'പുഷ്പ' സ്റ്റൈലിൽ ആനയുടെ തേറ്റയും പല്ലും ഡാമിലെറിഞ്ഞു; മുങ്ങിയെടുത്ത് വനംവകുപ്പ്

elephant-hunt
SHARE

വനത്തിനുള്ളിൽ ചരിഞ്ഞ പിടിയ‍ാനയുടെ തേറ്റകളും പല്ലും വിൽക്കാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. തൃശൂർ വാണിയമ്പാറ മണിയൻകിണർ കോളനിയിലെ വിനീഷ്, മനോജ് (ജോസഫ്) എന്നിവരെയാണു വനംവകുപ്പ് അറസ്റ്റ് ചെയ്തത്. പീച്ചി വനം സ്റ്റേഷനു കീഴിലെ മാമ്പാറ ഭാഗത്തു ആനയുടെ ജ‍ഡത്തിൽ നിന്നു 2 തേറ്റകളും  പല്ലും എടുത്തു വിൽക്കാൻ ശ്രമിച്ചെന്നാണു കേസ്. കഴിഞ്ഞ മാസം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ വിനീഷ് ആണ് ആനയുടെ ജഡം കണ്ടത്.

തേറ്റകളും പല്ലും എടുത്തശേഷംസുഹൃത്തായ മനോജിന്റെ സഹായത്തോടെ ഇതു വിൽക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പിനു വിവരം ലഭിച്ചു. പ്രതിയും വീടും പരിസരവും വനംവകുപ്പ് സംഘം അരിച്ചുപെറുക്കിയെങ്കിലും തേറ്റയും പല്ലും ലഭിച്ചില്ല. വനംവകുപ്പ് എത്തുന്ന വിവരം മുൻകൂട്ടി അറിഞ്ഞ പ്രതി സമീപത്തെ പീച്ചി ഡാമിന്റെ ജലസംഭരണിയിലേക്കു തേറ്റയും പല്ലും വലിച്ചെറിഞ്ഞിരുന്നു.

ഈ വിവരം മനസ്സിലാക്കി വനംവകുപ്പ് സംഘം ജലസംഭരണിയിൽ തിരച്ചിൽ നടത്തി ഒരു തേറ്റയും പല്ലും കണ്ടെത്തി. രണ്ടാമത്തെ തേറ്റ വിറ്റെന്നായിരുന്നു പ്രതികളുടെ കള്ളമൊഴി. വീണ്ടും ഡാമിൽ പരിശോധന നടത്തിയാണു രണ്ടാമത്തെ തേറ്റയും കണ്ടെടുത്തത്. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, അസി. വാർഡൻമാരായ എം.എ. അനീഷ്, വി. അജയകുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജി. റിജേഷ്, എ.എച്ച്. ലെജിൻ തുടങ്ങിയവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. 

കാട്ടാനവേട്ട ഇല്ലാതായെങ്കിലും ആനയുടെ കൊമ്പിനും പല്ലിനും വേണ്ടി കാടുകയറുന്ന സംഘങ്ങൾ ഇപ്പോഴും സജീവം. ഉൾവനങ്ങളിൽ ചരിയുന്ന ആനകളിലാണ് ഇവരുടെ കണ്ണ്. ആനകളുടെ കൊമ്പും പല്ലും വിൽക്കുന്ന സംസ്ഥാനാന്തര സംഘത്തിലെ മുഖ്യകണ്ണി തോമസ് പീറ്ററിനെ വനംവകുപ്പ് പിടികൂടിയത് 2 മാസം മുൻപാണ്. കാട്ടിലെവിടെയെങ്കിലും ആന ചരിഞ്ഞാൽ വിവരം അറിയിക്കുന്നവർക്കും വഴികാട്ടുന്നവർക്കുമൊക്കെ കമ്മിഷൻ നൽകാനും ഇവർക്കു സംവിധാനമുണ്ട്.

ആലത്തൂർ റേഞ്ചിൽ ചരിഞ്ഞ കാട്ടാനയുടെ ആനക്കൊമ്പും പല്ലുമെടുത്തു വിറ്റ കേസിലാണു 2 മാസം മുൻപു വൻസംഘം പിടിയിലായത്. ആനകളുടെ ഓരോ പല്ലിനും 25,000 രൂപ ഈടാക്കിയാണ് ഇവർ സംസ്ഥാനത്തിനു പുറത്തേക്കു കടത്തുന്നത്. വൈദ്യുതവേലികളിൽ നിന്നു ഷോക്കേറ്റും പന്നിപ്പടക്കങ്ങൾ പൊട്ടിയും പരുക്കേൽക്കുന്ന ആനകൾ പലയിടത്തായി ചത്തുവീഴുന്നുണ്ടെന്നും സൂചനയുണ്ട്. ഈ വിവരമറിഞ്ഞാണു കൊമ്പുവേട്ടക്കാർ കാട്ടിലെത്തുന്നത്.  

MORE IN SPOTLIGHT
SHOW MORE