വീരമണി പാടി ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’... താളമടിച്ച് കൂടെ പാടി കലക്ടർ ദിവ്യ എസ്. അയ്യർ

veeramani-divya
SHARE

ഭക്ത ലക്ഷങ്ങളുടെ പ്രിയപ്പെട്ട അയ്യപ്പ ഭക്തിഗാനം ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ തമിഴിലെ സൂപ്പർ ഗായകൻ വീരമണി ഒരിക്കൽ കൂടി പാടി, പാട്ടിനെ നെഞ്ചോടു ചേർത്ത ആരാധികയ്ക്കു വേണ്ടി,. വേദി – പമ്പയിലെ ഗെസ്റ്റ് ഹൗസ്, പശ്ചാത്തലം കൈത്താളം. താളമടിച്ചും കൂടെ പാടിയും ആരാധിക പിന്തുണ നൽകിയപ്പോൾ വീരമണിക്ക് ആവേശമേറി.  കാരണം, മുന്നിൽ കയ്യടിച്ച് താളമിടുന്ന ആരാധിക മറ്റാരുമല്ല, പത്തനംതിട്ടയുടെ സ്വന്തം കലക്ടർ ദിവ്യ എസ്. അയ്യരാണ്. പാട്ടുകാരികൂടിയായ കലക്ടർ പള്ളിക്കെട്ടു കാണാതെ പാടുന്നത് കേട്ട് വീരമണിക്ക് അദ്ഭുതം.

കുട്ടിക്കാലം മുതൽ കേട്ടു വളർന്ന പാട്ട് ഏതു സമയത്തു ചോദിച്ചാലും പാടാനറിയാമെന്ന് കലക്ടർ. വീരമണിക്ക് പെരിയ സന്തോഷം. മകരവിളക്കിന് സന്നിധാനത്ത് തൊഴുത് അയ്യപ്പനു വേണ്ടി പാടാനെത്തിയതാണ് വീരമണി. ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയതാണ് കലക്ടർ. കലക്ടർക്കു സന്നിധാനത്തേക്കു വരാൻ കഴിയില്ലെന്ന് മനസിലാക്കിയ വീരമണി ആ മുറിയിൽ നിന്നു പാടി. കൂടെ പാടുന്നത് കേട്ട് വീരമണി ഇടയ്ക്കിടെ നിർത്തി കൊടുത്തു, കലക്ടർക്ക് പാടാൻ. അങ്ങനെ അത്യപൂർവ യുഗ്മഗാനമായി പള്ളിക്കെട്ട് ഒരിക്കൽ കൂടി പിറന്നു, ആ മുറിയിൽ.

ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എല്ലാത്തിനും സാക്ഷിയായി ഒപ്പമുണ്ടായിരുന്നു. ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ പറഞ്ഞു. കലക്ടർ കൂടെ പാടുമെന്നു കരുതിയില്ലെന്നു വീരമണിയും പറഞ്ഞു. കോവിഡ് പ്രതിസന്ധികളുടെ ഇടവേളയ്ക്കു ശേഷം മണ്ഡല കാലവും മകരവിളക്കും പൂർവ സ്ഥിതിയിൽ എത്തിച്ചതിനു വീരമണി കലക്ടറെ അഭിനന്ദിച്ചു. പഴയ പ്രതാപത്തിലേക്കു മണ്ഡല കാലത്തെ എത്തിച്ചതിനു നന്ദിയും പറഞ്ഞു. എല്ലാം അയ്യപ്പന്റെ നിയോഗമെന്നു കലക്ടർ പ്രതികരിച്ചു.

MORE IN SPOTLIGHT
SHOW MORE