മെഴുകു പോലെ, രൂക്ഷ ഗന്ധം; കിലോയ്ക്ക് ഒരു കോടി രൂപ വരെ, ബീച്ചിൽ അടിഞ്ഞത് തിമിംഗല ദഹനശിഷ്ടം?

blue-whale-remains
SHARE

കോവളം ഹവ്വാ ബീച്ചിൽ അടിഞ്ഞത് വൻ വിലയുള്ള തിമിംഗല ദഹന ശിഷ്ടമായ അംബർഗ്രിസ് എന്നു സംശയം പ്രാഥമിക സൂചനകൾ ഇത് ഉറപ്പാക്കുന്നുവെങ്കിലും ലാബ് പരിശോധനാഫലത്തിന് കാക്കുകയാണ് അധികൃതർ.. സുഗന്ധദ്രവ്യ നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ ആംബർഗ്രിസിന്റെ അനധികൃത വ്യാപാരവുമായി ബന്ധപ്പെട്ട് അടുത്തിടെ കേരളത്തിൽ പലരും പിടിയിലായെങ്കിലും കേരള തീരത്ത് ഇതു കണ്ടു കിട്ടുന്നത് ആദ്യമാണെന്നാണ് അധികൃതർ പറയുന്നത്.

മെഴുകു പോലെ തോന്നിക്കുന്ന രൂക്ഷ ഗന്ധമുള്ള വസ്തുവാണിത്. 26 സെന്റീമീറ്റർ മീറ്റർ നീളവും 51.5 കിലോ ഭാരവും ഉണ്ട്. വിഴിഞ്ഞം കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ(സിഎംഎഫ്ആർഐ) ഉദ്യോഗസ്ഥരുടെ പരിശോധനക്കു പിന്നാലെ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസ് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജി.എസ്. റോഷ്നി, ആർ.രഞ്ജിത്ത് എന്നിവരും പരിശോധന നടത്തി. 

വിഴിഞ്ഞം തീരത്ത് തിമിംഗലത്തിന്റെ സാന്നിധ്യം മുൻപ് കണ്ടെത്തിയിരുന്നു. സാംപിൾ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനക്കു അയച്ചതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ശേഷിച്ച ഭാഗം ഫോറസ്റ്റ് വകുപ്പ് സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ലൈഫ് ഗാർഡ് മുരുകൻ തീരത്ത് ചിപ്പി എടുക്കുകയായിരുന്ന എസ്.ബാബു എന്നിവരാണ് അപൂർവ വസ്തു തീരത്ത് കണ്ടെത്തിയതും അധികൃതരെ അറിയിച്ചതും

ആംബർഗ്രീസിന്  ഗുണനിലവാരമനുസരിച്ച് ഒരു കിലോക്ക് ഒരു കോടി രൂപ വരെ ലഭിക്കുമെന്നാണ്. അതുകൊണ്ടുതന്നെ കള്ളക്കടത്തും ഊഹക്കച്ചവടങ്ങളും സാധാരണമാണ്. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷണ പട്ടിക (ഷെഡ്യൂൾ) 2 -ൽ ആണ് തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഉപോൽപ്പന്നങ്ങൾ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

MORE IN SPOTLIGHT
SHOW MORE