യുവാവിന് യാത്രയ്ക്കിടെ ഹൃദയാഘാതം; ബസില്‍ കിടത്തി സിപിആര്‍ കൊടുത്തു; ആ നഴ്സ് പറയുന്നു

liji-m-alex
SHARE

ഓടുന്ന ബസില്‍ മരണത്തെ മുഖാമുഖം കണ്ട് യുവാവ്. പുനര്‍ജന്മം നല്‍കി സ്റ്റാഫ്‌ നഴ്‌സ്‌ ലിജി എം അലക്സ്. ലിജിയുടെ സമയോചിതമായ ഇടപെടല്‍ കാത്തത് ഒരു ജീവനെയാണ്. രാജീവ് എന്ന യുവാവിനാണ് യാത്രയ്ക്കിടെ ബസില്‍വച്ച് ഹൃദയാഘാതമുണ്ടാകുന്നത്. ആശുപത്രിയിലെത്തുംവരെ ഇദ്ദേഹത്തിന് കൃത്യമശ്വാസം നല്‍കി ജീവന്‍ രക്ഷിക്കാന്‍ തുണയായത് ലിജിയാണ്. അഭിനന്ദന പ്രവാഹമാണ് ലിജിയെ തേടിയെത്തുന്നത്. എന്താണ് ശരിക്കും സംഭവിച്ചതെന്ന് ലിജി മനോരമ ന്യൂസ് ഡോഡ്കോമിനോട് പറയുന്നു. 

ലിജിയുടെ വാക്കുകള്‍: 

ഡ്യൂട്ടി കഴിഞ്ഞ് 12 ാം തിയതി രാത്രി 8:20ന് കൊട്ടിയത്തു നിന്നും കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസില്‍ കയറി. പറക്കുളം എന്ന് സ്ഥലം എത്താറായപ്പോള്‍ ആര്‍ക്കോ വയ്യാത്തതുകാരണം കണ്ടക്ടര്‍ വെള്ളം ചോദിക്കുന്നുണ്ടായിരുന്നു. അതുകണ്ട് ഞാന്‍ തിരിഞ്ഞുനോക്കിയപ്പോഴാണ് വയ്യാതെ ഒരു മനുഷ്യന്‍ കുഴഞ്ഞുവീഴാന്‍ പോകുന്ന അവസ്ഥയിലിരിക്കുന്നത് കാണുന്നത്. ഓടിച്ചെന്ന് നോക്കിയപ്പോള്‍ അയാള്‍ക്ക് പള്‍സ് ഇല്ലായിരുന്നു. കരോട്ടിഡ് പൾസ് നോക്കിയപ്പോൾ ഒന്നും കിട്ടിയില്ല. അങ്ങനെ യുവാവിനു കാര്‍ഡിയാക് അറസ്റ്റാണെന്ന് മനസിലായി. തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക് യുവാവിനെ കിടത്തി സിപിആര്‍ കൊടുത്തു. ഉടന്‍ തന്നെ അടുത്തുള്ള മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള നിര്‍ദേശവും ഡ്രൈവര്‍ക്ക് നല്‍കി. ആശുപത്രിയില്‍ എത്തുംവരെ സിപിആര്‍ തുടരുകയായിരുന്നു. യാത്രക്കാരുടെയും ബസിലുള്ള ആളുകളുടെയും സമയോചിതമായി ഇടപെടല്‍കൊണ്ട് ഉടന്‍ തന്നെ ആശുപത്രിയിലെത്താനും സാധിച്ചു. അവിടെ എത്തിയപ്പോള്‍ രോഗിക്ക് പള്‍സ് തിരിച്ച് കിട്ടിയിരുന്നു. തുടര്‍ന്ന് രോഗിയുടെ നില മെച്ചപ്പെടുന്നുവെന്ന് ഉറപ്പായതിനു ശേഷമാണ് ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങിയത്. ലിജി പറഞ്ഞു നിര്‍ത്തിയതിങ്ങനെ.

ലിജിയുടെ കൃത്യമായ ഇടപെടലാണ് യുവാവിന്‍റെ ജീവന്‍ രക്ഷിച്ചതെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. ജോലികഴിഞ്ഞ് വേഗം വീട്ടിലെത്തണം എന്ന് കരുതിയാണ് ലിജിയും അന്ന് ബസിലിരിക്കുന്നത്. എന്നാല്‍ ആ ക്ഷീണത്തിലും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ മനസുക്കാട്ടിയ ലിജിയ്ക്ക് കൈയ്യടി ഏറുമ്പോള്‍ പറഞ്ഞുതരുന്നത് മറ്റൊന്നാണ്. നമുക്ക് ചുറ്റുമുള്ളവരെ ഒന്ന് ശ്രദ്ധിക്കാനും അവരുടെ പ്രശ്നങ്ങളില്‍ ആവശ്യമുള്ള കാര്യങ്ങള്‍ക്കുവേണ്ടി ഇടപെടാന്‍ മറക്കരുത് എന്നുകൂടിയാണ് ലിജി ഓര്‍മിപ്പിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE