സ്വപ്നം കണ്ട റഷ്യയിലും പോയി; മോഹന തനിച്ചായി; വിജയന്റെ അവസാനയാത്ര

vijayan-mohana
SHARE

ഈ ലോകം മുഴവൻ ചുറ്റിക്കാണാൻ അതി സമ്പന്നൻ ഒന്നുമാകേണ്ട എന്ന് തെളിയിച്ചവരാണ് വിജയൻ– മോഹന ദമ്പതികൾ. ഭാര്യയുടെ തോളിൽ കയ്യിട്ട് വിജയൻ ലോകം കണ്ടു. ഇപ്പോൾ ജീവിതയാത്രയിൽ മോഹനയെ തനിച്ചാക്കി വിജയൻ മടങ്ങുമ്പോൾ അവരെ അറിഞ്ഞ എല്ലാ മലയാളികൾക്കും അത് വേദനയാകുന്നു. ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് വിദേശ യാത്രകൾ നടത്തിയാണ് ഈ ദമ്പതികൾ ശ്രദ്ധേയരാകുന്നത്. കൊച്ചി കടവന്ത്രയിൽ ശ്രീബാലാജി കോഫി ഹൗസ് എന്ന ചായക്കടയുടെ ഉടമയാണ് വിജയൻ. ഏറ്റവുമൊടുവിൽ റഷ്യൻ യാത്രയാണ് ഇവർ നടത്തിയത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് വിജയന്‍റെ അപ്രതീക്ഷിത വിയോഗം. 

സിംഗപ്പൂർ, മലേഷ്യ, യുഎസ്എ, സ്വിറ്റസർലൻഡ്, ഓസ്ട്രേലിയ അടക്കം  25–ലധികം രാജ്യങ്ങളാണ് മോഹനയെയും കൂട്ടി വിജയേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിജയൻ ചുറ്റി കണ്ടത്. വി‍ജയന് യാത്ര ചെയ്യാനുള്ള ആഗ്രഹം ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. അച്ഛനോടൊപ്പം നിരവധിയിടങ്ങൾ സന്ദർശിച്ചു. തുച്ഛമായ തുകകൾ കൂട്ടിവെച്ച് ഒരു സാധാരണക്കാരന് സ്വപ്നം കാണാൻ കഴിയാത്ത അത്ര ദൂരം ഇവർ യാത്ര ചെയ്തു. ഓസ്ട്രേലിയയിൽ പോയി മടങ്ങിയപ്പോഴാണ് റഷ്യൻ യാത്ര സ്വപ്നമായത്. 

ഉലക സഞ്ചാരികളായ ഈ ദമ്പതികളെ അറിയാത്ത യാത്രാപ്രേമികൾ ഉണ്ടാകില്ല. ഈ കാലത്തിനിടെ അവർ 26 രാജ്യങ്ങൾ സന്ദർശിച്ചു. എങ്കിലും തങ്ങൾക്ക് ഏറെയിഷ്ടം കേരളം തന്നെയാണെന്ന് അവർ പറഞ്ഞു. ബാങ്കിൽനിന്നു ലോൺ എടുത്തും സ്വർണം പണയം വച്ചും വീടിന്റെ ആധാരംപണയത്തിലാക്കിയുമൊക്കെ ആയിരുന്നു അവരുടെ യാത്രകൾ. ലോകം കാണാൻ ഉള്ളതാണ്, അത് കണ്ടു തന്നെ അറിയണം എന്നായിരുന്നു വിജയന്റെ നിലപാട്.വിജയനെയും മോഹനയെയും പറ്റി കേട്ടറിഞ്ഞെത്തിയ ദേശീയ മാധ്യമങ്ങളടക്കമുള്ളവർ അവരുടെ യാത്രാപ്രേമം വാർത്തയാക്കി ലോകംമുഴുവൻ അറിയിച്ചു. 

അപ്പോഴും തോളിൽ കയ്യുമിട്ടു ഭാര്യയെയും ചേർത്തുപിടിച്ചു വിജയൻ യാത്രയിലായിരുന്നു. വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിൻസ്‌കി എന്ന വിഖ്യാത ട്രാവൽ ബ്ലോഗറും കൊച്ചിയിലെ തെരുവിൽ, ശ്രീ ബാലാജി കോഫി ഹൗസിലെത്തി, യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞു, ലോകത്തിനുമുമ്പിൽ പങ്കുവച്ചു.

MORE IN SPOTLIGHT
SHOW MORE