ധനുഷ് മകനെന്ന വാദം; ദമ്പതികളിൽ നിന്ന് 10 കോടി നഷ്ടപരിഹാരം ചോദിച്ച് താരം

dhanush
SHARE

മാതാപിതാക്കൾ ആണെന്ന് അവകാശപ്പെട്ടെത്തിയവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് തമിഴ് സൂപ്പർതാരം ധനുഷ്. മധുരയിൽ നിന്നുള്ള ദമ്പതികളിൽ നിന്നും പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകൻ അഡ്വ. എസ്. ഹാജ മൊയ്ദീൻ ആണ് നോട്ടീസയച്ചത്.

ധനുഷിനെതിരെ വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസിൽ ആവശ്യപ്പെടുന്നു. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. ധനുഷ് തങ്ങളുടെ മകനാണെന്നും സാമ്പത്തികമായി മോശം അവസ്ഥയിലായതിനാൽ മാസം 65,000 രൂപവീതം നൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കെ.കതിരേശൻ - മീനാക്ഷി ദമ്പതികളാണ് വർഷങ്ങൾക്ക് മുൻപ് കോടതിയെ സമീപിച്ചത്.

മകനാണെന്നു തെളിയിക്കാൻ മധുര സ്വദേശികളായ ദമ്പതികൾ സൂചിപ്പിച്ച അടയാളങ്ങൾ ധനുഷിന്റെ ശരീരത്തിലില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു. അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. 

ധനുഷ് തങ്ങളുടെ മകനാണെന്നും സ്കൂളിൽ പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടതാണെന്നുമാണ് ഇവരുടെ വാദം.

MORE IN SPOTLIGHT
SHOW MORE