'വീടിന്റെ ആധാരം എന്റെ പേരിലാണെന്ന് വരെ കഥയിറങ്ങി'; വേദന പറഞ്ഞ് സീമ ജി നായർ

seema-22
SHARE

അന്തരിച്ച നടി ശരണ്യയുടെ വീടിന്റെ ആധാരം തന്റെ പേരിലാണെന്ന് വരെ കഥകൾ പ്രചരിച്ചിരുന്നതായി തുറന്ന് പറഞ്ഞ് നടി സീമ ജി നായർ. പ്രഥമ മദർ തെരേസ പുരസ്കാരം ഏറ്റുവാങ്ങിയാണ് താൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തെ കുറിച്ചും ഇല്ലാക്കഥകളെ കുറിച്ചും അവർ വേദനയോടെ തുറന്ന് പറഞ്ഞത്. ഒക്ടോബർ രണ്ടിന് നടത്താൻ തീരുമാനിച്ചിരുന്ന പുരസ്കാരദാന ചടങ്ങ് ശരണ്യയുടെ വിയോഗത്തിന്റെ 41–ാം ദിവസം ഏറ്റുവാങ്ങാനായതിലെ യാദൃശ്ചികതയും അവർ പങ്കുവച്ചു.

സീമ ജി. നായരുടെ വാക്കുകൾ: ഇന്ന് സെപ്റ്റംബര്‍ 21, ഏറ്റവും കൂടുതല്‍ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവും. ശരണ്യ ഞങ്ങളെ വിട്ടു പോയിട്ടു 41 ദിവസം ആകുന്നു.. ഇതേ ദിവസം തന്നെ എനിക്ക് ദു:ഖിതരും അശരണരുമായ സഹജീവികള്‍ക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ (അമ്മയുടെ) നാമധേയത്തില്‍ കൊടുക്കുന്ന പ്രഥമ പുരസ്‌കാരം കിട്ടുന്ന ദിവസം കൂടിയാണ്. ഇന്നത്തെ ദിവസം തന്നെ ഇത് വന്നത് തികച്ചും യാദൃച്ഛികമാണ്.

‘കല’യുടെ ഭാരവാഹികള്‍ എന്നെ വിളിക്കുമ്പോള്‍ എന്നോട് പറഞ്ഞത് ഒക്ടോബര്‍ 2 ആയിരിക്കും പുരസ്‌കാര ദാന ചടങ്ങ് എന്നാണ്.. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21-ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.. ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ.. ഇത് അവളുടെ അനുഗ്രഹം ആയാണ് എനിക്ക് തോന്നിയത്.. ഞാന്‍ അവളെയും കുടുംബത്തെയും സ്‌നേഹിച്ചതു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു.

ഒരുപാട് കഥകള്‍ യഥേഷ്ടം ഇറങ്ങി, വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരില്‍ ആണെന്ന് വരെ പറഞ്ഞിറക്കി.. സത്യം അവളുടെ കുടുംബത്തിന് അറിയാമല്ലോ.. ഒരുപാട് കാര്യങ്ങളില്‍ വേദനിച്ച എനിക്ക് എന്റെ മകള്‍ തന്ന അനുഗ്രഹമായിരിക്കും ഇത്.. അതുപോലെ തന്നെ മദറിന്റെ അനുഗ്രഹവും.. ഞാന്‍ ചെറിയ ഒരു ദാസിയാണ്.. എന്റെ പരിധിക്കപ്പുറവും നിന്ന് ഞാന്‍ ചെയ്യുന്നുണ്ടു ഓരോന്നും.

കഴിഞ്ഞ ദിവസം ഇത് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് കിട്ടിയ സ്‌നേഹം അത് ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറമാണ്.. എന്റെ തൊഴിലിടത്തില്‍ നിന്നും എനിക്ക് കിട്ടിയ അഭിനന്ദനങ്ങള്‍ മറക്കാന്‍ പറ്റില്ല.. എന്റെ സഹപ്രവര്‍ത്തകര്‍ എന്തിനും കൂടെയുണ്ട് എന്നും പറഞ്ഞു വിളിച്ചപ്പോള്‍ ഇനിയും കുറെ ദൂരം മുന്നോട്ടു പോവാന്‍ ഉണ്ടെന്നു തോന്നുന്നു.. ഈ സ്നേഹവാക്കുകള്‍ക്കു എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.

മാതാ പിതാ ഗുരു ദൈവങ്ങള്‍ ഇതാണ് എന്റെ ശക്തി.. ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ല ചെയ്തതൊന്നും.. ഇപ്പോള്‍ കിട്ടിയ ഈ പുരസ്‌കാരം എന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്.. എന്നെ സ്‌നേഹിച്ച എല്ലാരോടും നന്ദി പറയുന്നതിനോടൊപ്പം ഈ പുരസ്‌കാരം ഞാന്‍ എന്റെ കുട്ടിക്ക് സമര്‍പ്പിക്കുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...