തേങ്ങാ കണ്ണിലൂടെ ഉറുമ്പിനെ കടത്തി; 6 മാസത്തിനകം തേങ്ങ തീർത്തു: വൈക്കത്തപ്പനായി മിഴാവ്

vaikathappan-mizhavu
SHARE

വൈക്കം: വൈക്കത്തപ്പനു കാണിക്കയായി ചിരട്ടയിൽ കടഞ്ഞെടുത്ത മിഴാവ് സമർപ്പിക്കുകയാണ് പാലക്കാട് കുന്നത്തൂർമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുൻമേൽശാന്തി ജയൻ പുതുമന (ജനാർദനൻ നമ്പൂതിരി). വൈക്കത്തപ്പനു ക്ഷേത്രവാദ്യങ്ങളുടെ മാതൃക തടിയിലും ചിരട്ടയിലും നിർമിച്ച് കാണിക്ക അർപ്പിക്കുകയെന്നതു ‍ജയൻ പുതുമനയുടെ ജീവിതാഭിലാഷമായിരുന്നു. അതിനായി ഉദയനാപുരം ശ്രീനാരായണപുരം പുതുമനയിൽ മകൻ സജിത്തിന്റെ വീട്ടിൽ സ്ഥിരതാമസമാക്കി. 

6 മാസം കൊണ്ടു മിഴാവ് കടഞ്ഞെടുത്തു. മറ്റു വാദ്യങ്ങളുടെ നിർമാണവും ആരംഭിച്ചു. വാദ്യങ്ങൾ എല്ലാം ഒരുമിച്ചു സമർപ്പിക്കും.അത്യപൂർവമായ രീതിയിലാണു ജയൻ മിഴാവ് കടഞ്ഞെടുത്തത്. ചിത്രകാരനും ശിൽപിയുമായ ജയനു പാലക്കാട്ടുള്ള സൃഹൃത്ത് സമ്മാനിച്ചതാണ് അപൂർവ വലുപ്പമുള്ള തേങ്ങ. ഇതിന്റെ തൊണ്ടും ചകിരിയും കളഞ്ഞപ്പോഴാണു ചിരട്ടയുടെ വലുപ്പം മനസ്സിലായത്. ഇതോടെ ചിരട്ട പൊട്ടിക്കാതെ ഉള്ളിലെ വെള്ളം തേങ്ങക്കണ്ണ് കുഴിച്ചു പുറത്തുകളഞ്ഞു. എന്നാൽ ഉള്ളിലെ തേങ്ങ കളയുന്നതു വെല്ലുവിളിയായി. പുതിയ ഉപായം കണ്ടു പിടിച്ചു.തേങ്ങയുടെ കണ്ണ് വഴി ഉറുമ്പുകളെ കടത്തിവിട്ടു. 6 മാസം കൊണ്ടു ഉറുമ്പുകൾ തേങ്ങ മുഴുവൻ തിന്നു തീർത്തു. പിന്നെ പൊള്ളയായ ചിരട്ടയിൽ മിഴാവു കടഞ്ഞെടുത്തു. മിഴാവിന്റെ വായ മറ്റൊരു ചിരട്ട ഘടിപ്പിച്ചു തോൽ കൊണ്ടു പൊതിഞ്ഞു. മിഴാവ് വായിക്കാൻ തടിയിൽ കൂടും ഉണ്ടാക്കി. വായിക്കാൻ അറിയാവുന്നവർക്ക് ഈ ചിരട്ട കൊണ്ടുള്ള മിഴാവ് ഉപയോഗിക്കാൻ കഴിയും. മറ്റു മിഴാവുകളെക്കാൾ വലുപ്പം കുറവായതിനാൽ അതിനനുസരിച്ചുള്ള ശബ്ദം മാത്രമേ കിട്ടുകയുള്ളൂ.

MORE IN SPOTLIGHT
SHOW MORE