കരയിലെ ഏറ്റവും വിഷമുള്ള പാമ്പ്; വാസം മൺകട്ടകൾക്കിടയിൽ; ഇന്‍ലന്‍ഡ് തായ്പൻ

വ്യത്യസ്ത ഇനങ്ങളായ പാമ്പുകൾ ഇന്ന് ഭൂമുഖത്തുണ്ട്. ചിലത് നിരുപദ്രവകാരികളാണെങ്കിൽ മറ്റു ചിലത് അതീവ അപകടകാരികളാണ്. ആ വിഭാഗത്തിൽപ്പെടുന്നവയാണ് ഇന്‍ലന്‍ഡ് തായ്പൻ. കരയിൽ ജീവിക്കുന്ന പാമ്പുകളിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ള ഇനം. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും വിജനമായ പ്രദേശമായ കൂബര്‍ പെഡിയിലാണ് ഇവയെ കാണാൻ കഴിയുക. 

ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഈ സമതലം അറിയപ്പെടുന്നത് മൂണ്‍ പ്ലെയിന്‍ അഥവാ ചാന്ദ്ര സമതലം എന്നാണ്. ഈ പ്രദേശത്തിനു കാഴ്ചയില്‍ ഒരു അന്യഗ്രത്തിന്‍റെ ഛായയുള്ളതിനാലാണ് ഈ പേരു നല്‍കിയിരിക്കുന്നത്. ഈ സമതലത്തിലെ വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയിലാണ് ഇന്‍ലന്‍ഡ് തായ്പനുകളുടെ വാസം. വിഷത്തിന്‍റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും ഇന്‍ലന്‍ഡ് തായ്പനുകള്‍ പൊതുവെ ആരെയും ആക്രമിക്കാറില്ല. 

മനുഷ്യവാസമില്ലാത്ത പ്രദേശത്താണ് ഇവ കൂടുതലും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ആവാസ മേഖലയില്‍ വച്ച് മനുഷ്യര്‍ക്കിതുവരെ കടിയേറ്റിട്ടില്ല. കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും ഇവയുടെ എണ്ണം ഇപ്പോഴും ആരോഗ്യകരമായ നിലയിലാണെന്നു ജന്തുശാസ്ത്രജ്ഞര്‍ പറയുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലും മറ്റും അതിനാല്‍ തന്നെ ഇന്‍ലന്‍ഡ് തായ്പനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയുടെ ആവാസമേഖല മനുഷ്യന് ഉപയോഗ ശൂന്യമായതിനാല്‍ മനുഷ്യരില്‍ നിന്നുള്ള ഭീഷണിയും ഇവക്ക് നേരിടേണ്ടി വന്നിട്ടില്ല.