മനുരുഷ്യടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്ക്, അന്യഗ്രഹജീവികളെ ആകർഷിക്കുക ലക്ഷ്യം

nasalien
SHARE

അന്യഗ്രഹജീവികള്‍ക്കായുള്ള മനുഷ്യന്റെ തിരച്ചില്‍ ആരംഭിച്ചിട്ട് കാലമേറെയായിട്ടുണ്ട്. ഇപ്പോഴിതാ അന്യഗ്രഹജീവികളെ ചൂണ്ടയിട്ട് പിടിക്കാന്‍ പുതിയൊരു മാര്‍ഗവുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. സ്ത്രീപുരുഷന്മാരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ച് അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ആകര്‍ഷിക്കുകയാണ് നാസയുടെ പുതിയ തന്ത്രം!

മനുഷ്യരുടെ ചിത്രങ്ങള്‍ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ക്ക് ലഭിച്ചാല്‍ അവര്‍ ഭൂമിയിലേക്ക് വരാനുള്ള സാധ്യത കൂടുമെന്നാണ് നാസയുടെ പ്രതീക്ഷ. നാസയുടെ ബീക്കണ്‍ ഇന്‍ ദ ഗാലക്‌സി (BITG) പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമം. അന്യഗ്രഹജീവികളുമായി മനുഷ്യര്‍ക്ക് ബന്ധമുണ്ടാക്കുകയെന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കൈ വീശുന്ന മനുഷ്യരുടെ ചിത്രമാണ് ഇതിന് വേണ്ടി തയാറാക്കിയിരിക്കുന്നത്.

'വിദൂര പ്രപഞ്ച വാര്‍ത്താവിനിമയം സാധ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ അടിസ്ഥാന ഗണിതവും ഭൗതികശാസ്ത്രവുമാണ് അന്യഗ്രഹജീവികള്‍ക്കുള്ള സന്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഭൂമിയിലെ ജീവന്റെ ജീവശാസ്ത്രവിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്ഷീരപഥത്തിലെ നമ്മുടെ സൗരയൂഥത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള സൂചനകളും സന്ദേശത്തിലുണ്ടാവും. ഭൂമിയെക്കുറിച്ചുള്ള വിവരങ്ങളും ഈ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ പരീക്ഷണ പഠനത്തിന് നേതൃത്വം നല്‍കുന്ന ജൊനാഥന്‍ ജിയാങ് പറയുന്നു.

ബൈനറിയിലാണ് ബിഐടിജി സന്ദേശം രചിച്ചിരിക്കുന്നത്. പ്രപഞ്ച ഭാഷയുമായി ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നത് ബൈനറിയാണെന്ന ധാരണയിലാണിത്. ചൈനയിലെ 500 മീറ്റര്‍ ചുറ്റളവുള്ള അപ്പേർച്ചർ സ്ഫെറിക്കൽ റേഡിയോ ടെലിസ്കോപ്പ് വഴിയും അമേരിക്കയിലെ അലെന്‍ ടെലസ്‌കോപ് വഴിയുമായിരിക്കും ഈ സന്ദേശങ്ങള്‍ വിദൂര പ്രപഞ്ചത്തിലേക്ക് വിക്ഷേപിക്കുക.

മനുഷ്യരുടെ ചിത്രങ്ങള്‍ക്കും ഭൂമിയിലേക്കുള്ള ക്ഷണത്തിനും പുറമേ മനുഷ്യവംശത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വലിയതോതില്‍ അന്യഗ്രഹജീവികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് വന്‍ ദുരന്തത്തില്‍ കലാശിച്ചേക്കുമെന്നുള്ള മുന്നറിയിപ്പുകള്‍ പലയിടത്തുനിന്നും ഉയരുന്നുണ്ട്. എങ്കിലും നാസ സംഘം ശുഭാപ്തിവിശ്വാസത്തിലാണ്. വിദൂര പ്രപഞ്ചത്തില്‍ നിന്നും ഈ സന്ദേശം വഴി ഭൂമിയെ കണ്ടെത്താന്‍ കഴിയുന്ന അന്യഗ്രഹജീവികള്‍ക്ക് സഹകരണത്തിന്റേയും സമാധാനത്തിന്റേയും പ്രാധാന്യവും തിരിച്ചറിയാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

MORE IN SPOTLIGHT
SHOW MORE