ഇമ്പാലക്കുഞ്ഞിനെ വരിഞ്ഞ് മുറുക്കി പെരുമ്പാമ്പ്; തട്ടിയെടുത്ത് കഴുതപ്പുലി

impala-10
SHARE

ഭക്ഷണമാക്കാൻ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കിയ ഇമ്പാലക്കുഞ്ഞിനെ തട്ടിയെടുത്ത് കഴുതപ്പുലി.  ബോട്സ്വാനയിലെ ഒക്കാവാങ്കോയിലെ സ്വകാര്യ വന്യ ജീവി സങ്കേതത്തിലാണ് സംഭവം. സഫാരിക്കിടെ എസ്കേസ് സഫാരിയുടെ സ്ഥാപകനായ മൈക്ക് സതർലാൻഡ് ആണ് ഈ ദൃശ്യം പകർത്തിയത്. മറ്റുമൃഗങ്ങൾ വേട്ടയാടുന്ന മൃഗങ്ങളെ തട്ടിയെടുക്കുന്ന പ്രവണത കഴുതപ്പുലികളിൽ സാധാരണമാണെന്ന് വനപാലകർ പറയുന്നു. 

ഇമ്പാലകളുടെ പ്രജനന കാലം പകർത്താനെത്തിയതായിരുന്നു മൈക്കും സംഘവും. ഇമ്പാലകളെ നോക്കുന്നതിനിടയിലാണ് സമീപത്തെ മരത്തിൽ നിന്ന് ഊർന്നിറങ്ങുന്ന പെരുമ്പാമ്പിനെ സംഘം കണ്ടത്. ഇമ്പാലക്കൂട്ടം കടന്നുപോകുന്ന വഴിയിലേക്കായിരുന്നു പാമ്പിന്റെ യാത്ര. വിശ്രമിക്കാൻ കിടന്ന ഇമ്പാലക്കുഞ്ഞിനെ ലക്ഷ്യമാക്കിയെത്തിയ പെരുമ്പാമ്പ് അതിനു സമീപമെത്തി വരിഞ്ഞു മുറുക്കിയത് നിമിഷങ്ങൾക്കകമായിരുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ള ഇമ്പാലക്കുഞ്ഞിൽ നിന്ന് നേരിയ കരച്ചിൽ മാത്രമാണ് പുറത്തുവന്നത്. ഇതുകേട്ടതും സമീപത്ത് ചുറ്റിത്തിരിഞ്ഞ കഴുതപ്പുലി അവിടേക്ക് ഓടിയെത്തി.

അൽപസമയം നോക്കിനിന്ന കഴുതപ്പുലി ഇമ്പാലക്കുഞ്ഞിനെയും ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെയും കടിച്ചെടുത്തു. ആദ്യം പെരുമ്പാമ്പിനെ കടിച്ചു കുടഞ്ഞ് മാറ്റാൻ കഴുതപ്പുലി ശ്രമിച്ചെങ്കിലും പെരുമ്പാമ്പ് പിടിഅയയ്ക്കാതെ വന്നതോടെ ആശ്രമം ഉപേക്ഷിച്ചു. പിന്നീട് ഇമ്പാലക്കുഞ്ഞിനെയും അതിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെയും ഒന്നിച്ചു  കടിച്ചെടുത്ത് 15 മീറ്ററോളം നടന്നു. പെരുമ്പാമ്പ് പിടി വിട്ടതോടെ ഇമ്പാലക്കുഞ്ഞിനെ കഴുതപ്പുലി ആഹാരമാക്കി.

MORE IN SPOTLIGHT
SHOW MORE