ശൂന്യതയിൽ ഫയൽ ചെയ്ത കേസ്; അനുപമയുടെ വിജയവഴി: അഭിഭാഷക പറയുന്നു

asha-unnithan-anupama
SHARE

ഒരുവർഷം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടി. ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞതോടെ അമ്മച്ചൂടിലേക്ക് കുഞ്ഞ് എത്തി. അനുപമയ്ക്ക് നീതി നേടികൊടുത്തത് അഭിഭാഷക ആശാ ഉണ്ണിത്താനാണ്. അനുപമയുടെ പോരാട്ടത്തോടൊപ്പം നിന്ന ആശ കോടതി പോലും അപൂർവ്വമെന്ന് വിശേഷിപ്പിച്ച കേസിനെക്കുറിച്ച് മനോരമ ന്യൂസിനോട് മനസ് തുറക്കുന്നു.

അനുപമ എന്നെ കാണാനായി വന്ന ആദ്യ സമയത്ത് ഞാൻ ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലായിരുന്നു. ഒരു മാസത്തോളം എന്നെ കാണാൻ സാധിക്കാതെ അനുപമ ബുദ്ധിമുട്ടി. അതിൽ എനിക്കും പ്രയാസം തോന്നിയിരുന്നു. എന്നാലിപ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഒരമ്മയുടെ പോരാട്ടത്തിന് വിജയം നേടികൊടുക്കാൻ സാധിച്ചതിൽ.

ഞങ്ങൾ ഈ കേസ് ഫയൽ ചെയ്യുന്നത് ശൂന്യതയിൽ നിന്നാണ്. അനുപമയുടെ കുഞ്ഞ് ഏതാണെന്ന് പോലും അറിയില്ലായിരുന്നു. ദത്ത് നൽകിയോ? നടപടികൾ പൂർത്തിയായോ? എന്താണ് അവസ്ഥ എന്നൊന്നും അറിയില്ല. ആരും ഒന്നും പറയുന്നില്ല, ആരുടെ ഭാഗത്ത് നിന്നും യാതൊരു സഹകരണവുമില്ലായിരുന്നു. കോവിഡിന്റെ പേര് പറഞ്ഞ് ഫയലുകളൊന്നും പരിശോധിക്കാനും അനുവദിക്കുന്നില്ലായിരുന്നു. ഏറെ പണിപ്പെട്ടാണ് ഒരുവർഷത്തെ ഫയലുകൾ മുഴുവൻ പരിശോധിക്കാൻ ലഭിച്ചത്. 

ദത്തിന്റെ അവസാന ഹിയറിങ്ങിന്റെ അന്നാണ് കേസ് ഫയൽ ചെയ്യുന്നത്. അന്നേ ദിവസം മറ്റ് രണ്ട് കുട്ടികളെയും ദത്ത് നൽകുന്നുണ്ടായിരുന്നു. കുട്ടി ഏതാണെന്ന് അറിയാത്തതിനാൽ ആ നടപടിയും കോടതിക്ക് നിർത്തിവെക്കേണ്ടി വന്നു. സാധാരണ അച്ഛൻ ആരാണെന്ന് തെളിയിക്കാനാണ് ഡിഎൻഎ ടെസ്റ്റ് നടത്തുന്നത്. ഇവിടെ കുട്ടി ഏതാണെന്ന് കണ്ടെത്താൻ നടത്തി. നടപടികൾ നിർത്താനുള്ള അപേക്ഷ നൽകി കഴിഞ്ഞപ്പോൾ സർക്കാരിന്റെ അഭിഭാഷകൻ ഹക്കിം സാറും ഞങ്ങൾക്ക് വേണ്ടി സംസാരിച്ചു. മന്ത്രി വീണ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹവും കോടതിയിലെത്തി അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകുന്നത് നടപടികൾ നിർത്തണമെന്ന് പറയുന്നത്. അതോടെയാണ് കുഞ്ഞ് ഏതാണെന്ന് ഞങ്ങൾക്കും വ്യക്തത വന്നത്. ഉറപ്പിക്കാനായിട്ടാണ് ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടത്.

ഈ കേസിൽ കോടതി നിഷ്പക്ഷമായിട്ടാണ് വിധി പറഞ്ഞത്. കോടതിയുടെ ഭാഗത്ത് നിന്നും നടപടികൾ വേഗമായത് ആശ്വാസകരമായി. പക്ഷെ അധികാരികളുടെ ഭാഗത്ത് നിന്നും അവഗണന മാത്രമാണ് നേരിട്ടത്. അനുപമയുടെ കാര്യത്തിൽ സംഭവിച്ചത് അക്ഷരാർഥത്തിൽ കുട്ടികടത്താണ്. രാഷ്ട്രീയ സ്വാധീനം പരമാവധി ഉപയോഗിച്ചു. കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ അന്വേഷിച്ച് ഓഫീസുകൾ കയറി ഇറങ്ങി നടക്കുന്നത് അറിഞ്ഞിട്ടും അതിനുനേരെ കണ്ണടച്ച് നടപടികളുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ ശിശുക്ഷേമ സമതിക്ക് യാതൊരു പ്രയാസവുമില്ലായിരുന്നു. എന്നിട്ടും കുട്ടിയെ നാടുകടത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്നത്. 

