‘മരിച്ച മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെ’; വൈറൽ കുറിപ്പ്

shimna-fb
SHARE

ഗാർഹിക പീഡനത്തെത്തുടർന്നു ഭർതൃവീട്ടിൽ ജീവനൊടുക്കുന്ന യുവതികളുടെ എണ്ണം കൂടി വരികയാണ്. ഏറ്റവും ഒടുവിൽ കോഴിക്കോട് ഷഹാന എന്ന യുവതിയും വേദനിപ്പിക്കുന്ന ഓർമയായി. എന്തിനാണ് സർവ്വവും സഹിച്ച് ആ വീട്ടിൽ ജീവിക്കുന്നതെന്നു ‍ഡോ. ഷിംന അസീസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു.  ഇന്ന്‌ ശരിയാകും, മറ്റന്നാൾ നേരെയാവും' എന്ന്‌ പറഞ്ഞ്‌ ആ കുട്ടിയെ അവന്‌ അവന്റെ വീട്ടിൽ പന്തുതട്ടാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്‌..! ഇറങ്ങിപ്പോരാൻ പറഞ്ഞേക്കണം– ഷിംന കുറിക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം

ഇന്നും കണ്ടു ഒരു പെൺകുട്ടിയുടെ മരണത്തെ തുടർന്ന്‌ 'എന്റെ മോൾ ആത്മഹത്യ ചെയ്യില്ല... അവൻ കൊന്നതാണേ....' വിലാപം. പതിവ് പോലെ മരിച്ച കുട്ടിയെ ഭർത്താവ് ഉപദ്രവിക്കാറുണ്ട്‌, മകൾ പരാതി പറഞ്ഞിട്ടുണ്ട്‌ തുടങ്ങിയ അമ്മയുടെ ആരോപണങ്ങളും...

അറിയാൻ വയ്യാഞ്ഞിട്ട്‌ ചോദിക്യാണ്‌, പെൺമക്കൾക്ക്‌ ഒത്ത്‌ പോവാൻ കഴിയാത്ത ബന്ധമാണെന്ന്‌ പറഞ്ഞാൽ പിന്നെ 'ഇന്ന്‌ ശര്യാവും, മറ്റന്നാൾ നേരെയാവും' എന്ന്‌ പറഞ്ഞ്‌ ആ കുട്ടിയെ അവന്‌ അവന്റെ വീട്ടിൽ പന്തുതട്ടാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്‌..! ഇറങ്ങിപ്പോരാൻ പറഞ്ഞേക്കണം.

ഇനി അഥവാ മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത്‌ പിടിക്കണം. അപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് നിങ്ങളവളുടെ കൂടെ നിൽക്കേണ്ടത്..! അഭിമാനവും ആകാശവും ഒന്നിച്ച്‌ ഇടിഞ്ഞ്‌ വീഴാനൊന്നും പോണില്ല. കൂടിപ്പോയാൽ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ്‌ ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച്‌ വല്ലതും പറഞ്ഞുണ്ടാക്കും. അത്‌ നുണയാണെന്ന്‌ നാല്‌ ദിവസം കഴിയുമ്പോൾ എല്ലാർക്കും തിരിഞ്ഞോളും. അത്ര തന്നെ.  

മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയ്യീന്ന്‌ പോയിട്ട്‌ കുത്തിയിരുന്ന്‌ നെലോളിച്ചാൽ പോയവര്‌ തിരിച്ച്‌ വരില്ല. 

മകളാണ്‌, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്‌, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്‌... അല്ല, നിങ്ങളും നിങ്ങൾ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേർത്തൊടുക്കുന്നത്‌. കഥാപാത്രങ്ങളേ മാറുന്നുള്ളൂ... കഥയെന്നുമത്‌ തന്നെ !

Dr. Shimna Azeez

MORE IN SPOTLIGHT
SHOW MORE