'കഫെ കോഫി ഡേ'യെ കരകയറ്റിയ വനിത

malavika-hedge
SHARE

തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഒരു ബിസിനസ് സാമ്രാജ്യത്തെ വീണ്ടെടുത്ത ഒരു വീട്ടമ്മയുടെ കഥയാണിത്. രാജ്യത്തെ ഏറ്റവും വലിയ കാപ്പി വ്യാപാര ശൃംഖലയായ കഫെ കോഫി ഡേ എന്ന സ്ഥാപനത്തെ 7200 കോടി രൂപയുടെ കടത്തില്‍ നിന്ന് കരകയറ്റിയ മാളവിക ഹെഗ്ഡെയുടെ കഥ. 2019 ജൂലൈ 31 വരെ ഒരു സാധാരണ വീട്ടമ്മയിരുന്നു മാളവിക. കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാർത്ഥയുടെ ഭാര്യ. കമ്പനിയുടെ തുടക്കം മുതൽ ഡയറക്ടര്‍ ബോര്‍ഡില്‍ നോൺ എക്സിക്യൂട്ടിവ് ആംഗമായിരുന്നു എന്‍ജിനീയങ് ബിരുദധാരി കൂടിയായ അവര്‍. 1996 ജൂലായ് 11ന് ബെംഗളൂരുവിൽ തുടങ്ങിയ കഫെ കോഫി ഡേ രാജ്യത്തെ കാപ്പി വ്യവസയരംഗത്ത് പുത്തന്‍ ചരിത്രമാണ് രചിച്ചത്. 2019 ജൂലൈ 31 വരെ സിസിഡി എന്ന ചുരുക്കപ്പെരില്‍ അറിയപ്പെട്ട സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ, പ്രതിസന്ധിയെക്കുറിച്ചോ കൂടുതലൊന്നും ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. എന്നാല്‍ നേത്രാവതി പുഴയുടെ ആഴങ്ങളില്‍ വി.ജി.സിദ്ധാർത്ഥ ജീവനോടുക്കിയതോടെ കഫെ കോഫി ഡേ നേരിടുന്ന പ്രതിസന്ധി ലോകമറിഞ്ഞു. സ്ഥാപനത്തില്‍ നടന്ന ആദയനികുതി വകുപ്പിന്റെ പരിശോധനകളടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടു.

2019 മാര്‍ച്ചില്‍ കഫെ കോഫി ഡേയുടെ ബാധ്യത 7200 കോടി രൂപയായിരുന്നു. ലാഭമുണ്ടാക്കുന്ന കച്ചവടതന്ത്രം നടപ്പാക്കാന്‍ തനിക്കായില്ലെന്നായിരുന്നു വി.ജി.സിദ്ധാർത്ഥയുടെ ആത്മഹത്യാക്കുറിപ്പിലെ അവസാന വരികള്‍. സിദ്ധാര്‍ഥയുടെ ചിതയണയും മുന്‍പാണ് ഭാര്യ മാളവിക ഹെഗ്ഡെയെ സിസിഡിയുടെ സിഇഒ ആയി ഡയറക്ടര്‍ ബോര്‍ഡ് നിയമിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നിരുന്ന മാളവിക ചിക്കമഗളൂരുവിലെ എബിസി എസ്റ്റേറ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം മറുത്തൊന്നും പറയാതെ അംഗീകരിച്ചു. സിദ്ധാര്‍ഥയുടെ മരണത്തിന് പിന്നാലെ സിസിഡിയെ ഏറ്റെടുക്കാന്‍ രാജ്യാന്തര ബിസിനസ് ഭീമന്മാരടക്കം വലവിരിച്ചെങ്കിലും മാളവിക ഇളകിയില്ല. ഒപ്പം നില്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഒറ്റവരിക്കുറിപ്പിന്റെ ആത്മവിശ്വാസത്തിലായിരുന്നു മാളവിക.

രണ്ടുവര്‍ഷം കൊണ്ട് സിസിഡിയുടെ 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പർവുമണാണ് ഇന്ന് മാളവിക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിസിഡിയുടെ കടം 1731 കോടിരൂപയിലേക്ക് കുറയ്ക്കാന്‍ മാളവികയ്ക്കായി. സ്ഥാനമേറ്റടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ കടം 3100 കോടിയിലേയ്ക്ക് താഴ്ത്തി സിസിഡി തിരിച്ചുവരുന്നുവെന്ന് മാളവിക ലോകത്തെ ആറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും സിസിഡിയുടെ നേട്ടം  സാമ്പത്തിക വിദഗ്ദ്ധരെപ്പോലും ഞെട്ടിച്ചിരുന്നു. വെറും കാഴ്ചക്കാരിയായിരുന്നെങ്കിലും സിസിഡിയുടെ പ്രവര്‍ത്തനത്തെ മാളവിക കൃത്യനമായി നിരീക്ഷിച്ചിരുന്നു എന്നതിന് തെളിവാണ് ഈ നേട്ടമെന്നാണ് വിലയിരുത്തല്‍. ഇന്ന് കഫെ കോഫി ഡേയ്ക്ക് 572 ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പൂര്‍ണമായി പ്രതിസന്ധിയെ മറികടക്കുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തല്‍.

സിസിഡിയും ചില രാഷ്ട്രീയ ചിന്തകളും

കഫെ കോഫി ഡേയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ മാളവിക ഹെഗ്ഡെ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മകളാണ്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന  കൃഷ്ണയുടെ രാഷ്ട്രീയ കൂറുമാറ്റം സിസിഡിക്ക് വേണ്ടിയാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. കഫെ കോഫി ഡേയില്‍ ആദയനികുതി വകുപ്പ് നടത്തിയ പരിശോധനകളും, സിദ്ധര്‍ഥയുടെ ആത്മഹത്യയുമെല്ലാം കര്‍ണാടകയിലും ദേശീയ രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങളും ഉയര്‍ത്തി. കര്‍ണാടക പിസിസി അധ്യക്ഷനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിന്റെ മകളെയാണ് മാളവികയുടെയും സിദ്ധാര്‍ഥയുടെയും മകനും സിസിഡിയുടെ പിന്‍തലമുറക്കാരനുമായ അമര്‍ത്യ ഹെഗ്ഡെ വിവാഹം ചെയ്തിരിക്കുന്നത്. മാളവികയക്ക് പൂര്‍ണപിന്തുണയുമായി ഇരുവരും ഒപ്പമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കഫെ കോഫി ഡേ എന്ന സ്ഥാപനത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ എന്നും രാഷ്ട്രീയ വിവാദവും ഉയര്‍ത്തിയിരുന്നു.

ചരിത്രമായ കാപ്പികുടി

കര്‍ണാടകയിലെ കാപ്പി വ്യവസായത്തിന്റെ ഭൂരിഭാഗവും കൈയ്യാളിയിരുന്നത് കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാർത്ഥയുടെ കുടുംബമായിരുന്നു. തലമുറകള്‍ കൈമാറി ഈ വ്യവസായ ശൃംഖല കൈയ്യില്‍ എത്തുമ്പോള്‍ സമഗ്ര നവീകരണമായിരുന്നു വി.ജി. സിദ്ധാര്‍ഥ ലക്ഷ്യമിട്ടത്. 1996 ജൂലായ് 11ന് ബെംഗളൂരുവിൽ തുടങ്ങിയ കഫെ കോഫി ഡേ വളരെ വേഗം രാജ്യമെങ്ങും പടർന്ന് പന്തലിച്ചു.ഏറെ സവിശേഷതകളുള്ള ഒരു ബിസിനസ് മോഡലെന്നതാണ് സിസിഡിയെ ശ്രദ്ധേയമാക്കിയത്. ചിക്കമഗളൂരുവിലെ സ്വന്തം എസ്റ്റേറ്റില്‍ ഉല്‍പാദിപ്പിക്കുന്ന കാപ്പി തന്നെയായിരുന്നു കഫെ കോഫി ഡേയുടെ രുചിക്കൂട്ടിന് പിന്നിലെ രഹസ്യം. സിസിഡി ഔട്ട്്്ലെറ്റുകളില്‍ ഉപയോഗിച്ചിരുന്ന പ്രത്യേക കോഫി മെഷീനുകളും, ഫര്‍ണിച്ചറുമെല്ലാം സിദ്ധാര്‍ഥയുടെ സ്വന്തം ഭാവനയില്‍ വിരിഞ്ഞതാണ്. എല്ലാം നിര്‍മിച്ചത് എബിസി എസ്റ്റേറ്റിലെ പ്ലാന്റില്‍ തന്നെ.

ചെലവ് ചുരുക്കലിന്റെ ബിസിനസ് മോഡലായി സിസിഡി രാജ്യമെങ്ങും അറിയപ്പെട്ടു. 2011ല്‍ ഇന്ത്യയില്‍ മാത്രം ആയിരത്തിലധികം സിസിഡി ഔട്ടലെറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2019 ആയപ്പോഴെക്കും പല ഔട്ട്്ലെറ്റുകള്‍ക്കും പൂട്ടുവീണു. കയറ്റുമതി കുറഞ്ഞു ഇതെല്ലാം വളര്‍ച്ചയില്‍ വലിയ തിരിച്ചടിയായി. മാളവിക എന്ന പെണ്‍കരുത്തില്‍ ചിറക് വിരിക്കുന്ന സിസിഡി സിദ്ധാര്‍ഥയുടെ സ്വപ്നങ്ങള്‍ക്കൊപ്പം പറന്നെത്തുമെന്ന പ്രതീക്ഷയിലാണ് ലോകം.

MORE IN SPOTLIGHT
SHOW MORE