വാഴ്ത്തപ്പെട്ട ദേവസഹായം പിളള വിശുദ്ധപദവിയിലേയ്ക്ക്; ഞായറാഴ്ച റോമില്‍ പ്രഖ്യാപനം

devawb
SHARE

വാഴ്ത്തപ്പെട്ട ദേവസഹായം പിളള വിശുദ്ധപദവിയിലേയ്ക്ക്. ‍ഞായറാഴ്ച റോമില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപനം നടത്തും. അദ്ദേഹം രക്തസാക്ഷിത്വം വരിച്ച നാഗര്‍കോവിലിനടുത്തുളള കാറ്റാടിമലയില്‍  ആയിരങ്ങളാണ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി എത്തുന്നത്. 

പതിററാണ്ടുകള്‍ക്ക് മുമ്പ് തന്നെ കാറ്റാടിമലയുടെ വിശുദ്ധനാണ് ദേവസഹായംപിളള. കത്തോലിക്കാ സഭ അദ്ദേഹത്തെ ഒൗദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ആഹാളാദ നിറവിലാണ് നാഗര്‍കോവിലിനടുത്തുളള ഈ ഗ്രാമവും പരിസര വാസികളും. ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് പിന്നീട് ലാസര്‍ ദേവസഹായം പിളളയായത്. കന്യാകുമാരിയിലെ നട്ടാലത്ത് 1712 ലായിരുന്നു നീലകണ്ഠപിളളയുടെ ജനനം. തിരുവിതാകൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിളള.  1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് നേവിയുടെ ക്യാപ്ററന്‍ ‍‍ഡിലനോയി തടവിലാക്കപ്പെട്ടു. ക്യാപററന്റെ യുദ്ധവൈദഗ്ധ്യത്തിലും  സ്വഭാവമഹിമയിലും വിസ്മയിച്ച  മഹാരാജാവ് അംഗരക്ഷക സേനയുടെ അധിപനാക്കിയതോടെയാണ് നീലകണ്ഠപിളളയുമായി ഉററചങ്ങാത്തത്തിലാകുന്നത്. ക്യാപ്ററന്റെ  വിശ്വാസത്തില്‍ ആകൃഷ്ടനായാണ് നീലകണ്ഠപിളള ജ്‍ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് വരുന്നത്. നീലകണ്ഠപിളളയുടെ മതപരിവര്‍ത്തനം രാജാവിന്റെ അപ്രീതിക്ക് കാരണമായെന്നാണ് ചരിത്രം. ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ 1752 ജനുവരി 14 ന് കാറ്റാടിമലയില്‍വച്ച് ദേവസഹായംപിളളയെ വെടിവച്ച് കൊന്നു. പിന്നീട് ഇവിടേയ്ക്ക് വിശ്വാസികള്‍ കൂട്ടത്തോടെ എത്തി. 

1778 ല്‍ റോമിലേയ്ക്ക് യാത്ര നടത്തിയ കരിയാററില്‍ മല്പാനും പാറേമ്മാക്കല്‍ തോമാക്കത്തനാരും 1780 ല്‍  ദേവസഹായംപിളളയുടെ ജീവചരിത്രം നാമകരണ നടപടികള്‍ക്കായി സമര്‍ച്ചുവെന്ന് മലയാളത്തിലെ ആദ്യയാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകത്തിലെ 49ാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2012 ഡിസംബര്‍ 2 നാണ് ദേവസഹായംപിളളയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. 

MORE IN SPOTLIGHT
SHOW MORE