. വീട്ടിൽ വലിയ സാമ്പത്തികം ഒന്നുമില്ല. ഉപ്പയ്ക്ക് പെട്ടിക്കടയാണ്. ഉമ്മയ്ക്ക് ജോലിയില്ല. ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ട് വിവാഹം നടത്തിയതിന്റെ സാമ്പത്തിക ബാധ്യതകൾ ഉപ്പയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ എന്നെ ചേർത്ത് പിടിക്കാൻ ഉപ്പയും ഉമ്മയും കാണിച്ച മനസാണ് ഈ വിജയത്തിന് പിന്നിൽ. – നൗഷിജ പറയുന്നു.

MORE IN SPOTLIGHT
SHOW MORE