30 വർഷം വെള്ളത്തിനടിയിൽ ഒരു ഗ്രാമം; വീണ്ടും പ്രത്യക്ഷമായി; കാണാൻ തിരക്ക്

spain-village
SHARE

അസിറിഡോ എന്നത് സ്പെയിനിലെ സജീവമായിരുന്ന ഒരു ഗ്രാമമായിരുന്നു. എന്നാല്‍ ഏതാണ്ട് 30 വര്‍ഷം മുന്‍പ് പ്രദേശവാസികള്‍ ഉപേക്ഷിച്ച് പോയ ഈ ഗ്രാം പിന്നീട് ഇതുവരെ പുറം ലോകം കാണാതെ മറഞ്ഞുകിടന്നു. മേഖലയിലെ ഒരു അണക്കെട്ടാണ് ഈ ഗ്രാമം അനാഥമാകാനും പിന്നീട് വെള്ളത്തിനടയില്‍ മറഞ്ഞ് പോകാനും ഇടയാക്കിയത്. സ്പെയിനില്‍ 1992 ലാണ് ഒരു ഗ്രാമത്തെ  നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിച്ച് പുതിയ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. അന്ന് വെള്ളത്തിനടയില്‍ മുങ്ങി പോയ അസിറിഡോ ഗ്രാമം ഇപ്പോള്‍ 30 വര്‍ഷത്തിന് ശേഷം പുറം ലോകത്തിന് ദൃശ്യമായിരിക്കുകയാണ്.

ജലനിരപ്പ് പതിവിലുമേറെ താഴ്ന്നപ്പോഴാണ് അസിറിഡോ ഗ്രാമം തല പൊക്കിയത്. വൈകാതെ വെള്ളത്തിന്‍റെ അളവ് വീണ്ടും കുറഞ്ഞു. ഇതോടെ ഗ്രാമത്തിലെ താരതമ്യേന ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന കെട്ടിടങ്ങളെല്ലാം പൂര്‍ണ്ണമായി പുറത്തു വന്നു. കെട്ടിടങ്ങള്‍ മാത്രമല്ല മുന്‍പ് കൃഷിയിടങ്ങളായിരുന്ന തട്ടുതട്ടായി തിരിച്ചിട്ടിരുന്ന പ്രദേശങ്ങളും പൂര്‍ണമായും ദൃശ്യമായി.

ഗ്രാമം സ്ഥിതി ചെയ്തിരുന്നത് സ്പെയിനില്‍ ആണെങ്കിലും ഈ ഗ്രാമം മുങ്ങിപ്പോകാന്‍ കാരണമായത് പോര്‍ച്ചുഗലിലുള്ള ഡാമാണ്. ഈ ഡാമിന്‍റെ വൃഷ്ടിപ്രദേശം സ്പെയിനിന്‍റെ മേഖലയിലേക്കു കൂടി വ്യാപിച്ചു കിടക്കുന്നുണ്ട്. 1992 ല്‍ ജലസംഭരണിയുടെ ശേഷി വർധിപ്പച്ചതോടെയാണ് വെള്ളം കയറി ഗ്രാമം മുങ്ങിപ്പോയത്. ലിമാ നദിയില്‍ നിന്നുള്ള വെള്ളമാണ് അന്ന് ഗ്രാമത്തെ വിഴുങ്ങിയത്. ഔറന്‍സേ പ്രവശ്യയ്ക്ക് കീഴില്‍ വരുന്ന അഞ്ച് ഗ്രാമങ്ങളിലായിരുന്നു അന്ന് വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നത്. ഇവരെല്ലാം ശക്തമായി ചെറുത്തെങ്കിലും ഒടുവില്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു. ഈ അഞ്ച് ഗ്രാമങ്ങളില്‍ അസിറിഡോമാത്രമാണ് പൂര്‍ണമായും വെള്ളത്തിനടിയിലായത്.

ലിന്‍ഡോസോ എന്നറിയപ്പെടുന്ന ഈ ജലസംഭരണിയിലെ വെള്ളം താഴ്ന്നതോടെ അസിറിഡോ ഗ്രാമം ഏതാണ്ട് പൂര്‍ണമായി തന്നെ വെളിയില്‍ ദൃശ്യമായിട്ടുണ്ട്. കെട്ടിടങ്ങളുടെ ഭിത്തികളെല്ലാം തന്നെ വലിയ കേടുപാടികള്‍ കൂടാതെ അവശേഷിക്കുന്നുണ്ട്. എന്നാല്‍ മരം കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയും ജനലുകള്‍ വാതിലുകളും ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഒരു കാലത്ത് മനോഹരമായി സൂക്ഷിച്ചിരുന്ന ഗ്രാമപാതകളും വീട്ടുമുറ്റങ്ങളും അകത്തളങ്ങളുമെല്ലാം ചെളിയില്‍ മൂടി കിടക്കുകയാണ്. ഇരുമ്പ് കൊണ്ട് നിര്‍മിച്ച കെട്ടിടഭാഗങ്ങളും തുരുമ്പെടുത്തു നശിച്ചു.

അതേസമയം കെട്ടിടങ്ങളും മറ്റു മനുഷ്യ നിര്‍മിത വസ്തുക്കളും നശിച്ചെങ്കിലും ഇവയുടെ ശേഷിപ്പുകള്‍ കാണാന്‍ നിരവധി പേരാണ് ഈ മേഖലയിലേക്കെത്തുന്നത്. കെട്ടിടങ്ങളുടെയും മറ്റും അസ്ഥികൂടങ്ങള്‍ക്കിടയിലൂടെ നടക്കുന്നത് പറഞ്ഞറിയിക്കാനാകാത്ത വികാരമാണുണ്ടാക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കെട്ടിടങ്ങള്‍ മാത്രമല്ല ഉപേക്ഷിക്കപ്പെട്ട കാറുകള്‍ ഉള്‍പ്പടെയുള്ള മറ്റ് വസ്തുക്കളും ഈ പ്രേതഗ്രാമത്തില്‍ ചെളിയില്‍ പൂണ്ട് കിടപ്പുണ്ട്.

വെള്ളത്തില്‍ നിന്ന് വെളിയിലെത്തിയ അസിറിഡോ ഗ്രാമത്തിലെ ഇപ്പോഴത്തെ സന്ദര്‍ശകരില്‍ അധികവും മുന്‍പ് ഇവിടെ താമസിച്ചിരുന്നവരോ അവരുടെ പിന്‍ഗാമികളോ ആണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങളിലൂടെയുള്ള സഞ്ചാരം സ്വന്തം ഭൂതകാലത്തിലേക്കുള്ള ഒരു യാത്രകൂടിയാണ്. കുടിയൊഴിക്കപ്പെട്ടവരെല്ലാം  തന്നെ അസിറിഡോ ഗ്രാമത്തില്‍ നിന്ന് അധികം അകലെയല്ലാതെയാണ് ഇപ്പോഴും താമസക്കുന്നത്.

MORE IN SPOTLIGHT
SHOW MORE