വിദേശയാത്രകളുടെ വിജയന് മടക്കമില്ലാത്ത യാത്ര; ഭാര്യയ്ക്കൊപ്പം സന്ദർശിച്ചത് 26 രാജ്യങ്ങൾ

vijayan-traveller
SHARE

കൊച്ചി: ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം ചുറ്റിയ ഗാന്ധിനഗർ ‘ശ്രീ ബാലാജി കോഫി ഹൗസ്’ ഉടമ കെ.ആർ.വിജയൻ (71) ഹൃദയാഘാതം മൂലം അന്തരിച്ചു. ഗാന്ധിനഗർ ഇഡബ്ല്യുഎസ് കോളനിയിലെ താമസക്കാരായ വിജയനും ഭാര്യ മോഹനയും 14 വർഷം കൊണ്ടു 26 രാജ്യങ്ങൾ സന്ദർശിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

കാൻസർ ബാധിതനാണെന്നറിഞ്ഞതിനു ശേഷം കഴിഞ്ഞ മാസം റഷ്യയിലേക്കു നടത്തിയ യാത്രയായിരുന്നു അവസാനത്തേത്. ഇതിനു മുൻപു മന്ത്രി മുഹമ്മദ് റിയാസ് ഇവരെ സന്ദർശിക്കുകയും യാത്രാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ടൂറിസം രംഗത്തു വരുത്തേണ്ട മാറ്റങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ കൊണ്ടും തങ്ങളെക്കുറിച്ചു വന്ന വാർത്തകൾ കൊണ്ടും സമ്പന്നമായിരുന്നു ‘ബാലാജി കോഫി ഹൗസ്’. കടയിൽ നിന്നുള്ള വരുമാനത്തിൽ ഒരു പങ്ക് മാറ്റിവയ്ക്കുന്നതിനു പുറമേ അധികം വേണ്ട തുക ചിട്ടി പിടിച്ചും ബാങ്കുകളിൽ നിന്നു വായ്പയെടുത്തുമാണു വിദേശ യാത്രകൾക്കു പണം കണ്ടെത്തിയിരുന്നത്. രാജ്യാന്തര വ്ലോഗർ ഡ്ര്യൂ ബിൻസ്കിയിൽ നിന്ന് ഇവരുടെ യാത്രകളെക്കുറിച്ച് അറിഞ്ഞ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇവരുടെ ഓസ്ട്രേലിയ–ന്യൂസീലൻഡ് സന്ദർശനം സ്പോൺസർ ചെയ്തിരുന്നു. 2014ൽ യുഎസ് യാത്രയ്ക്കു സഹായിച്ചവരിൽ നടന്മാരായ അമിതാഭ് ബച്ചനും അനുപം ഖേറുമുണ്ട്.

രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ദമ്പതികളുടെ ആദ്യകാല യാത്രകൾ. പിന്നീടു യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ കണ്ടു. ജപ്പാൻ സന്ദർശിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണു വിജയൻ യാത്രയായത്.

ഗാന്ധിനഗറിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നാനാ തുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം പിന്നീട് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: ശശികല വി.പ്രഭു, ഉഷ വി.പ്രഭു. മരുമക്കൾ: ജയറാം പി.പൈ, മുരളീധര പൈ.

MORE IN SPOTLIGHT
SHOW MORE