'പറക്കും തളിക' സത്യമോ? പിന്നിൽ അന്യഗ്രഹ ജീവികളോ? അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

us-ufo
SHARE

പതിറ്റാണ്ടുകളായി ഉറക്കം കളയുന്ന പറക്കും തളികകൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ഒരുങ്ങി പെന്റഗൺ. വിശദമായ പഠനത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ പെന്റഗൺ പ്രഖ്യാപിച്ചു. മുൻപ് നടന്ന 144 പഠനങ്ങളിൽ 143 ലും വ്യക്തത വരാത്തത് കൊണ്ടാണ് പുതിയ അന്വേഷണമെന്ന് അമേരിക്ക വ്യക്തമാക്കി.

രഹസ്യാന്വേഷണ സുരക്ഷാ ചുമതലയുള്ള പ്രതിരോധ സെക്രട്ടറിക്കു കീഴിലായിരിക്കും സംഘത്തിന്റെ പ്രവർത്തനം. പലപ്പോഴായി അമേരിക്കന്‍ സൈനികരും മറ്റും ചിത്രീകരിച്ചിട്ടുള്ള യുഎഫ്ഒകളുടെ ദൃശ്യങ്ങളുടെ വിശദമായ പഠനവും വ്യക്തത വരുത്തലുമാണ് ഈ സംഘത്തിന്റെ ചുമതല. ഇത്തരം തിരിച്ചറിയാത്ത പറക്കും വസ്തുക്കള്‍ രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യം തിരിച്ചറിഞ്ഞാണ് നടപടിയെന്ന് ഇത് സംബന്ധിച്ച വിശദീകരണ വാര്‍ത്താക്കുറിപ്പില്‍ പ്രതിരോധ വകുപ്പ് പറയുന്നു. ഡെപ്യൂട്ടി സെക്രട്ടറി ഓഫ് ഡിഫന്‍സ് കാത്‌ലീന്‍ ഹിക്‌സിന്റേയും ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ അവ്‌റില്‍ ഹെയ്ന്‍സിന്റേയും നിര്‍ദേശപ്രകാരമാണ് ഈ പുതിയ സംഘം രൂപീകരിച്ചത്. 

കഴിഞ്ഞ ജൂണ്‍ 25ന് പുറത്തുവന്ന പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ യുഎഫ്ഒകളെ തിരിച്ചറിയാനും വ്യക്തത വരുത്താനും വേണ്ട തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നാണ് വിശദീകരിക്കുന്നത്. സമുദ്രത്തിലെ ശക്തമായ കാറ്റിലും അനങ്ങാതെ ആകാശത്ത് നില്‍ക്കുന്ന കാറ്റിനെതിരായി വേഗത്തില്‍ പറക്കുന്ന കുത്തനെ മുകളിലേക്കും താഴേക്കും പറക്കാന്‍ശേഷിയുള്ളവയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യുഎഫ്ഒകളില്‍ പലതും. ഇതില്‍ വ്യക്തത വരുത്താനായി പെന്റഗണ്‍ നടത്തിയ അന്വേഷണത്തില്‍ 144 സംഭവങ്ങളില്‍ 143ലും വ്യക്തതക്ക് വേണ്ട തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞതോടെ സംഭവം കൂടുതല്‍ അവ്യക്തമാവുകയായിരുന്നു. ഇതോടെയാണ് ഇതു യുഎഫ്ഒകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചത്. 

അമേരിക്കയിലെ ജനങ്ങളിൽ മൂന്നിൽ രണ്ടുപേരും അന്യഗ്രഹജീവികളുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. പക്ഷേ അവർ മനുഷ്യന് ഭീഷണിയാണെന്ന് ഇവർ കരുതുന്നില്ല. ജനങ്ങൾക്കിടയിൽ ഇത്തരം വിശ്വാസം വർധിച്ചതോടെയാണ് ദുരൂഹത നീക്കാൻ സർക്കാർ തന്നെ രംഗത്തിറങ്ങുന്നത്.

MORE IN SPOTLIGHT
SHOW MORE