വനത്തിൽ കാണാതായി 18 ദിവസം; ഫോറസ്റ്റ് വാച്ചർ എവിടെ?; ഉത്തരമില്ല; ദുരൂഹത

forestwatchermissingcase
SHARE

സൈലന്റ് വാലി സൈരന്ദ്രിയിലെ ഫോറസ്റ്റ് വാച്ചറുടെ തിരോധാനത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്. വാച്ചർ രാജനെ കാണാതായി 18 ദിവസം പിന്നിടുമ്പോഴും രാജന്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. വനംവകുപ്പിന്റെ തിരച്ചിലിന് പിന്നാലെ പൊലീസും വനത്തിനുള്ളിൽ പരിശോധന ആരംഭിച്ചിരിക്കുകയാണ്.  കൊല്ലം കടയ്ക്കലിൽ നിന്ന് കാണാതായ രാഹുലിന്റെ തിരോധാനത്തിൽ പുരോഗതികളൊന്നും ഇല്ലാതെ തുടരുന്നതിനിടയിലാണ് വനാതിർത്തി പ്രദേശത്തെ മറ്റൊരു ദുരൂഹ തിരോധാനം.

മെയ് 3 ന് രാത്രി ഭക്ഷണം കഴിച്ച് ക്യാമ്പ് റൂമിലേക്ക് പോയ രാജനെ പിന്നീടാരും കണ്ടിട്ടില്ല. മെസും ക്യാമ്പും തമ്മിലുള്ള 50 മീറ്റർ ദൂരത്തിനിടയിൽ ഉപയോഗിച്ചിരുന്ന ചെരുപ്പും ടോർച്ചും കണ്ടെടുത്തിട്ടുണ്ട്. ആരോടും പറയാതെ ഒരു രാത്രിക്കപ്പുറം രാജൻ മറഞ്ഞത് എങ്ങോട്ടാണെന്ന അന്വേഷണം ആഴ്ചകൾ പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല

20 വര്‍ഷത്തിലധികമായി സൈലന്റ് വാലിയിലെ താൽകാലിക ഫോറസ്റ്റ് വാച്ചറായ രാജന് കാടും കാട്ടുവഴികളുമെല്ലാം കാണാപാഠമാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹം ‌വഴിതെറ്റി മറ്റെവിടേക്കെങ്കിലും പോകാനുള്ള സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വന്യ‌മൃഗങ്ങളുള്ള മേഖലയാണെങ്കിലും സംഭവം നടന്ന ദിവസം വന്യമൃഗത്തിന്റെ സാന്നിധ്യമോ അത്തരമൊരു ആക്രമണം നടന്നതിന്റെ തെളിവുകളോ ലഭിച്ചിട്ടില്ല.  വന്യമൃഗങ്ങളുടെ ആക്രമം നടന്നാൽ ഉണ്ടാകേണ്ട വലിച്ചിഴച്ചതിന്റെ പാടുകളോ രക്തക്കറയോ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

പ്രദേശത്ത് മോവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്.   രാജന്റെ ഫോണ്‍ പരിശോധനയിലും‌ സംശയിക്കത്തക്ക ഒന്നും കണ്ടെത്താനായിട്ടില്ല. വനത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളിലും ഇതിനോട‌കം പരിശോധന നടത്തിയെങ്കിലും കേസിന് തുമ്പുണ്ടാക്കാനായിട്ടില്ല.

വനം വകുപ്പിന്റെ വയനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘം ഉൾപ്പെടെ വലുതും ചെറുതുമായി സംഘങ്ങൾ കാട്ടിൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാൽ വിദഗ്ധ സംഘത്തിന്റെ തിരച്ചിൽ ഇതിനോടകം വനം വകുപ്പ് അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ അഗളി പൊലീസ് വനത്തിൽ തെരച്ചിലില്‍ ആരംഭിച്ചിരിക്കുകയാണ്.

കേരള ബോഡറിന് പുറത്ത് രാജൻ സ്വമേധയാ പോയതിന്റെ സാധ്യതയാണ് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ഇത് സ്ഥരീകരിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ജനവാസ മേഖലയിൽ അല്ലാത്തതിനാൽ അസാധാരണ സംഭവം വനംവകുപ്പ് വാച്ചർന്മാര്‍ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ആശങ്കയിലാക്കിയിരിക്കുകയാണ്. അടുത്ത മാസം 11 ന് മകളുടെ വിവാഹം നടക്കാനിരിക്കെ നടന്ന തിരോധാനത്തിന് ഇതുവരെ ഒരു തെളിവും കണ്ടെത്താൻ പൊലീസിനോ വനം വകുപ്പിനോ സാധിച്ചിട്ടില്ല.

കൊല്ലം കടയ്ക്കലിലെ വന പ്രദേശത്ത് നിന്ന് കാണാതായ രാഹുലിന്റെയും പാലക്കാട്ടെ തന്നെ മുതലമടയിൽ നിന്ന് കാണാതായ ആദിവാസി യുവാക്കളുടെ തിരോധാനത്തിലും മാസങ്ങൾ പിന്നിട്ടിട്ടും ഉത്തരം കണ്ടെത്താനായിട്ടില്ല. 

MORE IN SPOTLIGHT
SHOW MORE