'പൃഥ്വിയുമായി നല്ല കെമിസ്ട്രി; ആ രഹസ്യം‌'; ‘തോക്കെടുത്ത’ കഥ പറഞ്ഞ് സുരാജ്

surajvenjaramood
SHARE

എൻകൗണ്ടറിൽ ആളുകളെ വെടിവച്ച് കൊല്ലുന്ന സുരാജ് വെഞ്ഞാറമ്മൂടോ..? ഓരോ ചിത്രത്തിലും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷരെ വിസ്മയിപ്പിക്കുകയാണ് നടൻ സുരാജ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലെ വ്യത്യസ്തതയും അഭിനയിച്ച് ഫലിപ്പിക്കുന്നതിലെ മിടുക്കും അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. എന്താണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ? സുരാജ് വെഞ്ഞാറമ്മൂട് മനോരമ ന്യൂസ് ഡോട്കോമിന് നൽകിയ പ്രത്യേക അഭിമുഖം.

ചിരിച്ചും ചിരിപ്പിച്ചും നടന്ന സുരാജിപ്പോൾ 'ആളുകളെ വെടിവച്ച് കൊല്ലുന്നു'. മാറ്റത്തിന് പിന്നിൽ?

അങ്ങനെ ഒരു ആരോപണമുണ്ടോ എന്റെ പേരിൽ‌.. (ചിരി) ജന ഗണ മനയിലെ കഥാപാത്രത്തിന് ചിലരെ വെടിവച്ച് കൊല്ലേണ്ട സാഹചര്യം വന്നു. അപ്പോൾ അത് ചെയ്തു.  ഇതല്ല, ഇതിനപ്പുറം ചെയ്യണമെന്നുണ്ട് എനിക്ക്. പക്ഷേ എന്നെകൊണ്ട് വ്യത്യസ്ത ഷേഡുകളൊക്കെ ചെയ്യിക്കാമെന്നും വിജയിപ്പിക്കാമെന്നും സംവിധായകനും തോന്നണമല്ലോ. ഇപ്പോൾ അങ്ങനെയുള്ള ഒരുപാട് റോളുകൾ തേടി എത്തുന്നുണ്ട്. ഇതിനോടകം അങ്ങനെ ചില വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാനും അതൊക്കെ പ്രേക്ഷകർ സ്വീകരിക്കാനും ഭാഗ്യമുണ്ടായി.

ജന ഗണ മനയിലെ കഥാപാത്രവും അതിലേക്ക് എത്തിയതും?

പടത്തിൽ ഞാൻ എസിപി സഞ്ജയ് കുമാർ എന്ന ശക്തമായൊരു പൊലീസ് വേഷമാണ് ചെയ്തത്. ഒരുപാട് ഭാവങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രം. സിനിമയുടെ കഥ സംവിധായകൻ ആദ്യമായി പറയുന്നത് എന്നോടാണ്. ഞാനാണ് ഒപ്പം പൃഥ്വിയെ സജസ്റ്റ് ചെയ്തത്. കഥ കേട്ടപ്പോൾ തന്നെ പൃഥിക്കും ഇഷ്ടമായി. രണ്ട് ദിവസംകൊണ്ട് മറ്റെല്ലാം ശരിയായി. പക്ഷേ, കോവിഡ് കാരണമാണ് റിലീസ് കുറച്ച് നീണ്ടു പോയത്.

നമ്മുടെ സിസ്റ്റത്തെ കുറിച്ചും അതിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം ചർച്ചചെയ്യുന്നത്.  ഇരയാക്കപ്പെടുന്ന ഒരു പൊലീസുകാരന്‍റെ കഥ. ശരിക്കും ഞാനും പൃഥ്വിയും നായകന്മാർ തന്നെയാണ്. രണ്ട് ഹീറോസുള്ള സിനിമയെന്ന് പറയാം.

പൃഥ്വിരാജുമൊത്ത് 'ഡ്രൈവിങ് ലൈസൻസ്' ചെയ്തല്ലോ? വീണ്ടും ഒരുമിച്ചാല്‍ സാമ്യം വരുമെന്ന്  തോന്നിയിരുന്നോ??

ഒരിക്കലുമില്ല‍. ആ ഉറപ്പുള്ളതുകൊണ്ടാണ് പൃഥ്വിയെ തന്നെ സജസ്റ്റ് ചെയ്തത്. 'ഡ്രൈവിങ് ലൈസൻസ്' ഇഗോയുടെ കഥ പറയുന്ന സിനിമയാണ്. ഈ സിനിമയുടെ പശ്ചാത്താലം തന്നെ വ്യത്യസ്തമാണ്. ആർക്കും സാമ്യം തോന്നില്ല. അങ്ങനെയൊരു സാമ്യവും ഇല്ല എന്നതാണ് സത്യം.

പൃഥ്വിരാജും സുരാജ‌ും തമ്മിൽ ഒരു പ്രത്യേക കെമസ്ട്രിയുണ്ടോ?

