'എന്റെ കുഞ്ഞിനെ കൊന്നു; ക്ഷേത്രങ്ങൾ കയറിയിറങ്ങി; കുറ്റബോധമില്ല'; ജീവിതം പറഞ്ഞ് മോഡൽ

model-baby
SHARE

ഗർഭച്ഛിദ്രത്തെ കുറിച്ച് തുറന്നെഴുതുകയാണ് പ്രശസ്ത മോഡൽ നിന്‍ജ സിങ്. അമ്മയാകാൻ മാനസികമായി തയ്യാറാകാതിരുന്ന കാലത്ത് കുഞ്ഞിനു ജന്മം നല്‍കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നും നിന്‍ജ പറഞ്ഞു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് നിൻജ സിങ് തന്റെ ജീവിത കഥ പറയുന്നത്. പ്രൊഫഷനില്‍ തിളങ്ങുന്നതിനു മുൻപായിരുന്നു നിൻജയുടെ തീരുമാനം. പ്രണയിച്ച പുരുഷനിൽ നിന്നും 22–ാമത്തെ വയസ്സില്‍ ഗർഭിണിയായതിനെ കുറിച്ചും, അത് അയാളുടെ കുഞ്ഞാണെന്ന് തെളിയിക്കാൻ കാമുകൻ ആവശ്യപ്പെട്ടതിനെ കുറിച്ചും നിൻജ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കടുത്ത മാനസിക സമ്മർദങ്ങളിലൂടെ കടന്നു പോയ ശേഷം അമ്മയാകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നും നിൻജ വെളിപ്പെടുത്തുന്നു. 

ഹ്യുമൻസ് ഓഫ് ബോംബെയിൽ നിൻജ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘22 വയസ്സുള്ളപ്പോൾ എന്റെ കാമുകനിൽ നിന്നും ഞാൻ ഗർഭിണിയായി. എന്നാൽ അവന് ആ കുഞ്ഞിനെ ആവശ്യമുണ്ടായിരുന്നില്ല. ഒരു അമ്മയാകാൻ മാനസികമായി ഞാനുംതയ്യാറായിരുന്നില്ല. എങ്കിലും പ്രണയിച്ച പുരുഷന്റെ പിന്തുണയും കരുതലും ആ സമയത്ത് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവന്റെ നിലപാട് എന്നെ തകർത്തു. കുഞ്ഞ് അയാളുടെതാണെന്ന് ഞാൻ തെളിയിക്കണം എന്നായിരുന്നു അയാളുടെ ആവശ്യം. 

കുടുംബത്തിൽ  എന്തുപറയുമെന്ന് ആലോചിച്ച് ഞാനാകെ ഭയന്നു. അടുത്ത സുഹൃത്തിനെ കാര്യം അറിയിക്കുകയും ഗർഭച്ഛിദ്രത്തിനായി ക്ലിനിക്കിൽ പോകുകയും ചെയ്തു. അന്ന് 7 ആഴ്ച ഗർഭിണിയായിരുന്നു ഞാന്‍. ഗർഭച്ഛിദ്രം ക്രൂരകൃത്യമാണെന്ന തരത്തിലുള്ള ഡോക്ടറുടെ വാക്കുകളും എന്നെ വേദനിപ്പിച്ചു. ഗർഭച്ഛിദ്രത്തെ കുറിച്ച് ഡോക്ടർ പറഞ്ഞത് ഇങ്ങനെയാണ്. ‘നിനക്ക് മാലിന്യമെന്നു തോന്നുന്ന നിന്റെ ശരീരത്തിലെ ഭാഗം ഞാൻ നീക്കം ചെയ്യുന്നു.’– അവരുടെ ആ വാക്കുകൾ എന്നെ കൂടുതൽ വേദനിപ്പിച്ചു. 

