'റേസ് മരിച്ച മുൻ കോൺഗ്രസ് കൗൺസിലറിനുവേണ്ടി; രാഷ്ട്രീയമല്ല; മനുഷ്യത്വം വേണം' ബിനു

jojubinupappu
SHARE

നടൻ ജോജു ജോർജ് പങ്കെടുത്ത വാഗമണ്ണിലെ ഓഫ് റോഡ് മത്സരത്തെക്കുറിച്ചുള്ള വിവാദങ്ങൾ പുകയുകയാണ്. ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് ജോജുവിനെതിരെ പൊലീസ് കേസെടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സംഭവത്തിലെ യാഥാര്‍ഥ്യവും ആരോപണങ്ങൾക്ക് പിന്നിലെ കാരണങ്ങളും മനോരമ ന്യൂസ് ഡോട് കോമിനോട് വെളിപ്പെടുത്തുകയാണ് സംഘാടകരിൽ ഒരാളും ജോജുവിന്റെ സഹ ഡ്രൈവറുമായിരുന്ന നടൻ ബിനു പപ്പു.

വിലക്കുണ്ടെന്ന് അറിഞ്ഞാണോ മത്സരം സംഘടിപ്പിച്ചത്?

ഞങ്ങൾ നടത്തിയത് ഓഫ് റോഡ് റേയ്സാണ്. എന്നാൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്‌ ഓഫ് റോഡ് സഫാരിക്കാണ്. ആവശ്യമായ എല്ലാ മുൻ കരുതലുകളോടെയും ഒരു വലിയ ലക്ഷ്യത്തിനായി ഒന്നിച്ച പരിപാടിയാണ് ഇത്തരത്തിൽ വിവാദങ്ങളിലേക്ക് വലിച്ചിടുന്നത്. സംഘാടകരുടെ ക്ഷണപ്രകാരം പരിപാടിയിൽ പങ്കെടുക്കാനാണ് ജോജു വന്നത്. പക്ഷേ സുരക്ഷാ മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെ മത്സരം സംഘടിപ്പിച്ചുവെന്ന് വ്യാജ പ്രചരണങ്ങൾ നേരിടുകയാണ് അദ്ദേഹമിപ്പോൾ.

വലിയ ലക്ഷ്യം?

അടുത്തിടെ മരിച്ച ജവീന്റെ സ്മരണാർഥമാണ് സുഹൃത്തുക്കൾ ചേർന്ന് ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നതും അതുവഴി ആ കുടുംബത്തിനെ സഹായിക്കാമെന്ന് തീരുമാനിക്കുന്നതും. യുണേറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരിൽ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരു പരിപാടിയായിരുന്നു അത്. 

3000 ഏക്കറിലധികം വരുന്ന എസ്റ്റേറ്റില്‍ പല വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. അതില്‍ 35 റൈഡേഴ്സ് പങ്കെടുക്കുകയും ചെയ്തു. ഇതൊരു റേസ് ആണ്. വേണ്ട സുരക്ഷാ മുൻകരുതലുകളും വാഹനത്തിന്റെ കണ്ടീഷനുമൊക്കെ ഉറപ്പുവരുത്തിയ ശേഷം മാത്രമേ നടത്താൻ സാധിക്കൂ. തികച്ചും സ്വകാര്യ ഭൂമിയായ ഇവിടെ ആരുടെയും ജീവൻ അപകടപ്പെടുത്തിയല്ല വാഹനം ഓടിക്കുന്നത്. അതും 30 കിലോമീറ്റർ സ്പീഡാണ് പരമാവധി ഉള്ളത്. മാത്രമല്ല വാഗമണിലെ എംഎംജെ എസ്റ്റേറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല.

മത്സരം സംഘടിപ്പിച്ചത് എങ്ങനെയാണ്?

എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം സംഘടിപ്പിക്കാൻ സ്ഥലം അനുവദിച്ചത്. സ്വന്തം ചിലവിൽ റേസിനോടുള്ള ഇഷ്ടവും ഞങ്ങളുടെ ലക്ഷ്യത്തോടുള്ള സപ്പോർട്ടും കൊണ്ട് മത്സരത്തിന് എത്തിയ റൈഡേഴ്സായിരുന്നു പങ്കെടുത്തത്.  കേരളത്തിന്റെ പുറത്തു നിന്നുപോലും ഈ പരിപാടിയിൽ പങ്കെടുക്കാൻ ആളുകൾ എത്തി.  ക്യാഷ് അവാർഡ് പോലുമല്ല വിജയികൾക്ക് നൽകിയത്. പല ക്ളബ്ബുകളും സ്പോൺസർ ചെയ്ത  ട്രോഫികളാണ് സമ്മാനിച്ചത്. അങ്ങനെ ഓരോ രൂപയ്ക്കും ആ വലിയ ലക്ഷ്യത്തിനായുള്ള വില നൽകിയിരുന്നു. 

സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ നടത്തിയ റേസെന്നാണ് പരാതി?

മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ ജോജു വാഹനമോടിച്ചെന്നാണ് ജോജുവിന്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റം. ഞാൻ അദ്ദേഹത്തിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ആളാണ്. ഞങ്ങൾ  എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടെയാണ് മത്സരം സംഘടിപ്പിച്ചതും ഓടിച്ചതും. ഇത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ആംബുലൻസും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നു. കൂടാതെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ ആരെയും ട്രാക്കിൽ വാഹനമിറക്കാൻ അനുവദിച്ചിട്ടില്ല. ജോജുവിന്റേതായി പുറത്തു വന്ന വി‍ഡിയോയിൽ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അത് അദ്ദേഹം വാഹനം നീക്കിയിടുന്നത് മാത്രമാണ്. ആ വിഡിയോ കാട്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ്.

ട്രാക്കിൽ വാഹനം ഇറങ്ങിയപ്പോൾ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നു. ജോജു ഉപയോഗിച്ച ജീപ്പ് റാംഗ്ലർ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനമാണ്. മത്സരത്തിൽ പങ്കെടുത്ത മറ്റു വാഹനങ്ങൾക്ക് റോൾ കേജ് അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു.

35 റൈഡേഴ്സ് പങ്കെടുത്തിട്ടും എന്തുകൊണ്ട് ജോജുവിനെതിരെ മാത്രം പരാതി?

ജോജുവിന്റെ നേരെ നടത്തുന്ന അക്രമങ്ങൾ സ്ഥാപിത താൽപര്യത്തോടെയാണെന്ന് വ്യക്തമാണ്. പക്ഷേ ഇതൊക്കെ ചെയ്യുന്നവർ അറിയാത്തതോ അല്ലെങ്കിൽ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ ആയ പലകാര്യങ്ങളുമുണ്ട്.  ജവീൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയാണ് വാഗമണിൽ ഞങ്ങൾ മത്സരം സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആ കുടുംബത്തിന് താങ്ങാവാനാണ് ശ്രമിച്ചത്.‌ പക്ഷേ ഇന്ന് ജെവിനെ അറിയാവുന്നവരുടേത് മാത്രമായിരുന്ന സ്വകാര്യ വേദന ഞങ്ങൾക്ക് എല്ലാവരോടും വിളിച്ചു പറയേണ്ടി വരുകയാണ്.

മുൻപ് കോൺഗ്രസ് വഴി തടയലിനെതിരെ ജോജു പ്രതികരിച്ചതാണോ ഈ പരാതിയ്ക്ക് പിന്നിൽ?

കെഎസ് യു ആണ് ജോജുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പക്ഷേ അവർക്ക് അറിയുമോ എന്ന് എനിക്ക് അറിയില്ല,

മരിച്ച ജവിൻ രണ്ടുവർഷം കോൺഗ്രസിന്റെ കോട്ടയം നഗരസഭ കൗൺസിലറായിരുന്ന വ്യക്തിയാണ്. രാഷ്ട്രീയം നോക്കിയല്ല ഞങ്ങൾ ആർക്കും ഒപ്പം നിൽക്കുന്നത്. എല്ലാ രാഷ്ട്രീയത്തിനും ഉപരിയായി മനുഷ്യത്വവും മനുഷ്യരുമൊക്കെയില്ലേ? ജോജു അന്നും ഇന്നും വേട്ടയാടപ്പെടുന്നത് സാധരക്കാർക്കൊപ്പം നിന്നതിന്റെ പേരിലല്ലേ?. പക്ഷേ ഞങ്ങളുടെ സുഹൃത്താണ് മരിച്ചത്. അവന്റെ കുടുംബത്തിനായി വേണ്ടത് ചെയ്യും. അത് വിളിച്ച് പറഞ്ഞ് നടക്കാനും വേദന വിറ്റ് വോട്ടാക്കാനുമൊന്നും ഞങ്ങൾക്കറിയില്ല. ഇവരൊന്നും ആരെയും സഹായിക്കണ്ട. ഒന്ന് ഉപദ്രവിക്കാതിരുന്നുകൂടെ? ബിനു പപ്പു ചോദിക്കുന്നു..

കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് നല്‍കിയ പരാതിയിലാണ് ജോജുവിനെതിരെ നടപടിയെടുത്തത്. ജോജുവിനും സ്ഥലം ഉടമയ്ക്കും സംഘാടകർക്കും എതിരെയാണ്  വാഗമണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.  വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഒയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജുവിനോട് നിർദേശിച്ചിരിക്കുന്നത്.  

സംഭവത്തിൽ പൊലീസ് വിശദീകരണം

നടൻ ജോജു ജോർജിനെതിരെ പരാതി ലഭിച്ചതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഇതിലുൾപ്പെട്ട കൂടുതൽ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മത്സരം സംഘടിപ്പിക്കുന്ന വിവരം പൊലീസ് സ്റ്റേഷനിൽ മുന്നോടിയായി അറിയിച്ചിരുന്നില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ട്രക്കിങ്ങും റേസും തമ്മിലുള്ള ആശങ്ക പരിഹരിക്കാൻ വീണ്ടും സർക്കുലർ പരിശോധിക്കും. കൂടുതൽ ഒന്നും ഇപ്പോൾ പറയാനാവില്ല. അന്വേഷണം നടന്നുവരികയാണ്. വാഗമൺ സി ഐ ക്ളീറ്റസ് കെ ജോസഫിന്റെ പ്രതികരണം ഇങ്ങനെ,,

MORE IN SPOTLIGHT
SHOW MORE