ഞങ്ങള്‍ തമ്മിലൊരു വലിയ കെമസ്ട്രി ഉണ്ടെന്നത് സത്യമാണ് പക്ഷേ അത് എന്താണ് എങ്ങനെയാണ് എന്നൊന്നും ഞാൻ പറയില്ല. അത് പറഞ്ഞാൽ വേറെ ഒരാൾക്ക് അങ്ങോട്ടേക്ക് വരാൻ കഴിയില്ലേ. അത് രഹസ്യമായി തന്നെയിരിക്കട്ടെ.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളൊക്കെ തിരഞ്ഞെടുക്കുന്നതാണോ? ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൊക്കെ എന്തായിരുന്നു ലഭിച്ച പ്രതികരണങ്ങൾ?

എന്നെകൊണ്ട് നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളും ചെയ്യാനാവും എന്ന് സംവിധായർക്കൊക്കെ തോന്നിയത് കൊണ്ടാണ് അത്തരം കഥാപാത്രങ്ങളൊക്കെ വരുന്നത്. അതൊക്കെ ചെയ്യാൻ സാധിക്കുന്നതിനു പിന്നിൽ ഒരു വലിയ ഘടകമുണ്ട്. ഇതുവരെ ലഭിച്ച അനുഭവങ്ങള്‍. ഒപ്പം മലയാളത്തിലെ ലെജന്റ്സിനൊപ്പമാണ് ഇത്രയും നാൾ അഭിനയിച്ചത്. അവരിൽ നിന്നൊക്കെ ഒരുപാട് ‌പഠിച്ചു. 

ഗ്രേറ്റ് ഇന്ത്യൻ കിച്ചനില്‍ സത്യത്തിൽ ഞാനൊരു നെഗറ്റീവ് കഥാപാത്രമാണോ?.. നമ്മുടെയൊക്കെ പരിചയത്തിലുള്ള ഒരാളാണ് അതിലെ നായകൻ. ആ കഥാപാത്രത്തെ വില്ലനായിട്ട് തോന്നിയെങ്കിൽ അത് വിജയിച്ചുവെന്ന് വേണം പറയാൻ. ചിത്രത്തിന് ഇത്രവലിയ പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയല്ല.

കോമഡി കഥാപാത്രങ്ങളാണോ അതോ സീരിയസ് ആണോ ഫലിപ്പിക്കാൻ ബുദ്ധിമുട്ട്?

രണ്ടിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. അഭിനയം ഒരു ഈസി പണിയല്ല. കോമഡിയായാലും സീരിയസ് ആയാലും അത് ഫലിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാജയമല്ലേ? 

ആഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പ് റിലീസ് ആയിരുന്നു.. തമിഴിലേക്ക് ക്ഷണമുണ്ടോ?

ചിത്രം കണാൻ എനിക്ക് സാധിച്ചില്ല. തമിഴിലേക്കും ഓഫറുകൾ ലഭിക്കുന്നുണ്ട്. പക്ഷേ എനിക്ക് ഇവിടെയാണ് ഇഷ്ടം. ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടുകൾ നന്നായി ചെയ്യണം. 

'ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തില്‍ നായകന് കടല വിളമ്പിയ മനുഷ്യനാണ് ഇപ്പോൾ നായകനെ നിന്ന് വിറപ്പിക്കുന്നത്'. ചർച്ചകൾ കണ്ടിരുന്നോ?

(വീണ്ടും ചിരി).. നിങ്ങളിത് പറയുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. തിരിഞ്ഞ് നോക്കുമ്പോൾ പിന്നിട്ട വഴികളൊക്കെ അത്ഭുതമാണ്. സിനിമ സ്വപ്നം കാണാൻ പോലും അവകാശമില്ലെന്ന് കരുതിയ വെഞ്ഞാറമ്മൂട് എന്ന ഗ്രമത്തിലെ തികച്ചും സാധാരണക്കാരനായിരുന്നു. ഇത്രയും സിനിമകളിൽ അഭിനയിക്കുവാനും കുറച്ചു പേരുടെയെങ്കിലും ഇഷ്ടം നേടാനും കഴിഞ്ഞതൊക്കെ മഹാഭാഗ്യമാണ്. ഒരുപാട് പ്രയത്നവും കഠിനാധ്വാനവുമൊക്കെ ഉണ്ടെങ്കിലും ദൈവാനുഗ്രഹമാണ്.

 

പുതിയ ചിത്രങ്ങൾ 

വരുന്ന മെയ് 13 ന് ഇന്ദ്രജിത്തിനൊപ്പം പത്താംവളവ് എന്ന പുതിയ ചിത്രം റിലീസാകുകയാണ്. ജോസഫിനു ശേഷം സംവിധായകൻ ചെയ്യുന്ന ചിത്രമാണ്. ഇതും ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. നീതി നിഷേധിക്കപ്പെടുന്നവരുടെ കഥയാണ്. പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. മാത്രമല്ല കോമഡിയും ത്രില്ലറുമൊക്കെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE