തട്ടിക്കോ!; കൊച്ചിയെയും കടത്തിവെട്ടി ‘ഹിറ്റ് ചാർട്ടിൽ’ തിരുവനന്തപുരം നമ്പർ: 1

tvm-online-food
SHARE

തിരുവനന്തപുരം: ഫുഡ് ‘അടി’യുടെ കാര്യത്തിൽ ഇടിച്ചു കയറി ‍ശാ‍പ്പാട്ടു രംഗം കൊഴുപ്പിക്കു‍ന്നതാണ് നമ്മുടെ ശീലം. ഹാളിലെ അടച്ചിട്ട ഗ്രിൽ തുറക്കു‍മ്പോഴേക്ക് തള്ളിക്കയറി വിളമ്പിയ സദ്യ‍യോ ബിരിയാണിയോ എന്താണെന്നു വച്ചാൽ അകത്താക്കി‍യിരുന്ന ഒരു കാലമുണ്ടായിരുന്നു.

അവരുടെ കി‍ഡ്സും മൊബൈൽ ഫോൺ സ്ക്രീൻ ‘ട‍ച്ചു’ ചെയ്ത് ഭക്ഷണം വീട്ടിലേക്കു വരുത്തി‍ക്കുകയാണിപ്പോൾ. ഓൺലൈൻ ഫുഡ് വിതരണ കമ്പനികളുടെ ‘ഡെലിവറി ബോയ്സ് ആൻഡ് ഗേൾ‍സിന്റെ’ തിരക്കാണ് ഫ്ലാറ്റുകളിലും റസി‍‍ഡന്റ്സ് ഏരി‍യകളിലും. കോവിഡ് കാലത്ത് വച്ചടി വച്ചടി കയറിയ തിരുവനന്തപുരത്തിന്റെ ഓൺലൈൻ ഭക്ഷണ ഭ്രമം ഇപ്പോൾ ഉച്ചസ്ഥായി‍ലായി. ഓൺലൈൻ ഫുഡ് ചാർട്ടിൽ കൊച്ചിയായിരുന്നു ഒന്നാമത്. എന്നാലിന്ന് ചാർട്ടിൽ കൊച്ചിയെ തള്ളിയിട്ട് ഇടിച്ചു കയറിയിരിക്കു‍കയാണ് തലസ്ഥാനം.

കൊച്ചിയെയും കടത്തിവെട്ടി

ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തുള്ള പ്രമുഖ കമ്പനിക്ക് ഒരു ദിവസം 12,000 മുതൽ 15,000 വരെ ഓർഡറുകൾ ലഭിക്കു‍ന്നുണ്ടെന്നാണ് കണക്ക്. രണ്ടു കമ്പനികളാണ് പ്രധാനമായും രംഗത്തുള്ളത്. പിന്നെ ചെറിയ ചില കമ്പനികളും. എല്ലാം കൂടി കുറഞ്ഞത് 30,000 ഓർഡറുകൾ വരെ തിരുവനന്തപുരത്ത് വിളമ്പുന്നതാ‍യാണ് കണക്ക്. 7 മുതൽ 10 ലക്ഷം രൂപയുടെ വരെ ബിസിനസ് പ്രതിദിനം നടക്കുന്നു. മുൻപ് കൊച്ചിക്കാർ കാൽ ലക്ഷത്തിലേറെ ഓർഡറുകൾ നൽകിയിരുന്നതാണ് റെക്കോർഡ്. രണ്ടു മൂന്നു മാസങ്ങളിലായി തിരുവനന്തപുരം അവരെയും കടത്തി വെട്ടി‍യിരിക്കുകയാണ്.

ഗ്രാഫ് ഉയരുന്നത് വാരാന്ത്യങ്ങളിൽ

വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങ‍ളിലാണ് തലസ്ഥാനത്ത് ഫുഡ് ബിസിനസിന്റെ ഗ്രാഫ് ‘പീ‍ക്കിൽ’ എത്തുന്നത്. പെരുന്നാ‍ളോ ഉത്സ‍വമോ പൊതു ഒഴിവു ദിനങ്ങ‍ളോ ആണെങ്കിൽ കച്ചവടം പൊടിപൊടിക്കു‍ം. നഗരത്തിലും പരിസരത്തുമായി ഓൺലൈൻ ഫുഡ് വിതരണ ശൃംഖലയിൽ കണ്ണികളായ 750 വരെ സ്ഥാപനങ്ങളുണ്ട്. ഇത്രയും ഹോട്ടലുകളും റസ്റ്ററന്റുകളും തലസ്ഥാനത്തുണ്ടോ‍യെ‍ന്നു അമ്പര‍ക്കരുത്. എട്ടോ പത്തോ പേർക്ക് വിളമ്പാൻ സൗകര്യമുള്ള ചെറിയ ഹോട്ടലുകളും ബേക്കറികളും വരെ ഈ കണ്ണിയിൽ അംഗങ്ങളാണ്. ബേക്കറി‍യെന്നാൽ ലഡുവും ജിലേബി‍യും പ‍ഫ്സും കേക്കും വിറ്റിരുന്ന സ്ഥലം മാത്രമല്ല, ഇന്ന് അവിടെ ഷ‍വർമയും ഷവാ‍യിയും ചിക്കൻ കറിയും ബിരിയാണിയും വരെ പാഴ്സലായി കിട്ടും.

ചിക്കൻ തന്നെ ‘നമ്പർ വൺ’

ഓൺലൈൻ ഓർഡർ സൗകര്യം തിരഞ്ഞെടുക്കു‍ന്നവരുടെ ഇഷ്ട വിഭവം ചിക്കൻ ആണെന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നിലൊന്നു പേർക്കും ചിക്കൻ ചേർത്ത വിഭവങ്ങളോ‍ടാണ് താൽപര്യം. അറേബ്യൻ വിഭവങ്ങളും ബിരിയാണി‍യുമാണ് ചിക്കൻ ഐറ്റം‍സിൽ മുൻപന്തിയിൽ. ഷവർമ കഴിച്ച് വിദ്യാർഥി മരിക്കുകയും പരിശോധന വ്യാപ‍കമാകുകയും ചെയ്തപ്പോൾ ഇടിവുണ്ടായി എന്നതൊഴിച്ചാൽ വിപിണി‍യിലെ ജനപ്രിയ ഇനം ചിക്കൻ തന്നെ. പണ്ട് തിരുവന്തോര‍ത്തുകാരനും ഇപ്പോൾ ‘ട്രിവി‍യനുമായ’ തലസ്ഥാനവാ‍സികളാണ് ഇപ്പോൾ ചിക്കൻ വിഭവങ്ങളുടെ ബ്രാൻഡ് അംബാ‍സിഡർ.

മറക്കുമോ ‘വെ‍ജിനെ’

വെജ് വിഭവങ്ങൾ പൂർണമായി മറന്നിട്ടില്ല. ദോശയ്ക്കും സാമ്പാറിനും ചമ്മ‍ന്തിക്കും ആവശ്യക്കാർ ഏറെ. ഇച്ചിരി വെറൈറ്റി വേണമെന്നു മാത്രം. ചോക്ലേറ്റ് ദോശ, പനീർ ദോശ... അങ്ങനെ അങ്ങനെ. ഈയിടെയായി ബ്രേക്ക് ഫാസ്റ്റിനും ആവശ്യക്കാർ ഏറിയിട്ടുണ്ട്. വെളുപ്പിനെ എണീറ്റ് അടുക്കളയിൽ കയറാൻ ആർക്കും താൽപര്യമില്ല. ആഴ്ചയിൽ 6 ദിവസവും അടുക്കളയിലും ഓഫിസിലുമായി അധ്വാനിക്കുന്ന സ്ത്രീകൾ രാവിലെ ഫു‍ഡിന്റെ കാര്യം നോക്കി‍ക്കോളാൻ ഭർത്താവിനോടു പറയുന്നു.

ഭർത്താവ് രാവിലെ തന്നെ ഓൺലൈൻ ആപ് തുറന്ന് ഫുഡ് ഓർഡർ ചെയ്ത് കാത്തിരിക്കുന്നു. ഫുഡ് ഡെലിവറി ആപ്പുകൾ 25 % വരെ കമ്മിഷൻ കൈപ്പറ്റുന്നതായാണു ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്. ഓഫറുകൾ പലതും ഐറ്റം‍സിന് വില കൂട്ടിയ ശേഷം കുറയ്ക്കുന്ന വിദ്യ‍യാണത്രേ. ഇരിക്കുന്നി‍ടത്ത് ഫുഡ് എത്തുന്ന ആശ്വാസത്തിൽ കാ‍ശിനെക്കുറിച്ച് ആരും ‘മൈൻഡ്’ ചെയ്യാറില്ല.

MORE IN SPOTLIGHT
SHOW MORE