ആശങ്കപ്പെട്ടത് സംഭവിച്ചു; സര്‍ക്കാര്‍ സ്ത്രീസമൂഹത്തെ വെല്ലുവിളിക്കുന്നു: രമ

kk rama-dileep
SHARE

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കുകയാണ് . അധിക കുറ്റപത്രം 30ന് സമര്‍പിക്കാനിരിക്കെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിടുന്നത്. ഇപ്പോഴിതാ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.കെ.രമ. സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിച്ചു അധികാരത്തിലെത്തിയ സർക്കാർ കേരളത്തിലെ മുഴുവൻ സ്ത്രീസമൂഹത്തെയുമാണ് വെല്ലുവിളിക്കുന്നതെന്നും സംശയമുനയിലുള്ളവരെയെല്ലാം മാറ്റി നിർത്തി കുറ്റപത്രം നൽകുന്നതിലൂടെ കേസ് അട്ടിമറിക്കുകയാണ് സർക്കാരെന്നും കെ.കെ.രമ ഫെയ്സ്ബുക്ക് കുറുപ്പില്‍ പറയുന്നു.

കുറിപ്പ്‌‌:

നടി അക്രമിക്കപ്പെട്ട കേസിൽ പൊതുസമൂഹം ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. അന്വേഷണത്തിന്‍റെ നിർണായക ഘട്ടത്തിൽ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതോടെ തുടരന്വേഷണങ്ങൾ തടസ്സപ്പെട്ടിരുന്നു. സംശയമുനയിലുള്ളവരെയെല്ലാം മാറ്റി നിർത്തി കുറ്റപത്രം നൽകുന്നതിലൂടെ കേസ് അട്ടിമറിക്കുകയാണ് സർക്കാർ. ഇരയോടൊപ്പമെന്ന്  പറഞ്ഞ് ഒരു കൈകൊണ്ടു അതിജീവിതയെ തലോടുകയും മറുകൈകൊണ്ടു പ്രതികളെ  സഹായിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ആഭ്യന്തരവകുപ്പും വകുപ്പുതലവനായ മുഖ്യമന്ത്രിയും ചെയ്യുന്നത്.

കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകളിലടക്കം കൃത്രിമം നടന്നു എന്നും സുപ്രധാന രഹസ്യ രേഖകൾ ചോർന്നു എന്നും ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. അതോടൊപ്പം പ്രധാന സാക്ഷികൾ കൂറുമാറിയതിലും പ്രതിഭാഗത്തിന്റെ പങ്ക് സംബന്ധിച്ച് മാദ്ധ്യമ വാർത്തകൾ വന്നിരുന്നു.പ്രോസിക്യുട്ടറെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയും അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയും പ്രതികൾക്കുള്ള എല്ലാ സംരക്ഷണവുമുറപ്പിക്കുകയായിരുന്നു സർക്കാർ. അത്തരമൊരു സാഹചര്യത്തിൽ ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിച്ചു അധികാരത്തിലെത്തിയ സർക്കാർ കേരളത്തിലെ മുഴുവൻ സ്ത്രീസമൂഹത്തെയുമാണ് വെല്ലുവിളിക്കുന്നത്.ആത്മാഭിമാനമുള്ള കേരളീയ സ്ത്രീസമൂഹം ഇത് പൊറുക്കില്ല. നീതിബോധമുള്ള മുഴുവൻ മനുഷ്യരും ഈ നീതികേടിനെതിരെ രംഗത്തുവരണം.

MORE IN SPOTLIGHT
SHOW MORE