മകൻ കളിപ്പാട്ടം പൊട്ടിച്ചുവെന്ന് വാദം; അച്ഛന് പിഴ 3.30 ലക്ഷം രൂപ..!

toy-smash
SHARE

മകന്റെ ഒരു കുഞ്ഞു കുസൃതിക്ക് ഹോങ്കോങ്ങിലെ ഒരു അച്ഛന് അക്ഷരാർഥത്തിൽ വലിയ വില തന്നെ കൊടുക്കേണ്ടി വന്നു. ഒരു കുട്ടി ഷോപ്പിങ് മാളിലെ കളിപ്പാട്ടം പൊട്ടിച്ചവെന്ന് ആരോപിച്ച് പിതാവിൽ നിന്ന്  3.30 ലക്ഷം രൂപയാണ് കടക്കാർ ആവശ്യപ്പെട്ടത്. ഹോങ്കോങ്ങിലെ ഒരു ഷോപ്പിങ് മാളിലെ കളിപ്പാട്ടക്കടയിലാണ് സംഭവം നടന്നത്. മാളിലെ ഒരു ഡിസൈനർ കളിപ്പാട്ട സ്റ്റോറിന്റെ തറയിൽ സ്വർണ്ണ നിറത്തിലുള്ള ടെലിറ്റബ്ബീസ് പാവയുടെ കഷണങ്ങൾ കിടക്കുന്ന വി‍ഡിയോ വൈറലാണ്.

ഞായറാഴ്ച വൈകുന്നേരം ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും ഒപ്പം ലാങ്ഹാം പ്ലേസ് മാളിലെ കെകെ പ്ലസ് എന്ന സ്റ്റോറിലേക്ക് പോയതാണ് ചെങ് എന്നയാൾ. സ്വർണ്ണ നിറത്തിലുള്ള 1.8 മീറ്റർ ഉയരമുള്ള ഒരു പാവ ചെങ്ങിന്റെ മൂത്ത മകൻ പൊട്ടിച്ചുവെന്നാണ് കടക്കാർ ആരോപിച്ചത്. കളിപ്പാട്ട പ്രതിമ മകൻ തകർത്തുവെന്ന് ആരോപിക്കപ്പെട്ടതിനെത്തുടർന്ന് 3,30,168 രൂപയാണ് നഷ്ടപരിഹാരമായി കളിപ്പാട്ട സ്റ്റോറുകാർ ആവശ്യപ്പെട്ടത്.

ഒരു ഫോൺ കോൾ എടുക്കാൻ താൻ പുറത്തേക്ക് ഇറങ്ങിയെന്നും അപ്പോൾ ഒരു വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ചിതറിയ കളിപ്പാട്ടത്തെ നോക്കി നിശ്ചലനായി നിൽക്കുന്ന മകനെയാണ് കണ്ടതെന്നും ചെങ് പറയുന്നു. തന്റെ മൂത്തമകനാണ് കളിപ്പാട്ടം തകർത്തതെന്ന് കടയിൽ നിന്ന് ഒരു സ്റ്റാഫ് ഉദ്യോഗസ്ഥൻ ചെങ്ങിനോട് പറിഞ്ഞു. മകന്റെ തെറ്റാണെന്ന് വിശ്വസിച്ച് പാവയുടെ പണം നൽകാമെന്ന് അദ്ദേഹം സമ്മതിച്ചു. 

എന്നാൽ ഈ സംഭവത്തിന്റെ വിഡിയോ പിന്നീടാണ് ചെങ് കാണുന്നത്. വിഡിയോ ഓൺലൈനിൽ കണ്ടതിന് ശേഷം തന്റെ മകനെതിരെ തെറ്റായ കുറ്റമാണ് ചുമത്തിയതെന്ന് ആ അച്ഛൻ മനസ്സിലാക്കി. ഭാര്യ കെകെപ്ലസിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാളിൽ വച്ച് തന്റെ അടുത്തേയ്ക്കു വരുന്ന ഒരാൾക്ക് സ്ഥലം നൾകുന്നതിനായി അല്പം പിന്നിലേക്ക് കുട്ടി നീങ്ങിയപ്പോൾ പാവയിൽ തട്ടുകയും അത് മറിഞ്ഞുവീഴുകയായിരുന്നു. സംഭവം തന്റെ മകനെ ഏറെ വേദനിപ്പിച്ചതായി ചെങ് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പലരും കെകെപ്ലസ് ആ പിതാവിനെ കബളിപ്പിച്ചതായി ആരോപിച്ചു. കളിപ്പാട്ടത്തിന് അടുത്തേക്ക് ആളുകൾ വരുന്നത് തടയാൻ എന്തുകൊണ്ട് അവിടെ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തില്ല എന്നാണ് ഇവരുടെ ചോദ്യം. എന്നാൽ കഴിഞ്ഞ വർഷം നവംബർ മുതൽ കളിപ്പാട്ടം ഇതേ സ്ഥലത്തായിരുന്നുവെന്നും ഒരു ഉപഭോക്താവും അസൗകര്യത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും കെകെപ്ലസ് ഓൺലൈനിൽ ഒരു പ്രസ്താവന ഇറക്കി. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്പനി ഈ അനുഭവത്തിൽ നിന്ന് പഠിക്കുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE