മുപ്പതോളം വിഭവങ്ങള്‍; 'ബാഹുബലി' താലി; 40 മിനിറ്റില്‍ കഴിച്ച് തീര്‍ത്താല്‍ 8 ലക്ഷം സമ്മാനം

ഇന്ത്യയിലെ ഏത് സംസ്ഥാനത്തായാലും കേരളീയരുടെ സദ്യ പോലെ തന്നെ വിവിധ തരം കറികളും വിഭവങ്ങളുമൊക്കെ ചേര്‍ത്ത് ആ പ്രദേശത്തിന്‍റെ തനതായ ഭക്ഷണങ്ങള്‍ കാണാനാകും. രാജ്യത്ത് പലയിടങ്ങളിലും ലഭ്യമായ ഒന്നാണ് താലി. ചോറ്, പച്ചക്കറികൾ, പയര്‍, റൊട്ടി, മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണമാണ് താലി. ഇപ്പോള്‍ ഡല്‍ഹിയിലെ ഒരു റസ്റ്റോറന്‍റ് സ്പെഷ്യലായ താലി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 'ബാഹുബലി താലി'യാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഏകദേശം മുപ്പതോളം വിഭവങ്ങളും കുടിക്കാന്‍ പാനീയങ്ങളും മധുരപലഹാരങ്ങളും ചേര്‍ന്ന താലിക്ക് വേറെയുമുണ്ട് പ്രത്യേകത. ഇത് മുഴുവന്‍ 40 മിനിറ്റിനകം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് സമ്മാനം റസ്റ്റോറന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ലക്ഷം രൂപയാണ് സമ്മാനത്തുക. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ആർഡോർ 2.1 എന്ന റസ്‌റ്റോറന്‍റാണ് ഫുഡ് ചലഞ്ച് സംഘടിപ്പിച്ചത്. വെജിറ്റേറിയന്‍ താലിക്ക് 1999 രൂപയും നോണ്‍ വെജിറ്റേറിയന്‍ താലിക്ക് 2299 രൂപയുമാണ് വില.  

ഫുഡ് വ്ളോഗറായ രജനീഷ് ഗ്യാനിയും സുഹൃത്തും ഈ താലി കഴിച്ച് തീര്‍ക്കുന്നതിന്‍റെ വിഡിയോ 'ആര്‍ യു ഹംഗ്റി' എന്ന യൂട്യൂബ് ചാനലിലൂടെ  പങ്കുവച്ചിരുന്നു. ദിവസങ്ങള്‍ക്കകം തന്നെ ബാഹുബലി താലി വൈറലായി. ബാഹുബലി താലിയിൽ നിരവധി ഉത്തരേന്ത്യൻ വിഭവങ്ങളാണുള്ളത്.  തക്കാളി സൂപ്പ്, പാപ്ഡി ചാട്ട്, ഗോബി മട്ടര്‍, ദാൽ തഡ്ക, പക്കോഡ, ആലു പാലക്, മലൈ കോഫ്ത, സോയാ ചാപ് മസാല, കടായി പനീർ, ദാൽ മഖനി, ദം ആലൂ, പനീർ ടിക്ക മസാല തുടങ്ങിയവയാണ് താലിയിലെ പ്രധാന വിഭവങ്ങൾ. കൂടാതെ വെജ് ബിരിയാണി, ചോറ്, പലതരം റൊട്ടികള്‍, പപ്പടം, സാലഡ്, അച്ചാർ എന്നിവയും താലിയിലുണ്ട്. കുടിക്കാന്‍ ജൽജീര, റോസ് സർബത്ത്. ഗുലാബ് ജാമൂന്‍ മറ്റ് മധുരപലഹാരങ്ങൾ എന്നിവയാണുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ തന്നെ വ്ലോഗര്‍മാര്‍  ബാഹുബലി താലി കഴിച്ചു തീര്‍ത്തെന്ന് മാത്രമല്ല, സമ്മാനത്തുകയായി ലഭിച്ച 8 ലക്ഷം രൂപ ഒരു ചാരിറ്റിക്ക് സംഭാവന ചെയ്യാനും അവര്‍ തീരുമാനിച്ചു.