കൈയിലിരിക്കുന്ന ഗ്ലാസിൽ നിന്ന് തലനീട്ടി വെള്ളം കുടിക്കുന്ന രാജവെമ്പാല; അമ്പരപ്പ്, വിഡിയോ

king-cobra-drinking-water
SHARE

കൈയിലിരിക്കുന്ന ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം കൗതുകമാകുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ വിഷപ്പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഈ രാജവെമ്പാലയാണ് ഗ്ലാസ്സിൽ നിന്ന് കൂളായി വെള്ളം കുടിക്കുന്നത്. സ്നേക്ക് യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം തീരെക്കുറവുള്ള ജീവിയാണിവ. എന്നാൽ ചില വിദേശരാജ്യങ്ങളിൽ ഇവയെ വീടുകളിൽ വളർത്താറുണ്ട്. ഇത്തരത്തിൽ എടുത്തതാകാം ഈ വിഡിയോ എന്നാണ് നിഗമനം. 20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.

അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും (ഡ്രൈ ബൈറ്റ്) കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്. ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. താൻ അപകടത്തിലാണെന്നു പാമ്പിനു തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ. അതേസമയം, മുട്ടയിട്ട് അടയിരിക്കുന്ന സമയത്ത് രാജവെമ്പാലയുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം പാമ്പിന് അങ്ങേയറ്റം രൗദ്രസ്വഭാവമായിരിക്കും. ഈ സമയത്ത് പരിസരത്തെത്തുന്ന എന്തിനെയും ആക്രമിക്കും.‌

MORE IN SPOTLIGHT
SHOW MORE