കുറുപ്പിന്റെ കേസ് ഡയറിയിൽ ജീവിച്ചിരിപ്പില്ല എന്ന് എഴുതിയത് ഞാൻ, അടഞ്ഞ അധ്യായം: ജോർജ് ജോസഫ്

george-joseph-sp
SHARE

കേരളപൊലീസിന്റെ മോസ്റ്റ്‌വാണ്ടട്ട് ലിസിറ്റിലെ ഹോട്ട്നെയിമാണ് സുകുമാരക്കുറുപ്പ്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമ ഇറങ്ങിയതോടെ വീണ്ടും സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും സജീവമായി. സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളും ചൂടുപിടിക്കുന്നുണ്ട്. അത്തരമൊരു പ്രചരണത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് സുകാരകുറുപ്പിന്റെ കേസ് അന്വേഷണത്തിൽ പങ്കാളിയായ റിട്ട.എസ്.പി ജോർജ് ജോസഫ് മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു

സുകുമാരകുറുപ്പിന്റേത് കേരളപൊലീസ് അടച്ച അധ്യായമാണ്. 1992ൽ കുറുപ്പിന്റെ കേസ് ഡയറിയിൽ 'നോ മോർ' എന്നെഴുതി അവസാനിപ്പിച്ചത് ഞാനാണ്. കുറുപ്പിന്റെ മൃതദേഹം കേരളപൊലീസിന് ലഭിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത.. എന്നാൽ മറ്റെല്ലാ തെളിവുകളും കുറുപ്പ് മരിച്ചു എന്ന വസ്തുത അംഗീകരിക്കാൻ ഉതകുന്നതാണ്- അദ്ദേഹം പറഞ്ഞു.

ഒരാളെപ്പോലെ 7 പേരുണ്ടെന്നാണ് പറയുന്നത്, എന്നാൽ കുറുപ്പിനെപ്പോലെ എന്നുപറഞ്ഞ് പൊലീസ് 50 ഓളം പേരെ വേരിഫൈ ചെയ്തിട്ടുണ്ട്. കേസ് കത്തിനിന്ന കാലത്ത് കുറുപ്പ് അവിടെയുണ്ട്, ഇവിടെയുണ്ട്, അവിടെ കണ്ടു, ഇവിടെ കണ്ടു എന്നെല്ലാം പറഞ്ഞ് ഒരുപാട് കത്തുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അത്തരത്തിലൊരു കത്താണ് സുകുമാരകുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനും കാരണമായത്. 1989 നവംബറിൽ ധൻബാദിൽ നിന്നുള്ള ഒരു മലയാളി നഴ്സിന്റെ കത്ത് പൊലീസിന് ലഭിച്ചു. അവർ ജോലി ചെയ്യുന്ന ബൊക്കാറോ സ്റ്റീൽപ്ലാന്റ് ആശുപത്രിയിൽ സുകുമാരകുറുപ്പ് ചികിത്സതേടിയെന്നായിരുന്നു വിവരം. കത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എം.ഹരിദാസ്, എസ്.പി.എംപി ബാലകൃഷ്ണൻ, സി.ഐ.എൻ. ഗോവിന്ദൻകുട്ടി എന്നിവരോടൊപ്പം അസിസ്റ്റന്റായി ഞാനും പോയിരുന്നു. 

 കടുത്ത ഹൃദ്രോഗത്തിനാണ് കുറുപ്പ് ചികിത്സ തേടിയത്. പി.ജെ. ജോഷി എന്ന പേരും പുനൈയിലെ മേൽവിലാസവുമാണ് നൽകിയത്. അവിടെ ജോലി ചെയ്തിരുന്ന ചെറിയനാട് സ്വദേശിയായ നഴ്സ് വന്ന വ്യക്തി സുകുമാരകുറുപ്പാണെന്ന് തിരിച്ചറിഞ്ഞു. കാഷായവേഷമാണ് ധരിച്ചിരുന്നത്. പക്ഷെ ഞങ്ങൾ എത്തുമ്പോഴേക്കും കുറുപ്പ് അവിടെ നിന്നും കടന്നുകളഞ്ഞു. ഏതെല്ലാം ആശുപത്രിയിൽ പോയിട്ടുണ്ടോ അവിടുന്നെല്ലാം മെഡിക്കൽ റെക്കോർഡ്സും കൈക്കലാക്കിയാണ് കുറുപ്പ് മുങ്ങുന്നത്. ഇവിടെയും അതുതന്നെ സംഭവിച്ചു.

എന്നാൽ ഡോക്ടർമാർ പറയുന്നതനുസരിച്ച് 24 മണിക്കുറൂനപ്പുറം കുറുപ്പ് ജീവിച്ചിരിക്കില്ല. അത്രയ്ക്കും അവശനായിരുന്നു. രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചതാണ്. എല്ലാവരും ഒരേപോലെ ശസ്ത്രക്രിയ നിർദേശിച്ചിട്ടും ചെയ്യാതെയിരുന്നത് ആശുപത്രിയിൽ കിടക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ്. ആരോഗ്യസ്ഥിതി അത്രയും മോശമായ ഒരാൾക്ക് ഇത്രയും കാലം ജീവിച്ചിരിക്കാനാകില്ല. കുറുപ്പ് ചികിത്സ തേടിയതെല്ലാം ജില്ല ആശുപത്രികളിലാണ്. വടക്കേ ഇന്ത്യയിലെ മിക്ക ജില്ലാ ആശുപത്രികളിലും ഹൃദ്രോഗവിദഗ്ധരുണ്ട്. ഈ ആശുപത്രികളെല്ലാം റെയിൽവേസ്റ്റേഷന് സമീപത്തുമാണ്. യാത്രൗസൗകര്യം കൂടി പരിഗണിച്ചാണ് ജില്ല ആശുപത്രി തിരഞ്ഞെടുക്കുന്നത്.

വഴിയിലെവിടെയെങ്കിലും വീണ് കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

കുറുപ്പിനെ ഒരിക്കൽ കേരളപൊലീസിന്റെ കയ്യിൽ കിട്ടിയതാണ്, ആളെ തിരിച്ചറിയാതിരുന്നത് കൊണ്ട് രക്ഷപെട്ടു എന്നൊക്കെ പറയുന്നത് മണ്ടത്തരങ്ങളാണ്. കുറുപ്പിന്റെ പണിതീരാത്ത വീട്ടിന് സമീപത്ത് നിന്നും സന്യാസിവേഷത്തിൽ കണ്ടെത്തിയെന്ന് അലക്സാണ്ടർ ജേക്കബ് പറയുന്നത് ശരിയല്ല. ആ വാദത്തിന് അടിസ്ഥാനമില്ല. 

കുറുപ്പിനെ അന്വേഷിക്കാനെന്ന് പറഞ്ഞ് പലരും ഇപ്പോഴും വിദേശയാത്രകളൊക്കെ നടത്താറുണ്ട്. അതിലൊന്നും കഴമ്പില്ല. പൊലീസ് അടച്ച അധ്യായമാണ് കുറുപ്പ്. ഇനിയൊരു പുനരന്വേഷണത്തിനുള്ള സാധ്യതയൊന്നും എനിക്ക് തോന്നുന്നില്ല. കുറുപ്പിന്റെ വീട്ടുകാരും ബന്ധുക്കളുമൊന്നും പൊലീസ് നിരീക്ഷണത്തിൽ അല്ല.–ജോർജ് ജോസഫ് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE