കൂരി മീനെ കുരുക്കാൻ ചൂണ്ടക്കാരുടെ തിരക്ക്; ‘കുടുങ്ങുന്നത്’ ഏരി, വഴുത

vypin-fishing
SHARE

വൈപ്പിൻ: തീരത്തോടടുക്കുന്ന കൂരി മീൻ കൂട്ടങ്ങളെ കുരുക്കാൻ വൈപ്പിൻ തീരത്ത് ചൂണ്ടക്കാരുടെ തിരക്ക്. ഉപജീവനത്തിനു പുറമേ നേരംപോക്കിനായും ചൂണ്ട നീട്ടാൻ മറ്റു സ്ഥലങ്ങളിൽ നിന്നു വരെ ഒട്ടേറെപ്പേരാണ് എത്തുന്നത്. മുനമ്പം മുസിരിസ് ബീച്ചിലെ പുലിമുട്ടിന്റെ അറ്റം പണ്ടു മുതൽ തന്നെ ചൂണ്ടക്കാരുടെ ഇഷ്ട കേന്ദ്രമാണെങ്കിൽ ഇപ്പോൾ മറ്റു തീരങ്ങളിലും ഇക്കൂട്ടരുടെ സാന്നിധ്യമുണ്ട്. 

കടലിലേക്കു നീട്ടി ചൂണ്ടയെറിയാനുള്ള സൗകര്യമുള്ളതിനാൽ പുലിമുട്ടുകൾ ഉള്ളയിടങ്ങളിലാണ് തിരക്കു കൂടുതൽ. പലർക്കും പ്രധാനമായും ലഭിക്കുന്നത് കൂരി ഇനത്തിൽപ്പെട്ട മീനാണ്.വലിപ്പമുള്ള ഏരി, വഴുത തുടങ്ങിയ മീനുകൾ കിട്ടുന്നവരുമുണ്ട്. പഴയ രീതിയിലുള്ള ചൂണ്ട ഉപയോഗിക്കുന്നവർ തീരെ കുറവാണ്. വിദേശനിർമിതമായ ചൂണ്ടകളുമായിട്ടാണ് പലരും ഭാഗ്യ പരീക്ഷണത്തിന് എത്തുന്നത്. 

കറിക്കുള്ള മീൻ കിട്ടിയാൽ മടങ്ങുന്നവർ മുതൽ പകലന്തിയോളം ചൂണ്ട നീട്ടുന്നവർ വരെ കൂട്ടത്തിലുണ്ട്. കിട്ടുന്ന മീൻ സ്വന്തം ആവശ്യത്തിന് എടുക്കുന്നവരും സുഹൃത്തുക്കൾക്കു സമ്മാനിക്കുന്നവരും കടപ്പുറത്തു വച്ചു തന്നെ വിൽക്കുന്നവരുമുണ്ട്. വലിയ വില നൽകാതെ പിടയ്ക്കുന്ന മീൻ കിട്ടുമെന്നതിനാൽ ചൂണ്ടക്കാരുടെ പക്കൽ നിന്നു മീൻ വാങ്ങാൻ എത്തുന്നവരുമേറെ.പുലിമുട്ടുകൾക്കു സമീപത്തും കടൽഭിത്തി ഇടി‍ഞ്ഞു കിടക്കുന്നിടത്തുമൊക്കെ മീൻ സാന്നിധ്യം കൂടുതലാണെന്നാണ് ചൂണ്ടക്കാർ പറയുന്നത്. 

കൂന്തലിന്റേയും മറ്റും അവശിഷ്ടങ്ങൾ കടലിലേക്ക് എറിഞ്ഞ് മീനുകളെ ആകർഷിക്കുന്ന വീശുവലക്കാരും കടൽത്തീരങ്ങളിൽ സജീവമാണ്. ഇത്തരത്തിൽ തീരത്തേക്ക് അടുക്കുന്ന മീനുകളിൽ ചിലതു ചൂണ്ടക്കൊളുത്തുകളിലും കുരുങ്ങും. ചെറിയ ചെമ്മീൻ, കഷണങ്ങളാക്കിയ ചെറുമീനുകൾ തുടങ്ങിയവയാണ് ചൂണ്ടക്കാർ ഇരയായി ഉപയോഗിക്കുന്നത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഇവരുടെ എണ്ണം വർധിക്കും.

MORE IN SPOTLIGHT
SHOW MORE