ഷവർമ കഴിച്ച് ഗൾഫിൽ ആരും മരിക്കുന്നില്ലല്ലോ?; എന്തുകൊണ്ട്; നടിയുടെ വൈറൽ കുറിപ്പ്

sriya-ramesh
SHARE

സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകളിൽ റെയ്ഡ് തുടരുകയാണ്. പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് നിരവധി ഹോട്ടലുകൾക്കു പൂട്ടു വീണു. ഷവർമയിലൂടെ സംഭവിച്ച ഭക്ഷ്യവിഷബാധ മൂലം ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പിന് ബോധോദയമുണ്ടായത്. നമ്മുടെ നാട്ടിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ സംവിധാനങ്ങളിലെ പാളിച്ചകൾക്കെതിരെ തുറന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീയ രമേശ്. രണ്ടു വർഷം മുൻപു താരം പങ്കുവച്ച ചിത്രവും കുറിപ്പും വീണ്ടും പോസ്റ്റ് ചെയ്താണ് 

നടി പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നത്. 

ശ്രീയ രമേശിന്റെ വാക്കുകൾ:

‘‘ഷവർമയല്ല, മറിച്ച് മായം കലർത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാർഥ വില്ലൻ. ഷവർമ കഴിച്ച ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ ആവർത്തിച്ചു വരുമ്പോൾ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടേ, ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടേ എന്നാണ് എനിക്ക് ചോദിക്കുവാൻ ഉള്ളത്. ഷവർമ കഴിച്ച ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ വരുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

നമ്മുടെ നാട്ടിൽ ഇത് ആവർത്തിക്കുവാൻ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീർച്ചയായും ക്രമക്കേടുകൾക്ക് കൈക്കൂലി വാങ്ങുവാൻ ഉള്ള സാധ്യതയും തള്ളിക്കളയുവാൻ ആവില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കൾ വിൽക്കുവാൻ ലൈസൻസ് നിർബന്ധമാക്കുകയും കടകളിൽ കർശനമായ പരിശോധനയും നിയമലംഘകർക്ക് പിഴയും നൽകിയാൽ മാത്രമേ മനുഷ്യർക്ക് ധൈര്യമായി ഷവർമ ഉൾപ്പെടെ ഉള്ള ഭക്ഷണങ്ങൾ ജീവഭയം ഇല്ലാതെ കഴിക്കുവാൻ പറ്റൂ. 

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാൻ ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഉള്ള ലാബുകൾ ഓരോ ജില്ലയിലും സ്ഥാപിക്കുക. മഹാന്മാരുടെ പേരിൽ കുറെ പ്രതിമകളും സ്മാരക മന്ദിരങ്ങളും നിർമിക്കുവാൻ കോടികൾ ചെലവിടുന്ന നാടാണല്ലോ. ഇത്തരം ലാബുകൾക്ക് മഹാന്മാരുടെ പേരിട്ടാൽ പൊതു ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. കനത്ത ശമ്പളത്തിൽ ഒരു പ്രയോജനവും ഇല്ലാത്ത, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത, ഒരുപാട് നിയമനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്, അതേസമയം മനുഷ്യ ജീവന് ഏറെ ഭീഷണി ഉയർത്തുന്ന ഭക്ഷ്യ വിഷബാധയും ഭക്ഷണത്തിലെ മായം കലർത്തലും നിയന്ത്രിക്കുവാൻ എന്തുകൊണ്ട് നിയമനങ്ങൾ നടക്കുന്നില്ല?

ഒരുപക്ഷേ വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ആവശ്യം ആയതുകൊണ്ടാകുമോ? ഗൾഫിൽ ധാരാളം ഷവർമ കടകൾ ഉണ്ട് അവിടെ ഒത്തിരി ആളുകൾ ഷവർമ കഴിക്കുന്നുമുണ്ട്. എന്നാൽ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നതായുള്ള വാർത്തകൾ എന്തുകൊണ്ട് അവിടെനിന്നും ഉണ്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ നിയമങ്ങൾ കർശനമാണ്. അതുപോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്. നിയമ ലംഘകർക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസൻസ് റദ്ദു ചെയ്യും.

അവിടെ സാധാരണക്കാർ പരാതി നൽകിയാലും നടപടി വരും. ഇവിടെ അധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾക്ക് ഭക്ഷ്യ വിഷബാധ വരാത്തതാണോ ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കുവാൻ അമാന്തം? ഇനിയെങ്കിലും കാറ്ററിങ് രംഗത്തും കർശനമായ ഇടപെടൽ വരണം.

എല്ലാ ഭക്ഷ്യ വിതരണ കടകൾക്കും ലൈസൻസ് നിർബന്ധമാക്കുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ അടച്ചു പൂട്ടിക്കുകയും ചെയ്യണം. അതുപോലെ മത്സ്യത്തിൽ മായം ചേർക്കുന്നതിനുള്ള പരിശോധന കർശനമാക്കുകയും വേണം. മായം മൂലം നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നേരിട്ടും അല്ലാതെയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുവാൻ, മാറ്റങ്ങൾ വരുത്തുവാൻ പൊതു ജനം ഒരു ക്യാംപെയ്ൻ തന്നെ തുടങ്ങണം. സങ്കുചിതമായ മത - രാഷ്‌ടീയ താല്പര്യങ്ങൾ മാറ്റി സമൂഹത്തിന്റെ പൊതു താല്പര്യമായി ഇതിനെ കാണുക. ഷവർമയിലും പൊതിച്ചോറിലും മായവും  മതവും  കലർത്താതിരിക്കുക.’’

MORE IN SPOTLIGHT
SHOW MORE