ശസ്ത്രക്രിയയിലൂടെയായിരുന്നു ഗര്‍ഭച്ഛിദ്രം നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ഞാ‍ന്‍ എന്റെ അടുത്ത സുഹൃത്തിന്റെ കൂടെയായിരുന്നു താമസം. നാലു ദിവസത്തോളം എനിക്ക് ബ്ലീഡിങ് ഉണ്ടായി. എന്നാൽ ഈ കാലയളവിൽ എന്റെ കാമുകന്‍ എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പക്ഷേ, കുഞ്ഞിനെ ഇല്ലാതാക്കിയതിന്റെ കുറ്റബോധം എനിക്കുണ്ടായിരുന്നു. ചെയ്ത തെറ്റിനു ദൈവത്തോട് മാപ്പ് അപേക്ഷിച്ചു കൊണ്ട് പ്രാർഥനകളുമായി ഞാൻ ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങി.ഒരു കൊലപാതകിയെ പോലെ. ഞാൻ എന്നെതന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. ‘നീ നിന്റെ കുഞ്ഞിനെ കൊന്നു’ എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു. 

വീട്ടില്‍ ആർക്കും ഇക്കാര്യം അറിഞ്ഞിരുന്നില്ല. മെന്റൽ ട്രോമയിലേക്ക് ഞാൻ വഴുതിവീണു. ജീവിതം നിരർഥകമാണെന്നു തോന്നി തുടങ്ങിയ നിമിഷമായിരുന്നു അത്. പക്ഷേ, എന്റെ തീരുമാനം മികച്ചതായിരുന്നു എന്ന് എപ്പോഴോ ഹൃദയം മന്ത്രിച്ചു.  എനിക്ക് ഒരിക്കലും ഒരു നല്ല അമ്മയാകാൻ സാധിക്കുമായിരുന്നില്ലെന്ന് ബോധ്യപ്പെട്ടു. ഭൂതകാലത്തിൽ ജീവിതം തളച്ചിടരുതെന്ന് ഞാൻ എന്നോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഈ ദുരന്തങ്ങൾക്കു മുൻപ് എങ്ങനെയായിരുന്നോ അതിലേക്ക് തിരിച്ചു പോകാൻ ശ്രമിച്ചു. ഫാഷൻ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ജോലിയിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. വിദേശത്തേക്കു പോയി അവിടെയും മോഡലിങ്ങിൽ തിളങ്ങാൻ സാധിച്ചു. സ്വന്തമായി മോഡലിങ് ഏജൻസിയും ജിമ്മും തുടങ്ങി. 

അഞ്ച് വർഷങ്ങൾക്കു ശേഷം ഗർഭച്ഛിദ്രം നടത്തിയ വിവരം ഞാൻ വീട്ടുകാരെ അറിയിച്ചു. ആദ്യം അവർക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല. എന്നാൽ പിന്നീട് ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് അവർ എന്നോട് പറഞ്ഞു. ഇക്കാര്യം പുറത്തറിഞ്ഞാൽ വിവാഹം നടക്കില്ലെന്നും നല്ലഭാവിയെ കരുതി പുറത്തു പറയരുതെന്നും വീട്ടുകാർ ഉപദേശിച്ചു. എന്നാൽ ഇത് മറച്ചുവയ്ക്കാൻ എന്തുകൊണ്ടോ എന്റെ മനസ്സ് അനുവദിച്ചില്ല. പക്ഷേ, ബിസിനസിൽ ഞാൻ കൂടുതൽ ശ്രദ്ധ േകന്ദ്രീകരിച്ചു. ഏഴു വർഷങ്ങൾക്കു ശേഷം ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഏജൻസികളിൽ ഒന്നായി എന്റെ കമ്പനി മാറി. ഇരുണ്ട നിറമുള്ളവരെ ഫാഷൻ രംഗത്തേക്ക് കൊണ്ടുവരുന്നതിലാണ് ഞങ്ങളുടെ കമ്പനി കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. സമൂഹത്തിൽ പലകാരണങ്ങളാൽ പിന്നോട്ടു പോകുന്നവരെ മുൻനിരയിലേക്കു കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇപ്പോഴും എന്റെ ജോലി തുടരുകയാണ്. അന്ന് ഗർഭച്ഛിദ്രം നടത്തിയതിൽ ഇപ്പോഴെനിക്ക് പശ്ചാത്താപമില്ല. അമ്മയാകാൻ തയ്യാറാകാത്ത കാലത്തോളം അത് വളരെ ലളിതമാണ്. ഇക്കാര്യത്തിൽ മറ്റാരുടെയും അഭിപ്രായം എനിക്ക് ആവശ്യമില്ല.’– നിൻജ കുറിക്കുന്നു.

MORE IN SPOTLIGHT
SHOW MORE