നമ്മുടെ കയ്യിൽ നിന്നും ഒരു വസ്തു തട്ടിപ്പറിച്ചെടുത്തിട്ട് അത് കൊടുത്തുപോയി ഇനി നിങ്ങൾക്ക് അധികാരമില്ല എന്നു പറഞ്ഞാൽ എങ്ങനെയുണ്ടാകും. അതൊരു കുഞ്ഞിന്റെ കാര്യത്തിലാകുമ്പോൾ എത്രമാത്രം വൈകാരികമാണ്. അനുപമ എന്ന പെൺകുട്ടി അനുഭവിച്ച പീഡനങ്ങളും മാനസികസംഘർഷവും പുറംലോകത്തിന് മനസിലാകില്ല. ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത് ഏഴാം മാസമാണ്. ആ ഏഴാം മസത്തിൽ കുഞ്ഞിനെ ഇല്ലാതാക്കാനായിട്ടാണ് മലപ്പുറത്തേക്ക് അനുപമയെ കൂട്ടിക്കൊണ്ടുപോകുന്നത്. പ്രസവശേഷം തൊടുപുഴയിൽ അവരുടെ ഒരു വീട്ടിൽ ഈ കുട്ടിയെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. അവിടെ നിന്നാണ് അനുപമ ചാടി പോരുന്നത്. മകളെ കാണാനില്ല എന്ന് കാണിച്ച് ജയചന്ദ്രൻ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തുകൊണ്ട് അനുപമ നേരത്തെ വന്നില്ല എന്ന് ചോദിക്കുന്നവർക്ക് തൊടുപുഴയിൽ ഹൗസ് അറസ്റ്റിലായ പെൺകുട്ടിയുടെ അവസ്ഥ മനസിലാകില്ല. ക്രൂരപീഡനങ്ങൾ ഏറ്റിട്ടും കുഞ്ഞിനെ വിട്ടുകളയില്ല എന്ന അനുപമയുടെ നിശ്ചദാർഢ്യമാണ് വിജയിച്ചത്. 

അവിടുന്ന് രക്ഷപ്പെട്ട നാൾ മുതൽ കുഞ്ഞിന് വേണ്ടി അനുപമ അലയുകയായിരുന്നു. എല്ലാ ഭാഗത്ത് നിന്നും അവഗണന മാത്രമാണ് നേരിട്ടത്. അവരുടെ പശ്ചാത്തലം എന്ത് തന്നെ ആയിക്കോട്ടെ ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ വേണം എന്നു പറഞ്ഞാൽ അതിനപ്പുറത്തേക്ക് എന്താണുള്ളത്. അനുപമയ്ക്ക് കുട്ടിയെ കിട്ടിയ ശേഷവും ആ കുഞ്ഞ് ആന്ധ്രാദമ്പതികളുടെ കയ്യിലായിരുന്നെങ്കിൽ രാജകുമാരനായി വളർന്നേനേം എന്നൊക്കെ പറയുന്നവരോട് മര്യാദക്ക് അവരുടെ കുട്ടികളെ നോക്കൂ എന്നേ എനിക്ക് പറയാൻ സാധിക്കൂ. 

അനുപമയുടെ സമരം മാധ്യമങ്ങൾ ഏറ്റെടുത്ത് ചർച്ചയായതോടെയാണ് സർക്കാരിന് മൗനം വെടിയേണ്ടി വന്നത്. മന്ത്രി വീണ ജോർജിന്റെ ഇടപെടലുകൾ കേസിനെ സഹായിച്ചിട്ടുണ്ട്. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടും എന്നൊരു നിലപാട് എടുക്കാൻ മന്ത്രി തയാറായി. പക്ഷെ മുഖ്യമന്ത്രിയുടെ മൗനത്തിൽ ദുഖമുണ്ട്. പാർട്ടിയുടെ ഉന്നതർ ഉൾപ്പെട്ട കേസായത് കൊണ്ടാകാം അദ്ദേഹം മൗനം അവലംബിച്ചത്. എന്നാൽ പോലും കുഞ്ഞിനെ തിരികെ എത്തിക്കാം എന്നൊരു വാക്ക് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നുണ്ട്.

കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളോട് സഹതാപം മാത്രമേയുള്ളൂ. ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത് പോലും ഏറെ പ്രയത്നിച്ച ശേഷമായിരിക്കും. അതിന് ശേഷമുള്ള കാത്തിരിപ്പെല്ലാം കഴിഞ്ഞ് കുഞ്ഞിനെ നിയമപരമായി കയ്യിലേക്ക് കിട്ടും എന്നുറപ്പിച്ച നിമിഷമാണ് അവർക്ക് കൈവിട്ടുപോകുന്നത്. അവർക്ക് ആ വേദന നൽകിയ ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥർ ഓരോരുത്തരും ശിക്ഷാർഹരാണ്. അവരെ ആ സ്ഥാനത്ത് നിന്ന് മാറ്റുകയാണ് വേണ്ടത്. എന്നാൽ മാത്രമേ ഇനിയെങ്കിലും ഒരു കുഞ്ഞിനെ ദത്ത് നൽകുന്നതിന് മുൻപ് കൃത്യമായ പൊലീസ് അന്വേഷണങ്ങളൊക്കെ നടത്തി നടപടി സുതാര്യമാകുകയുള്ളൂ, അല്ലാത്ത പക്ഷം ഇനിയും അറിയപ്പെടാത്ത ഒരുപാട് കുട്ടിക്കടത്തുകൾ ഇവിടെ നടക്കും– ആശ ഉണ്ണിത്താൻ പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE