ആപ്പിൾ തോട്ടങ്ങളുടെ ഹിമാചൽ; വിളവെടുപ്പ്: വിഡിയോ

apple-25
SHARE

ആപ്പിളിന്റെ സ്വന്തം നാടെന്നാണ് ഹിമാചല്‍ അറിയപ്പെടുന്നത്. ഷിംലയിലെ താനേദാര്‍ ജില്ലയില്‍ നിന്നാണ് ആപ്പിളിന്റെ ഈ ചരിത്രം തുടങ്ങുന്നത്. ബ്രിട്ടീഷുകാര്‍ക്കൊപ്പമെത്തിയ ആപ്പിള്‍ വിത്തുകള്‍ ഹിമവാന്റെ താഴ്​വാരങ്ങളിൽ മുളച്ച് വേരുകളാഴ്ത്തി വളർന്ന് മധുരമൂറുന്ന ആപ്പിളുകള്‍ പൊഴിച്ചു തുടങ്ങി. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആപ്പിള്‍ എത്തുന്നത് പ്രധാനമായും ഹിമാചലില്‍ നിന്നാണ്. സമുദ്ര നിരപ്പില്‍ നിന്ന് 7000 അടി ഉയരെയുള്ള മണാലിയിലെ ആപ്പിൾതോട്ടം പ്രസിദ്ധമാണ്.

ഇലപൊഴിയും മരമാണ് ആപ്പിള്‍. മഞ്ഞൊഴിയാന്‍ തുടങ്ങുന്ന മാര്‍ച്ചില്‍ കര്‍ഷകര്‍ ആപ്പിള്‍ മരങ്ങളുടെ ചില്ലക്കമ്പുകള്‍ വെട്ടിയൊതുക്കി തുടങ്ങും. പിന്നാലെ പൂക്കളും തളിരിലകളും വരും, മെല്ലെ ആപ്പിള്‍ കായകള്‍ തലനീട്ടും. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ സീസണ്‍ നീളുമെന്ന് കര്‍ഷകര്‍ പറയുന്നു. വിളവ് നല്ലതാണെങ്കില്‍ നാല് കോടി ബോക്സ് ആപ്പിളുകള്‍ ഹിമാചലില്‍ നിന്ന് മറുനാടുകളിലേക്ക് കടക്കും. ഓരോ ബോക്സിലും 20 കിലോ വീതമുണ്ടാകും. 

ഗോള്‍ഡന്‍ ആപ്പിള്‍, റോയല്‍, ഗ്രീന്‍ ആപ്പിള്‍, ഇറ്റാലിയന്‍ എന്ന് തുടങ്ങി ഇത്തിരി കുഞ്ഞന്‍ ആപ്പിളുകള്‍ വരെ ഇവിടെ വിളയുന്നു. മധുരവും നൂറുമുള്ള ആപ്പിളുകളാണ് ഹിമാചലിലേത്. പഴങ്ങളായി കയറ്റി അയയ്ക്കുന്നതിന് പുറമേ ആപ്പിള്‍ സിഡര്‍ വിനേഗറും, ജാമും, മറ്റ് ശീതളപാനീയങ്ങളും ആപ്പിളില്‍ നിന്നും ഇവര്‍ ഉത്പാദിപ്പിക്കുന്നു. ഇതിനെല്ലാം പുറമേ ആപ്പിള്‍ ഉണക്കി സൂക്ഷിക്കാറുമുണ്ട്. മഞ്ഞ് വീണ് തുടങ്ങുകയാണ് ഹിമാചലിൽ. വിളവെടുപ്പ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ചില്ലകൾ വെട്ടിയൊരുക്കി ആപ്പിൾ മരങ്ങൾ ഇനി കാത്തിരിക്കും. അടുത്ത കാലത്തിനായി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...