‘അണ്ണാ, തുണയ്ക്കണം’; മുല്ലപ്പെരിയാറിനായി വിജയ്, രജനി പേജുകളിലും മലയാളി ശബ്ദം

vijay-rajini-mullaperiyar
SHARE

മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിൽ നടക്കുന്ന ക്യാംപെയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പൃഥ്വിരാജ് അടങ്ങുന്ന യുവതാരങ്ങൾ ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ഇതോടെ കേരളത്തിൽ വലിയ ആരാധകക്കൂട്ടമുള്ള തമിഴ് താരങ്ങളുടെ കൂടി പിന്തുണ തേടുകയാണ് മലയാളി. രജനികാന്ത്, കമൽഹാസൻ, വിജയ് തുടങ്ങിയവരുടെ ഔദ്യോഗിക പേജിന് താഴെയും മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആശങ്ക നിറയുകയാണ്. വിജയ്​യുടെ പേജിന് താഴെ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. 

ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേജിന് താഴെയും ഹാഷ്ടാഗുകൾ നിറഞ്ഞിരുന്നു. #DecommisionMullaperiyarDam, #savemullaperiyar, #SaveKerala എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിലും മുന്നിലാണ്. സ്റ്റാലിന് ഏറെ ആരാധകരുള്ള കേരളത്തിൽനിന്നുള്ള ഈ ആവശ്യം സർക്കാർ പരിഗണിക്കണം എന്നാണ് പറയുന്നത്. തമിഴ്നാടിന് വെള്ളം തരാൻ മടിയില്ലെന്നും പക്ഷേ, അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമിക്കുന്നതിനെ ഏതിർക്കരുതെന്നും കമന്റുകളുണ്ട്. 

ഇതിനോടകം വലിയ ക്യാംപെയിനാണ് മുല്ലപ്പെരിയാറിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നുണ്ട്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയർത്താനായി ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ കേരളം തടസം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിർദേശം. 

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കിൽ മാറ്റമില്ല. 57 ലക്ഷം ലീറ്റർ വെള്ളം ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് സെക്കൻഡിൽ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. 4 പെൻസ്റ്റോക്ക് പൈപ്പുകൾ വഴി 1800 ഘനയടിയും 400 ഘനയടി ഇറച്ചിപ്പാലം വഴിയുമാണു കൊണ്ടുപോകുന്നത്. അടിയന്തിര സാഹചര്യമുണ്ടായാൽ 300 ഘനയടി വെള്ളം കൂടിയേ തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയൂ. ഇതിൽ കൂടുതൽ വെള്ളം അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കണമെങ്കിൽ സ്പിൽവേയിലെ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...